| Monday, 13th February 2023, 12:23 am

നല്ല നിമിഷങ്ങള്‍ ഓര്‍ക്കാതെയാണ് പലരും ബന്ധങ്ങള്‍ വേര്‍പ്പെടുത്തുക; 20 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്: റിതേഷ് ദേശ്മുഖ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

താനും ജനീലിയയും പത്ത് വര്‍ഷം ഡേറ്റ് ചെയ്തിട്ടാണ് വിവാഹം കഴിച്ചതെന്ന് റിതേഷ് ദേശ്മുഖ്. ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് 20 വര്‍ഷമായെന്നും അത് വലിയ കാര്യമാണെന്നും റിതേഷ് പറഞ്ഞു. ബന്ധങ്ങള്‍ ചേര്‍ത്ത് വെക്കേണ്ടത് പ്രധാനമാണെന്നും ചെറിയ പ്രശ്‌നങ്ങള്‍ കാരണം ബന്ധങ്ങള്‍ വേര്‍പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.

എന്തെങ്കിലും ചെറിയ വാക്കുതര്‍ക്കങ്ങളുടെയോ എതിരഭിപ്രായങ്ങളുടെയോ പേരില്‍ പലരും ബന്ധം വേര്‍പ്പെടുത്തുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും തമ്മില്‍ ഒരുമിച്ചുണ്ടായപ്പോഴുള്ള നല്ല നിമിഷങ്ങളെക്കുറിച്ച് അപ്പോള്‍ അവര്‍ ചിന്തിക്കില്ലെന്നും റിതേഷ് പറഞ്ഞു. പിങ്ക്‌വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് റിതേഷ് ദേശ്മുഖ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”പത്ത് വര്‍ഷം ജനീലിയയുമായി ഡേറ്റ് ചെയ്തിട്ടാണ് വിവാഹം കഴിച്ചത്. 20 വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്. 20 വര്‍ഷമെന്നത് വലിയ കാലമാണ്. റിലേഷന്‍ഷിപ്പിനെക്കുറിച്ച് ആളുകള്‍ക്ക് നിര്‍ദേശം നല്‍കാന്‍ എനിക്ക് പറ്റുമെന്ന് ഞാന്‍ കരുതുന്നില്ല.

ആളുകള്‍ എല്ലാം വ്യത്യസ്തമാണ്. എന്റെയും ജനീലിയയുടെയും ബന്ധത്തില്‍ നിന്നുകൊണ്ട് ഞങ്ങള്‍ക്ക് പറയാനുള്ളതായിരിക്കില്ല വേറെ രണ്ട് വ്യക്തികള്‍ക്ക് പറയാനുണ്ടാവുക. ഓരോ വ്യക്തികളും വ്യത്യസ്തരായിരിക്കും. ഒരു ജീവിതവും മറ്റൊരു ജീവിതവും തമ്മില്‍ സാമ്യം വളരെ കുറവായിരിക്കും.

പരസ്പരം സ്‌നേഹിക്കാന്‍ കഴിയുന്ന രണ്ട് വ്യക്തികള്‍ ഒന്നിക്കുക. ഒരുമിച്ചുള്ള ജീവിതം ഒരിക്കലും വിട്ട് പോവാതിരിക്കുക. അത് മുറുകെ പിടിച്ചുവെക്കേണ്ടത് പ്രധാനമാണ്. ബന്ധങ്ങള്‍ ചേര്‍ത്തുവെക്കുന്നതിന് പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് ഞാന്‍.

എന്തെങ്കിലും ചെറിയ വാക്കുതര്‍ക്കങ്ങളുടെയോ എതിരഭിപ്രായങ്ങളുടെയോ പേരില്‍ ആളുകള്‍ ബന്ധം വേര്‍പ്പെടുത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തമ്മില്‍ പരസ്പരം സൃഷ്ടിച്ച നല്ല നിമിഷങ്ങളെക്കുറിച്ചാണ് അപ്പോള്‍ അവര്‍ ചിന്തിക്കേണ്ടത്. എന്നാല്‍ ഇപ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ചാണ് ആ സമയത്ത് നമ്മള്‍ ചിന്തിക്കുക. അതിന് മുമ്പ് സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ആരും ഓര്‍ക്കില്ല.

അവന്‍ എന്റെ പിറന്നാള്‍ മറന്നു, ദേഷ്യപ്പെട്ട് സംസാരിച്ചു, അവള്‍ അത് ചെയ്തില്ല തുടങ്ങിയ തര്‍ക്കങ്ങളാണ് ഉണ്ടാവുക. ഇത്തരം കാര്യങ്ങളാണ് നമുക്ക് ഓര്‍മയുണ്ടാവുക. ഒരുമിച്ച് ഉണ്ടായ ഒരുപാട് നല്ല നിമിഷങ്ങളെക്കുറിച്ച് ഓര്‍ക്കില്ല. ഒരുമിച്ച് ഉണ്ടായ നല്ല നിമിഷങ്ങളെക്കുറിച്ച് ഓര്‍ക്കുക, എന്നിട്ട് ബന്ധങ്ങളെ ചേര്‍ത്ത് വെക്കുക,” റിതേഷ് ദേശ്മുഖ് പറഞ്ഞു.

content highlight: actor Riteish Deshmukh about genilia and his relationship

Latest Stories

We use cookies to give you the best possible experience. Learn more