സിനിമയില്‍ പുതുമുഖങ്ങളായ അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ അഭിനയ ജീവിതത്തിന്റെ ഒരു ഘട്ടം വരെ സംവിധായകന്റെ ഔദാര്യത്തിലാണ് ജീവിക്കുന്നതെന്ന് നടന്‍ രഞ്ജിത് ശേഖര്‍. ദിന്‍ജിത്ത് അയ്യത്താന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എക്കോയിലെ സോമന്‍ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് രഞ്ജിത്. ചിത്രവുമായി ബന്ധപ്പെട്ട് ഇന്‍ഡിവുഡ് എന്ന യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു താരം.
രഞ്ജിത് ശേഖര്‍. Photo: Renjith shekhar/ facebook.com
സംവിധായകരോട് അവസരം ചോദിക്കുന്ന ആളാണോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
‘ തീര്‍ച്ചയായും, ചാന്‍സ് എപ്പോഴും ചോദിക്കാറുണ്ട്. കാരണം എന്റെ പ്രായത്തിലുള്ള അഭിനേതാക്കളോട് ഇറങ്ങി നില്‍ക്കാന്‍ പറഞ്ഞാല്‍ ഏറ്റവും കുറഞ്ഞത് അയ്യായിരത്തോളം പേരെങ്കിലും ഉണ്ടാവും. എക്കോയില്‍ എനിക്ക് കിട്ടിയ വേഷം അതിനെക്കാള്‍ മികച്ചതാക്കി ചെയ്യാന്‍ പറ്റിയ എത്രയോ പേര്‍ ഇവിടെയുണ്ട്. കേരള ക്രൈം ഫയല്‍സ് കണ്ട് അതില്‍ എന്റെ അഭിനയം ഇഷ്ടപ്പെട്ടതു കൊണ്ടാവാം സംവിധായകന്‍ എന്നെ ഈ ചിത്രത്തിലേക്ക് വിളിച്ചത്.
അത്തരത്തിലൊരു വേഷം ചെയ്തത് കൊണ്ട് ഇനിയൊരു അവസരം ചോദിക്കുമ്പോള്‍ അവര്‍ക്ക് തോന്നും ഇവന്‍ അതില്‍ കുഴപ്പമില്ലായിരുന്നല്ലോ എന്ന്. അതുകൊണ്ടാണ് ഞാന്‍ നേരത്തേ പറഞ്ഞത് ഔദാര്യത്തിലാണ് ഒരു ആക്ടര്‍ എപ്പോഴും ജീവിക്കുന്നത്, ഒരു സ്‌റ്റേജ് വരെ. തമിഴില്‍ കാര്‍ത്തിക്ക് സുബ്ബരാജുമായി വര്‍ക്ക് ചെയ്യണമെന്നത് എന്റെ വലിയ ആഗ്രഹമാണ്. അസിസ്റ്റന്റ് ഡയറക്ടറായി അവസരം കിട്ടാനായിരുന്നു ഞാന്‍ ആദ്യമൊക്കെ ശ്രമിച്ചിരുന്നത്.
തലവന്‍ സിനിമയില്‍ നിന്നുള്ള രംഗം. Photo: Renjith shekhar/ facebook.com
നേരിട്ട് അഭിനയിക്കാന്‍ അവസരം ചോദിച്ചാല്‍ അദ്ദേഹം ഓടിക്കും, പക്ഷേ ഇപ്പോള്‍ എനിക്ക് അയച്ചു കൊടുക്കാന്‍ ഒരു പ്രൊഫൈലുണ്ട്. എല്ലാവരുമായിട്ടും വര്‍ക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. നല്ല സംവിധായകര്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ സ്വാഭാവികമായും നമ്മുടെ ഗ്രാഫ് ഉയരും,’ രഞ്ജിത് പറഞ്ഞു.
കിഷ്‌കിന്ധാ കാണ്ഡത്തിനു ശേഷം ബാഹുല്‍ രമേശ് തിരക്കഥയെഴുതി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. 5 കോടി മുതല്‍മുടക്കില്‍ ഒരുക്കിയ ചിത്രം ഇതിനോടകം തന്നെ 25 കോടിയിലധികം തിയേറ്ററുകളില്‍ നിന്നും മാത്രമായി നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. സന്ദീപ് പ്രദീപ് നായക വേഷത്തിലെത്തിയ ചിത്രത്തില്‍ വിനീത്, അശോകന്‍, നരെന്‍, ബിനു പപ്പു തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: Actor renjith shekhar talks about chances in films and his career