മലയാളികൾക്ക് എന്നും പ്രിയങ്കരനായ താരമാണ് രമേഷ് പിഷാരടി. നടനായും ആങ്കറായും സംവിധായകനായും ശ്രദ്ധ നേടിയ അദ്ദേഹം പഞ്ചവർണ്ണ തത്ത എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്നുവന്നു. അമർ അക്ബർ ആന്റണിയിലെ ‘നല്ലവനായ ഉണ്ണി’ എന്ന കഥാപാത്രം അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. സോഷ്യൽ മീഡിയയിൽ പിഷാരടി പങ്കുവയ്ക്കുന്ന ഫോട്ടോകളും അതിനൊപ്പമുള്ള വ്യത്യസ്ത ക്യാപ്‌ഷനുകളും എപ്പോഴും ചർച്ചയാകാറുണ്ട്.
താൻ നൽകുന്ന കാപ്‌ഷനുകൾക്ക് വരുന്ന അഭിപ്രായങ്ങളെ കുറിച്ച് പറയുകയാണ് രമേഷ് പിഷാരടി. താൻ സോഷ്യൽ മീഡിയയിൽ നൽകുന്ന ക്യാപ്‌ഷനുകൾ മനപൂർവം തയ്യാറാക്കുന്നതല്ലെന്നും അതിന് പിന്നിൽ പ്രത്യേക ഉദ്ദേശങ്ങളൊന്നുമില്ലെന്നും പിഷാരടി വ്യക്തമാക്കി.
രമേഷ് പിഷാരടി, Photo: Ramesh Pisharody/ Facebook
‘ഫോട്ടോ എടുക്കുന്ന സമയത്ത് തന്നെ അതിനുള്ള ക്യാപ്‌ഷൻ മനസ്സിൽ വരും. അതിന് വേണ്ടി പ്രത്യേകിച്ച് വലിയ ശ്രമങ്ങളൊന്നും ഞാൻ നടത്താറില്ല,’ എന്നാണ് പിഷാരടി പറയുന്നത്.
എന്നാൽ അടുത്തിടെ ഒരാൾ ‘ചേട്ടാ, ഇന്നത്തെ ക്യാപ്‌ഷൻ അത്ര ഏറ്റില്ല’ എന്ന് പറഞ്ഞതോടെ ക്യാപ്‌ഷനുകൾക്ക് പോലും റിവ്യൂ തുടങ്ങുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോയതെന്നും അദ്ദേഹം പറഞ്ഞു. താൻ ഒന്നും അങ്ങനെയൊരു ഉദ്ദേശത്തോടുകൂടി ചെയുന്നതല്ലെന്നും അതോടെ അത് നിർത്തിയെന്നും പിഷാരടി കൂട്ടിച്ചേർത്തു.
രമേഷ് പിഷാരടി, Photo: Ramesh Pisharody/ Facebook
ഭാഷയോടുള്ള ഇഷ്ടമാണ് തന്റെ ക്യാപ്‌ഷനുകളുടെ അടിസ്ഥാനം എന്നും താരം പറയുന്നു. പാട്ടുകൾ കേൾക്കുമ്പോൾ വരികൾ ശ്രദ്ധിക്കുന്നതും, അറിയാത്ത വാക്കുകളുടെ അർത്ഥം അന്വേഷിക്കുന്നതും, പുതിയ വാക്കുകൾ പഠിച്ച് ഉപയോഗിക്കുന്നതുമൊക്കെ തനിക്കു പണ്ടുമുതലേ ഇഷ്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തന്റെ കമന്റ് ബോക്സ് ചിലപ്പോൾ മറ്റുള്ളവരുടെ തർക്കവേദിയാകുന്ന സാഹചര്യം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. താൻ അതിനുള്ള മറുപടി നൽകിയ ശേഷവും അനാവശ്യ തർക്കങ്ങൾ തുടരേണ്ടതില്ലെന്നും, മാധ്യമപ്രവർത്തനം മൊബൈൽ ഫോണിലേക്കും ക്യാമറയിലേക്കും ഒതുങ്ങിയ ഈ കാലത്ത് ചില ചോദ്യങ്ങളിൽ നിന്ന് മനപൂർവം വിട്ടുനിൽക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: Actor Ramesh Pisharody speaks about the comments