| Friday, 3rd July 2026, 10:23 am

ഖലീഫയുടെ ലൊക്കേഷന്‍ വീഡിയോ നമ്മള്‍ തന്നെ ലീക്ക് ചെയ്ത് സോഷ്യല്‍മീഡിയയില്‍ ഇടുകയാണ് എന്നൊരു നരേറ്റീവുണ്ട്: പൃഥ്വിരാജ്

അക്ഷര

പൃഥ്വിരാജിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഖലീഫ. ഓണം റിലീസായെത്തുന്ന ചിത്രത്തിന് വന്‍ ഹൈപ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ഇതിന് മുന്‍പായി പൃഥ്വിരാജിനെ നായകനാക്കി നിസാം ബഷീര്‍ ഒരുക്കുന്ന ഐ നോബഡിയും റിലീസിന് ഒരുങ്ങുകയാണ്. പാര്‍വതിയും പൃഥ്വിയും ഒന്നിക്കുന്ന നോബഡിയ്ക്കും വലിയ പ്രീ റീലീസ് ഹൈപ്പ് നിലവില്‍ സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നുണ്ട്.

ഇത്തരത്തില്‍ സിനിമകളുടെ പ്രീ റീലീസ് ഹൈപ്പിനെ കുറിച്ചും സിനിമകളുടെ സ്വഭാവം എത്രത്തോളം അതിനെ സ്വാധീനിക്കുമെന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ഖലീഫയുടെ ലൊക്കേന്‍ ചിത്രങ്ങളും വീഡിയോകളും വ്യാപകമായി സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനും ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി മറുപടി നല്‍കുന്നുണ്ട്.

‘ഇത്തരം റിലീസുകള്‍ക്ക് മുന്‍പ് ലഭിക്കുന്ന ഈ ട്രാക്ഷനില്‍ സിനിമകളുടെ സ്വഭാവത്തിന് ഒരു വലിയ പങ്കുണ്ട്. ഒരു ഉദാഹരണം പറഞ്ഞാല്‍ ഇപ്പോള്‍ ഐ നോബഡിയുടെ സെറ്റില്‍ നിന്ന് എന്റെ ഒരു പടം ലീക്കായാല്‍ ആള്‍ക്കാര്‍ കൂടുതലും ചിന്തിക്കുക പൃഥ്വിരാജിന് ഇത് എന്തുപറ്റിയെന്നായിരിക്കും.

ഇയാളെന്താണ് ഇങ്ങനെ ഇരിക്കുന്നത് എന്നായിരിക്കും ആളുകള്‍ ആദ്യം ആലോചിക്കുക. കാരണം ആ കഥാപാത്രം അങ്ങനെ ആണല്ലോ. ഞാന്‍ ആ കഥാപാത്രമായിട്ടാണല്ലോ ഉള്ളത്. കണ്ണിന് ചുറ്റും കുറച്ച് ഡാര്‍ക്കൊക്കെ വന്ന് ഭയങ്കര ക്ഷീണിതനായി ഇരിക്കുന്ന ഒരാള്‍.

ഞാന്‍ കാരവനില്‍ നിന്ന് സ്‌പോട്ടിലേക്ക് നടക്കുന്ന വീഡിയോ ലീക്കായാല്‍ ഇതെന്താ ഇയാള്‍ ഇങ്ങനെ ഇരിക്കുന്നതേ എന്നേ ആളുകള്‍ ചിന്തിക്കൂ. അതിന് ഹൈപ്പൊന്നും വരാന്‍ പോകുന്നില്ല.

പൃഥ്വിരാജ്, ഖലീഫ ഫസ്റ്റ് ലുക്ക് photo: Screengrab/Instagram

നേരെ മറിച്ച് ഖലീഫയുടെ സെറ്റില്‍ ഞാന്‍ കാരവനില്‍ നിന്നിറങ്ങി സ്‌പോട്ടിലേക്ക് പോകുന്ന വഴി ഒരാള്‍ ഒരു വീഡിയോ എടുത്തിട്ട് സ്ലോ മോഷനില്‍ റീ റെക്കോഡിങ്ങും ഇട്ട് ഇന്‍സ്റ്റയില്‍ ഇട്ടാല്‍ അതിനൊരു ട്രാക്ഷനുണ്ടാകും. അത്തരത്തില്‍ സിനിമയുടെ സ്വഭാവമാണ് ഇതിനെ സ്വാധീനിക്കുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

ഖലീഫയിലെ എല്ലാ ലൊക്കേഷനും ട്രാക്ക് ചെയ്ത് വീഡിയോ വരുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് നമ്മള്‍ തന്നെ ഇത് ലീക്ക് ചെയ്ത് വിടുകയാണെന്ന് ഒരു നരേറ്റീവ് ഉണ്ടെന്നും ശരിക്കും അല്ല കേട്ടോ എന്നുമായിരുന്നു പൃഥ്വിയുടെ മറുപടി.

നമ്മള്‍ അത് ഒരിക്കലും ചെയ്യില്ല. നമ്മളായിട്ട് റിലീസ് ചെയ്ത പോസ്റ്ററുകളും ഗ്ലിംസും ഒഴികെ മറ്റൊന്നും വെളിയില്‍ വരണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. അത് വന്നുപോകുന്നതാണ്. ഖലീഫ പോലെ തന്നെ ഒരു ബിഗ് സ്‌ക്രീനിന് വേണ്ടി ഒരു വലിയ തിയേറ്ററികല്‍ എക്‌സ്പീരിയന്‍സിന് വേണ്ടി വലിയ ബജറ്റില്‍ എടുത്തിരിക്കുന്ന സിനിമയാണ് ഐ നോബഡി.

ഇതെന്താണ് ഈ സിനിമ എന്ന മിസ്റ്ററി ഉണ്ടല്ലോ, അത് ആ സിനിമയ്ക്ക് നല്ലതാണ്. ഐ നോബഡി തുടങ്ങി അതിന്റെ ഫസ്റ്റ് ഷോട്ടില്‍ നിങ്ങള്‍ക്ക് ഇതെന്താണ് എന്ന് തോന്നും. അതും ആ സിനിമയ്ക്ക് നല്ലതാണ്. അതിനെ നമ്മള്‍ വെറുതെ ബ്രേക്ക് ചെയ്യാതിരിക്കുന്നതാണ് നല്ലത്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Actor prithviraj about Leaked Vedio of khalifa Movie

അക്ഷര

We use cookies to give you the best possible experience. Learn more