| Wednesday, 31st August 2022, 3:27 pm

ലാലേട്ടനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവെക്കുന്നതിന് ഒരു കാരണം മാത്രമേയുള്ളൂ: 'ലാലേട്ടനെ കാണണം' ട്രോളുകള്‍ക്ക് പൃഥ്വിയുടെ മറുപടി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം ആരാധകര്‍ കാത്തിരുന്ന കോമ്പോ ആയിരുന്നു മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ട്. ലൂസിഫറിന് പിന്നാലെ ബ്രോ ഡാഡി എന്ന ചിത്രത്തിലൂടെ വീണ്ടും പൃഥ്വിയും മോഹന്‍ലാലും ഒന്നിച്ചു. കൊവിഡ് കാലത്ത് ഒ.ടി.ടി റിലീസായെത്തിയ ചിത്രം വലിയ വിജയവുമായിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ തിരക്കിലാണ് ഇപ്പോള്‍ പൃഥ്വിയും മോഹന്‍ലാലും.

ഇതിനിടെ മോഹന്‍ലാലുമായി ബന്ധപ്പെട്ട ചില രസകരമായ ട്രോളുകളും പൃഥ്വിയുടെ പേരില്‍ പുറത്തിറങ്ങിയിരുന്നു. പൊതുവേദികളില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതിനിടെ താന്‍ ലാലേട്ടനെ കാണാന്‍ പോകുകയാണെന്ന് പൃഥ്വിരാജ് ആവര്‍ത്തിച്ചിരുന്നു. ഇതായിരുന്നു ട്രോളുകള്‍ക്ക് വഴിയൊരുക്കിയത്. ജന ഗണ മന സിനിമയുടെ വിജയാഘോഷ പരിപാടിയിലും പിന്നീട് കുഞ്ചാക്കോ ബോബനെ കണ്ട് മടങ്ങുമ്പോഴുമെല്ലാം പൃഥ്വി ഈ ഡയലോഗ് ആവര്‍ത്തിച്ചിരുന്നു. ഇതായിരുന്നു ട്രോളന്‍മാര്‍ ഏറ്റെടുത്തത്.

ഇപ്പോള്‍ മോഹന്‍ലാലുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും മോഹന്‍ലാലിനൊപ്പമുള്ള കൂടുതല്‍ ഫേട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് പൃഥ്വി. 24 ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചുമൊക്കെ താരം സംസാരിക്കുന്നത്.

ലാലേട്ടന്റെ കൂടെയുള്ള ഫോട്ടോസ് എപ്പോഴും ഇന്‍സ്റ്റഗ്രാമില്‍ ഇടാറുണ്ടല്ലോ എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. അതിനുള്ള മറുപടി, ഞങ്ങള്‍ ഒരേ ബില്‍ഡിങ്ങിലാണ് താമസിക്കുന്നത് എന്നതുകൊണ്ടാണ്. സ്വാഭാവികമായിട്ടും ഒരു ദിവസം ഷൂട്ടിങ് ഇല്ല, അല്ലെങ്കില്‍ ഒരു ദിവസം നാല് മണിക്ക് ഷൂട്ട് കഴിഞ്ഞ് വീട്ടില്‍ എത്തിയാല്‍ ലാലേട്ടന്‍ മുകളില്‍ ഉണ്ടെങ്കില്‍ ഞങ്ങള്‍ പല ദിവസങ്ങളിലും കാണാറുണ്ട്.

മോനേ വാ ഭക്ഷണം കഴിക്കാമെന്ന് പറഞ്ഞ് അദ്ദേഹം വിളിക്കും. അങ്ങനെ മീറ്റ് ചെയ്യുന്നതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എനിക്ക് ലാലേട്ടനെ എപ്പോഴും കാണാന്‍ സാധിക്കാറുണ്ട്. കാരണം എന്റെ ഫ്‌ളാറ്റിന്റെ തൊട്ടുമുകളിലാണ് അദ്ദേഹം താമസിക്കുന്നത്. സ്വാഭാവികമായും രണ്ട് സിനിമകള്‍ ഒരുമിച്ച് ചെയ്തപ്പോള്‍ നമ്മള്‍ ക്ലോസായിട്ടുണ്ട്. കൂടാതെ സുചിച്ചേച്ചിയെയും വലിയ ഇഷ്ടമാണ്. അത് അവരെ പരിചയപ്പെടുമ്പോള്‍ അറിയാം. കുടുംബപരമായി തന്നെ ആ ബന്ധമുണ്ട്.

മമ്മൂക്കയുടെ അടുത്തും അങ്ങനെ തന്നെയാണ്. എന്റെ വീട്ടിലേക്ക് സ്ഥിരമായി വരുന്ന എന്റെ ആക്ടര്‍ ഫ്രണ്ട്‌സില്‍ ഒരാള്‍ ചാലുവാണ് (ദുല്‍ഖര്‍). എല്ലാവരുമായി നല്ല ബന്ധമുണ്ട്. മമ്മൂക്കയെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് ഞാന്‍ മാത്രമല്ല ഓരോ സംവിധായകനും ആഗ്രഹിക്കും. പുതിയ സംവിധായകരും പഴയ സംവിധായകരുമെല്ലാം അത് ആഗ്രഹിക്കും. എന്റെ മനസിലും മമ്മൂക്കയെ വെച്ചൊരു സിനിമ ചെയ്യുക എന്ന വലിയ ആഗ്രഹമുണ്ട്. അത് എപ്പോള്‍ എങ്ങനെ എന്ന് എനിക്ക് അറിയില്ല, പൃഥ്വി പറഞ്ഞു.

Content Highlight: Actor Prithviraj about his relation with Mohanlal

Latest Stories

We use cookies to give you the best possible experience. Learn more