| Thursday, 7th April 2022, 11:32 am

മമ്മൂക്കയോടൊപ്പം ഈയടുത്തിറങ്ങിയ സിനിമകളില്‍ അഭിനയിച്ച എല്ലാവരോടും നിങ്ങള്‍ ഈ ചോദ്യം ചോദിച്ചോ, ഒറ്റ മറുപടിയായിരിക്കും: പ്രശാന്ത് അലക്‌സാണ്ടര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മമ്മൂട്ടിയുടെ എല്ലാവരും കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സി.ബി.ഐ 5: ദി ബ്രെയ്ന്‍. സേതുരാമയ്യരായി മമ്മൂട്ടിയെത്തുന്ന സി.ബി.ഐ സീക്വലിലെ അഞ്ചാം ഭാഗം ഏപ്രില്‍ അവസാനത്തോടെയാണ് തിയേറ്ററുകളില്‍ എത്തുന്നത്.

34 വര്‍ഷം മുന്‍പ് ചെയ്ത അതേ കഥാപാത്രമായി മമ്മൂട്ടി വീണ്ടും സ്‌ക്രീനിലെത്തുന്നത് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. സി.ബി.ഐ 5 ല്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടന്‍ പ്രശാന്ത് അലക്‌സാണ്ടറാണ്.

മൂന്ന് മാസം മമ്മൂട്ടിക്കൊപ്പം ചിലവഴിക്കാന്‍ കഴിഞ്ഞത് തന്റെ ജീവിതത്തിലെ വലിയ സന്തോഷങ്ങളില്‍ ഒന്നാണെന്നാണ് പ്രശാന്ത് പറയുന്നത്. സേതുരാമയ്യര്‍ക്കൊപ്പം അദ്ദേഹത്തിന്റെ സബോര്‍ഡിനേറ്റായാണ് പ്രശാന്ത് ചിത്രത്തില്‍ എത്തുന്നത്. ലൊക്കേഷനില്‍ മമ്മൂക്ക എങ്ങനെയായിരുന്ന ചോദ്യത്തിന് മമ്മൂക്ക അടിപൊളിയല്ലേ എന്നായിരുന്നു പ്രശാന്തിന്റെ മറുപടി.

മമ്മൂക്കയോടൊപ്പം ഈയടുത്തിറങ്ങിയ സിനിമകളില്‍ അഭിനയിച്ച എല്ലാവരോടും നിങ്ങള്‍ ഈ ചോദ്യം ചോദിച്ചാല്‍ കിട്ടുക ഒറ്റ മറുപടിയായിരിക്കുമെന്നും പ്രശാന്ത് പറയുന്നു.

‘മമ്മൂക്ക അടിപൊളിയാണ്. മമ്മൂക്കയോടൊപ്പം ഈയടുത്തിറങ്ങിയ സിനിമകളില്‍ അഭിനയിച്ച എല്ലാവരോടും നിങ്ങള്‍ ഈ ചോദ്യം ചോദിച്ചോളൂ, എല്ലാവരും പറയുന്നത് ഒരു കാര്യമായിരിക്കും, മമ്മൂക്ക അടിപൊളിയാണെന്ന്.

മമ്മൂക്ക വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം അദ്ദേഹത്തിന്റെ കൈ കൊണ്ട് തന്നെ വിളമ്പി തരുന്ന കഥകള്‍ എല്ലാവര്‍ക്കും പറയാനുണ്ടാകും.

മമ്മൂക്ക തന്നെ എപ്പോഴും പറയുന്ന കാര്യമുണ്ട് ‘ഞാന്‍ ഭയങ്കര സീരിയസ് ആണ് ചൂടന്‍ ആണ് എന്നൊക്കെ നാട്ടുകാര്‍ പറയുന്നുണ്ടാകും. ഞാന്‍ അങ്ങനെയൊന്നും അല്ല ഞാന്‍ സീരിയസ് ആണോടാ എന്ന് സീരിയസായി ചോദിച്ചുകളയും. അത് കേള്‍ക്കുമ്പോള്‍ തന്നെ നമ്മള്‍ ഞെട്ടിപ്പോകും. ഭയങ്കര രസമാണ്(ചിരി).

മമ്മൂക്ക എന്നും ഉച്ചയ്ക്ക് ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഉണ്ടാക്കിയ ഭക്ഷണമൊക്കെ കൊണ്ടു വന്ന് വിളമ്പിത്തരും. ഇതുവരെ കഴിച്ചിട്ടില്ലാത്ത ചില ഭക്ഷണമൊക്കെ കഴിക്കാന്‍ പറ്റി. ഇത് പറയുമ്പോള്‍ നിങ്ങള്‍ ചിന്തിക്കുന്ന ചില ഭക്ഷണമുണ്ടാകും. എന്നാല്‍ അതൊന്നും അല്ല. വാഴപ്പിണ്ടിയും പയറും എല്ലാം കൂടിയിട്ടിട്ട് ഒരു പ്രിപ്പറേഷന്‍ ഉണ്ട്. അത് ഞാന്‍ ഇന്നേ വരെ കഴിച്ചിട്ടില്ല. അത്രയും രുചിയുള്ള ഭക്ഷണമാണ്.

പിന്നീട് ഞാന്‍ വീട്ടില്‍ ചെന്നിട്ട് പറഞ്ഞു. വാഴപ്പിണ്ടിയും പയറും ഇട്ടിട്ട് തോരനൊക്കെ ഉണ്ടാക്കിത്തരണമെന്ന്. പറമ്പില്‍ നമ്മള്‍ കാണുന്ന സാധനങ്ങള്‍ വെച്ചിട്ടുള്ള ധാരാളം ഭക്ഷണങ്ങള്‍ കൊണ്ടുവരും. ഒന്ന് ആലോചിച്ച് നോക്കൂ ഇന്ത്യയുടെ മഹാനടനാണ് ഇങ്ങനെ ഭക്ഷണം വിളമ്പിത്തരുന്നത്. അതൊരു വലിയ സന്തോഷമാണ്, പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞു.

സി.ബി.ഐ ആയിട്ട് സേതുരാമയ്യര്‍ക്കൊപ്പം എത്താന്‍ പറ്റിയെന്ന് പറയുന്നത് തന്നെ ഏറ്റവും വലിയ ഭാഗ്യമാണ്. സി.ബി.ഐ ഡയറിക്കുറിപ്പ് ഇറങ്ങിയ സമയത്ത് ഞാന്‍ സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. സിനിമ കാസറ്റിട്ടാണ് കണ്ടത്. മൂന്നിലോ നാലിലോ ആണ് പഠിക്കുന്നത്.

അന്ന് ഓമനയുടെ ക്യാരക്ടര്‍ തറയില്‍ ചോര ഒലിപ്പിച്ചുകിടക്കുന്നത് കണ്ട് പേടിച്ചിട്ടുണ്ട്. വീടിന് മുറ്റത്ത് മുകളില്‍ നിന്ന് താഴേക്ക് ശവം വന്ന് വീഴുമോ എന്നാക്കെ പേടിച്ചിരുന്നു. അത്രയ്ക്കും പേടിയായിരുന്നു.

പിന്നെ സേതുരാമയ്യര്‍ വന്ന് കേസ് തെളിയിക്കുന്നത് കണ്ടു. നമ്മള്‍ എത്രയോ വര്‍ഷമായി സേതുരാമയ്യരെ കണ്ടുകൊണ്ടിരിക്കുന്നു. ആ സേതുരാമയ്യര്‍ക്കൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറ്റുന്നുവെന്നതും മൂന്ന് മാസത്തോളം അദ്ദേഹത്തോടൊപ്പം സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റിയെന്നതും എന്നത് മറക്കാന്‍ പറ്റാത്ത അനുഭവമാണ്, പ്രശാന്ത് അലക്‌സാണ്ടര്‍ പറഞ്ഞു.

മുകേഷ്, സായികുമാര്‍, രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും നിരവധി പുതുമുഖ അഭിനേതാക്കളും സിനിമയിലുണ്ട്. അഖില്‍ ജോര്‍ജാണ് സി.ബി.ഐ 5 ന്റെ ഛായാഗ്രാഹകന്‍. ജേക്‌സ് ബിജോയ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Content Highlight: Actor Prashant Alexander about Mammootty cbi 5 set

Latest Stories

We use cookies to give you the best possible experience. Learn more