തൃശൂർ: രാജ്യത്തെ യുവജന പ്രക്ഷോഭത്തിന് പ്രധാനമന്ത്രിയുടെ അഹങ്കാരത്തെ തകർക്കാനും പാർലമെന്റിനെ ഇളക്കി മറിക്കാനും കഴിഞ്ഞുവെന്ന് പ്രകാശ് രാജ്. ഫാസിസ്റ്റ് ഭരണം അതിന്റെ അന്ത്യത്തിലേക്ക് അടുത്തെന്നും പ്രകാശ് രാജ് പറഞ്ഞു. തൃശൂരിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇതാദ്യമായി ഈ രാജ്യത്തെ യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഹങ്കാരത്തെ തകർക്കാൻ കഴിഞ്ഞു. ഞങ്ങൾക്കിപ്പോൾ നിങ്ങളെയും നിങ്ങളുടെ ചോദ്യപ്പേപ്പർ ചോർച്ചയെയും കുറിച്ച് അറിയാമെന്ന് ഈ രാജ്യത്തെ യുവാക്കൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറയാൻ സാധിച്ചു.
ഒരു ദശാബ്ദത്തിനിടെ ഇപ്പോൾ ആദ്യമായി എനിക്ക് ഫാസിസ്റ്റ് ഭരണത്തിന്റെ അവസാനം അടുക്കുകയാണെന്ന് കൂടുതൽ ആത്മവിശ്വാസത്തോടെ പറയാൻ സാധിക്കും,’ പ്രകാശ് രാജ് വ്യക്തമാക്കി. ചരിത്രത്തിൽ ആദ്യമായി ‘ഞങ്ങൾക്ക് നിങ്ങളെ പേടിയില്ലെന്ന്,’ ഈ രാജ്യത്തെ യുവാക്കൾക്ക് മോദിയോട് പറയാൻ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘ഫാസിസത്തിന്റെ അന്ത്യം അകലെയല്ല. അവരുടെ കൈയിൽ തോക്കുകളുണ്ടാവാം. പക്ഷെ ഇന്നത്തെ ആയുധം സോഷ്യൽ മീഡിയയാണ്. അത് ഇവിടുത്തെ യുവാക്കളുടെ പക്കലുണ്ട്. യുവാക്കൾ ഈ വേട്ടക്കാരെ പേടിക്കുന്നില്ല.
ജന്തർ മന്തറിൽ അത് നേരിട്ട് കണ്ടു. യുവാക്കളുടെ ചെറുത്തുനിൽപ്പ് കാരണം പലരും റീൽസ് ചെയ്തു. ഒടുവിൽ രാജ്യത്തെ ജനങ്ങൾ എല്ലാം കാണുന്നുണ്ട് എന്ന് അവർക്ക് സമ്മതിക്കേണ്ടിവന്നു,’ പ്രകാശ് രാജ് പറഞ്ഞു.
‘മുമ്പ് കർഷകർ, തൊഴിലാളികൾ, സർക്കാർ ജീവനക്കാർ എന്നിവരുൾപ്പെടെ നിരവധി വിഭാഗങ്ങളിലുള്ളവർ പ്രതിഷേധിച്ചിരുന്നു. എന്നാൽ അവർക്ക് നഷ്ടപ്പെടാൻ ജോലിയും ഭൂമിയും ഉള്ളതിനാൽ കൂടുതൽ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. എന്നാൽ ഈ യുവാക്കൾക്ക് നഷ്ടപ്പെടാൻ ഒന്നുമില്ലായിരുന്നു.
യുവാക്കളുടെ പ്രതിഷേധം അക്രമത്തിന്റെ വഴിയിലേക്ക് പോയില്ല. അവർ ചോദ്യങ്ങൾ ചോദിച്ചു. അവർ ആദ്യമായി ദൽഹിയിൽ എത്തി. ആദ്യമായി പ്രതിഷേിച്ചു, പാർലമെന്റിൽ പോയി. അവർ പാർലമെന്റ് ഇളക്കി മറിക്കുകയും ചെയ്തു,’ പ്രകാശ് രാജ് പറഞ്ഞു.
പ്രതിഷേധം ഇപ്പോൾ ജന്തർ മന്തറിൽ മാത്രം ഒതുങ്ങുന്നില്ലെന്നും പ്രകാശ് രാജ് ചൂണ്ടിക്കാട്ടി. ഫാസിസ്റ്റുകളെ താഴെയിറക്കിയാൽ മാത്രം പോര. ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കണം. ഒരു ബദലിനെ എങ്ങനെ തെരഞ്ഞെടുക്കാമെന്ന് ജനങ്ങളെ ബോധവത്കരിക്കാനായി ഇടപെടലുകൾ നടത്തണമെന്നും പ്രകാശ് രാജ് പറഞ്ഞു.
‘ഇപ്പോൾ, പ്രതിഷേധ സ്ഥലങ്ങൾ മാറിയിരിക്കുന്നു. ജന്തർ മന്തറുകളല്ല, നമ്മൾ എവിടെയാണോ അവിടെയാണ് പ്രതിഷേധ സ്ഥലങ്ങൾ. ഈ ഫാസിസ്റ്റുകളെ താഴെയിറക്കിയാൽ മാത്രം പോരാ. ജനത്തിനിടയിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.
ഈ രാജ്യത്തെ ഒരു പ്രതിപക്ഷ പാർട്ടിക്കും ബി.ജെ.പിയെ താഴെയിറക്കാൻ കഴിയില്ല. കാരണം രാഷ്ട്രീയത്തിൽ, പ്രതിപക്ഷ പാർട്ടികൾ ജയിക്കുന്നില്ല, ഭരണകക്ഷികൾ തോൽക്കുകയാണ്.
അതിനാൽ ഡി.വൈ.എഫ്.ഐയും യുവാക്കളും മുതിർന്നവരും ഫാസിസ്റ്റുകളെ താഴെയിറക്കാൻ മാത്രമല്ല, ഓരോ പൗരനെയും, ഓരോ യുവാവിനെയും ഒരു ബദൽ എങ്ങനെ തിരഞ്ഞെടുക്കാമെന്ന് ബോധവാന്മാരാക്കാൻ നിരന്തരം പ്രവർത്തിക്കണം,’ പ്രകാശ് രാജ് പറഞ്ഞു.
തന്നെ സംബന്ധിച്ച് നീതിക്കായി പോരാടുന്നത് ഒരു ജീവിത രീതിയാണ്. അതിനെ ഒരു പോരാട്ടമെന്നതിലുപരി ഒരു നീണ്ട യാത്രയായാണ് താൻ കരുതുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഞാൻ ഇവിടെ ജയിക്കാനായി വന്നതല്ല. നിങ്ങൾ ജയിക്കാൻ ആഗ്രഹിക്കുമ്പോൾ, നിങ്ങൾ ക്ഷീണിതരാകും. പക്ഷേ എന്നെ സംബന്ധിച്ച് നീതിക്കുവേണ്ടി പോരാടുന്നതും മെച്ചപ്പെട്ട സമൂഹം സൃഷ്ടിക്കുന്നതിനായി പോരാടുന്നതും ഒരു ജീവിതരീതിയാണ്. ഞാൻ കരുതുന്നത് ഇത് വെറുമൊരു പോരാട്ടമല്ലെന്നും ദീർഘമായ ഒരു യാത്രയാണെന്നുമാണ്,’ പ്രകാശ് രാജ് പറഞ്ഞു.
Content Highlight: Actor Prakash Raj says ‘fascist rule’ nearing end, urges youth to build political awareness