| Thursday, 24th September 2026, 3:26 pm

ഇനി എന്റെ കാര്യങ്ങള്‍ ഞാന്‍ തീരുമാനിക്കും; സര്‍വംമായയും ബെത്ലഹേമും അങ്ങനെ എടുത്ത തീരുമാനങ്ങള്‍: നിവിന്‍

ആര്യ.പി

കരിയറില്‍ വലിയൊരു മാറ്റത്തിന് തീരുമാനിച്ചിട്ട് രണ്ട് വര്‍ഷമായെന്നും, ഇപ്പോള്‍ താനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനങ്ങള്‍ സ്വയം എടുക്കുകയാണെന്നും നടന്‍ നിവിന്‍ പോളി.

‘സര്‍വംമായ’, ‘ബെത്ലഹേം കുടുംബയൂണിറ്റ്’ തുടങ്ങിയ സിനിമകളിലേക്ക് എത്തിയത് ഈ തീരുമാനത്തിന്റെ ഭാഗമായാണെന്നും നിവിന്‍ പറഞ്ഞു. ജീവിതത്തില്‍ എടുത്ത ഏതെങ്കിലുമൊരു വലിയ തീരുമാനം സമാധാനം കൊണ്ടുവന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘രണ്ട് വര്‍ഷം മുന്‍പ് ഞാന്‍ ഒരു തീരുമാനം എടുത്തു. ഞാനുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഞാന്‍ തന്നെ തീരുമാനമെടുക്കുമെന്ന്. അതാണ് വലിയൊരു മാറ്റം. മുന്‍പ് നമ്മള്‍ ഒരു സിനിമ ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ നമ്മുടെ കൂടെയുള്ള ആളുകളാണ് നിര്‍മാതാവിനോട് സംസാരിക്കുന്നതും നെഗോഷിയേഷന്‍സ് നടത്തുന്നതും ഡേറ്റിനെക്കുറിച്ച് സംസാരിക്കുന്നതുമൊക്കെ. അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് നമുക്ക് അറിയില്ല,’ നിവിന്‍ പറഞ്ഞു.

ആ പതിവില്‍ നിന്ന് മാറി, സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ സ്വന്തം തീരുമാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ തുടങ്ങിയെന്നും താരം വ്യക്തമാക്കി. സാധാരണ ഒരു കഥ കേട്ട ശേഷം ചുറ്റുമുള്ളവരുമായി ചര്‍ച്ച ചെയ്യാറുണ്ടായിരുന്നെങ്കിലും ആ രീതിയും മാറ്റിയെന്ന് നിവിന്‍ പറയുന്നു.

നിവിന്‍ പോളി, സര്‍വംമായയില്‍ നിന്നുള്ള രംഗം. Photo: Movie Promotion Poster/Facebook

‘സര്‍വംമായ’യുടെ കഥ കേട്ടപ്പോള്‍ സാധാരണ നമ്മള്‍ ആളുകളുമായി ഡിസ്‌കസ് ചെയ്യും. ആ ഡിസ്‌കഷന്‍ ഞാന്‍ ഒഴിവാക്കി. ആ തിരക്കഥയും കോണ്‍സപ്റ്റും എനിക്ക് ഇഷ്ടമായി. ഇത് പുതിയതാണ്, ഇപ്പോള്‍ ചെയ്താല്‍ നന്നാവും എന്നൊരു ഇന്‍ട്യൂഷന്‍ തോന്നിയപ്പോള്‍ ചെയ്യാന്‍ തീരുമാനിച്ചു. ഞാന്‍ തന്നെ തീരുമാനങ്ങള്‍ എടുക്കാന്‍ തുടങ്ങി. ‘സര്‍വംമായ’യും ‘ബെത്ലഹേമും’ ഒക്കെ അങ്ങനെ എടുത്ത തീരുമാനങ്ങളാണ്. ഇപ്പോള്‍ ഞാന്‍ ഹാപ്പിയാണ്,’നിവിന്‍ പറഞ്ഞു.

സിനിമകള്‍ നന്നായി പോകുമ്പോള്‍ ചുറ്റുമുള്ളവരില്‍ നിന്ന് നിരവധി അഭിപ്രായങ്ങള്‍ വരുമെന്നും, അത് പലപ്പോഴും തീരുമാനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാക്കുമെന്നും നിവിന്‍ പറയുന്നു.

‘സിനിമ നന്നായി പോകുമ്പോള്‍ നമുക്ക് ചുറ്റും ഒരുപാട് അഭിപ്രായങ്ങള്‍ വരും. അപ്പോള്‍ നമ്മള്‍ കണ്‍ഫ്യൂസ്ഡ് ആകും. ആ കണ്‍ഫ്യൂഷനില്‍ എടുക്കുന്ന തീരുമാനങ്ങളും തെറ്റും. കട്ട് ദി നോയ്സ്. നമ്മള്‍ ചെയ്യുന്ന സിനിമ മോശമായാലും നമ്മള്‍ എടുത്ത തീരുമാനമാണല്ലോ. അതില്‍ ആരെയും ബ്ലേം ചെയ്യേണ്ടതില്ലല്ലോ. ക്ലിയര്‍ ദി ക്ലൗഡ്, തീരുമാനം നിങ്ങള്‍ എടുക്കുക,’ നിവിന്‍ പറഞ്ഞു.

സ്വന്തം കരിയറിലെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതാണ് ഇപ്പോള്‍ തനിക്ക് കൂടുതല്‍ സന്തോഷം നല്‍കുന്നതെന്നും നിവിന്‍ പറഞ്ഞു.

Content Highlight: Actor Nivinpauly about the great decision he ever made

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more