| Thursday, 1st October 2026, 10:30 am

'ഇതെന്താ കരിയോ? അടുക്കളയില്‍ കയറിയോ?'; ഇനി വല്ല പെണ്ണിന്റെയും കണ്‍മഷിയാണെന്ന് കൂടി പറ; എക്‌സ്പ്രഷന്‍കൊണ്ട് സീന്‍ തൂക്കി നിവിന്‍

ആര്യ.പി

മലയാള സിനിമയില്‍ സ്വാഭാവികമായ തമാശയും നിഷ്‌കളങ്കമായ ഭാവപ്രകടനങ്ങളും കൊണ്ട് പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിച്ചിട്ടുള്ള നടനാണ് നിവിന്‍ പോളി. പ്രത്യേകിച്ച് തന്റെ കംഫര്‍ട്ട് സോണിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ നിവിന്‍ കൊണ്ടുവരുന്ന സ്വാഭാവികതയ്ക്ക് ഒരു പ്രത്യേക ഭംഗിയുണ്ട്.

ഇപ്പോഴിതാ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ജസ്റ്റിന്‍ എന്ന കഥാപാത്രത്തിലൂടെയും അതേ നിവിന്‍ മാജിക് വീണ്ടും പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ചിത്രം നിവിന്‍ പോളിയെയും മമിത ബൈജുവിനെയും കേന്ദ്രകഥാപാത്രങ്ങളാക്കിയാണ് ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിലെ പല രംഗങ്ങളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായപ്പോള്‍ നിവിന്‍ പോളിയുടെ കോമഡി ടൈമിങ്ങും സ്വാഭാവിക അഭിനയവുമാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. അതില്‍ എടുത്തുപറയാവുന്ന ഒന്നാണ് ‘ഇതെന്താ കരിയോ? അടുക്കളയില്‍ കയറിയോ?’ എന്ന ഡയലോഗ് വരുന്ന രംഗം.

പരസ്പരം ഇഷ്ടം തുറന്നുപറഞ്ഞ ശേഷം ആഷ്‌ലിയില്‍ നിന്ന് കിട്ടിയ ഉമ്മയുടെ ഷോക്കില്‍ നില്‍ക്കുന്ന നിവിനോട് സുഹൃത്തുക്കള്‍ ”ഇതെന്താ കരിയോ? അടുക്കളയില്‍ കയറിയോ?” എന്ന് ഷര്‍ട്ടിലെ കരി കണ്ട് ചോദിക്കുന്നതാണ് രംഗം.

ചോദ്യത്തിന് ജസ്റ്റിന്‍ നല്‍കുന്ന മറുപടി, ‘എന്ത് അടുക്കളയോ? ഇനി വല്ല പെണ്ണിന്റെയും കണ്‍മഷിയാണെന്ന് കൂടി പറ.’എന്നാണ്. എന്നാല്‍ ആ ഡയലോഗ് മാത്രമല്ല ഈ രംഗത്തെ രസകരമാക്കുന്നത്. മറിച്ച് അതിന് പിന്നാലെ നിവിന്‍ മുഖത്ത് മിന്നിമറയിക്കുന്ന ഭാവങ്ങള്‍ കൂടിയാണ്.

താന്‍ എന്തോ ഒളിപ്പിക്കുന്നുണ്ടെന്നും അത് പിടിക്കപ്പെടുമോ എന്നൊരു ചെറിയ ഭയവും അതേസമയം മനസിലെ പ്രണയവും എല്ലാം കൂടി ഒത്തുചേര്‍ന്ന് നിമിഷനേരം കൊണ്ട് നിവിന്റെ മുഖത്ത് പല ഭാവങ്ങള്‍ മിന്നിമറിയുകയാണ്.

വലിയ ആക്ഷനോ, കൃത്രിമമായ കോമഡിയോ ഒന്നുമില്ല. ഒരു നോട്ടം, ചെറിയൊരു ചമ്മല്‍, പെട്ടെന്നുള്ള ഭാവമാറ്റം… അത്രയേ ഉള്ളൂ. രംഗം കാണുന്ന പ്രേക്ഷകനിലേക്കും ആ ചമ്മലും തമാശയും അതേപടി എത്തുന്ന തരത്തിലാണ് നിവിന് ആ സീനിനെ ഉയര്‍ത്തുന്നത്.

ഇത്തരം മൈക്രോ എക്‌സ്പ്രഷനുകളാണ് നിവിന്‍ പോളിയുടെ അഭിനയത്തിലെ വലിയ പ്രത്യേകതകളിലൊന്ന്. ഡയലോഗ് പറയുന്നതിലുപരി, ഡയലോഗിന് ശേഷമുള്ള നിശബ്ദ നിമിഷങ്ങളിലും കഥാപാത്രത്തെ രസകരമാക്കാന്‍ നിവിന് സാധിക്കുന്നുണ്ട്.

‘ബെത്ലഹേം കുടുംബ യൂണിറ്റി’ലെ ജസ്റ്റിന്‍ നിവിന്‍ പോളിയുടെ സ്വാഭാവിക കോമഡി ടൈമിങ്ങിന് ലഭിച്ച മറ്റൊരു മികച്ച വേദിയാണെന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഒരുപക്ഷേ നിവിന്‍ പോളിയുടെ ഏറ്റവും വലിയ ശക്തി തന്നെയാണ് ഈ ‘ഒന്നും ചെയ്യാതെ തന്നെ ചിരിപ്പിക്കുന്ന’ അഭിനയശൈലി.

കഥാപാത്രത്തിന്റെ ചെറിയൊരു നോട്ടത്തിലും മുഖഭാവത്തിലും പോലും തമാശ കണ്ടെത്താന്‍ കഴിയുന്ന നടന്‍ കൂടിയാണ് നിവിന്‍. ബെത്ലഹേം കുടുംബ യൂണിറ്റിലെ ഈ രംഗം അതിന്റെ ഏറ്റവും ലളിതവും രസകരവുമായ ഉദാഹരണങ്ങളിലൊന്നാണ്. ഓഗസ്റ്റ് 21ന് തിയേറ്ററുകളിലെത്തിയ ചിത്രം 300 കോടിയ്ക്ക് മുകളിലാണ് കളക്ട് ചെയ്തത്.

Content Highlight: Actor Nivin Paulys Expressions on Bethleham Kudumba Unit Movie

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more