| Wednesday, 7th October 2026, 11:27 am

'കാറിലിരുന്നുള്ള പ്രൊപ്പോസല്‍ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല'; അതൊരു ഗിവ് ആന്‍ഡ് ടേക്ക് പരിപാടിയായിരുന്നു: നിവിന്‍ പോളി

ആര്യ.പി

സിനിമകളില്‍ പ്രൊപ്പോസല്‍ സീനുകള്‍ക്ക് എന്നും പ്രേക്ഷകര്‍ക്കിടയില്‍ പ്രത്യേക കൗതുകമുണ്ട്. നിവിന്‍ പോളിയുടെ സിനിമകളിലും വ്യത്യസ്തമായ നിരവധി പ്രൊപ്പോസല്‍ സീനുകള്‍ ഇതിനോടകം പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്.

എന്നാല്‍ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ കാറിനുള്ളിലെ പ്രൊപ്പോസല്‍ സീന്‍ നിവിന്‍ പോളി ഇതുവരെ ചെയ്ത സിനിമകളിലെ പതിവ് രീതികളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമായിരുന്നു.

ചിത്രത്തില്‍ ആഷ്ലി എത്തുന്നതിന് മുന്‍പുള്ള ജസ്റ്റിന്റെ സോള്‍ മേറ്റാണ് കാര്‍ എന്ന് വേണമെങ്കില്‍ പറയാം. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സീനുകളും കാറിലാണ് ചിത്രീകരിച്ചിരിക്കുന്നതും. അതില്‍ പ്രേക്ഷകരെ ഏറെ എക്സൈറ്റ് ചെയ്ത സീനായിരുന്നു കാറിനുള്ളിലെ പ്രൊപ്പോസല്‍ രംഗം.

ഈ പ്രൊപ്പോസല്‍ സീന്‍ എങ്ങനെയാണ് ചിത്രീകരിച്ചതെന്നും അങ്ങനെയൊരു ഐഡിയയിലേക്ക് എത്തിയത് എങ്ങനെയായിരിക്കുമെന്നുള്ള ചോദ്യത്തിന് ‘ഇത് ചിലപ്പോള്‍ ഗിരീഷിന്റെ ലൈഫില്‍ നിന്ന് എടുത്തതായിരിക്കും’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള നിവിന്റെ മറുപടി. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നിവിന്‍.

‘കാറിലിരുന്നുള്ള പ്രൊപ്പോസല്‍ ഞാന്‍ ഇതുവരെ ചെയ്തിട്ടില്ല. കാര്‍ ഡ്രൈവ് ചെയ്ത് പോകുമ്പോള്‍ ഒരു പെണ്‍കുട്ടി അപ്പുറത്തിരിക്കുന്നു. അതൊരു ഗിവ് ആന്‍ഡ് ടേക്ക് പരിപാടിയാണ്. അതിന്റെ ഇടയില്‍ നമ്മള്‍ പ്രൊപ്പോസ് ചെയ്യണം, വണ്ടിയോടിക്കണം. കുറേ പരിപാടികളുണ്ടല്ലോ. എവിടെയെങ്കിലും വണ്ടി നിര്‍ത്തി നമ്മള്‍ ഒരുമിച്ചുള്ള ഒരു മൊമന്റ്, ഒരു മഴ… അങ്ങനത്തെ ഡ്രാമ പരിപാടികളൊക്കെ സാധാരണയായി സിനിമകളില്‍ ഉണ്ടാവുമല്ലോ. ഇതിനകത്ത് അങ്ങനത്തെ ഒരു പരിപാടിയുമില്ല. വളരെ നാച്ചുറലാണ്. അതൊരു കിക്കാണ്,’ നിവിന്‍ പറഞ്ഞു.

ചെയ്യാത്ത തരത്തിലുള്ള കാര്യങ്ങള്‍ ഒരു കഥാപാത്രമായി ചെയ്യുമ്പോഴാണ് തനിക്ക് കൂടുതല്‍ ആവേശം തോന്നുന്നതെന്നും നിവിന്‍ പറയുന്നു. ഒരേ രംഗം പല രീതിയില്‍ പരീക്ഷിക്കുന്നതും അതിന്റെ ഭാഗമാണെന്ന് താരം പറഞ്ഞു.

‘ നമ്മള്‍ സിനിമയില്‍ ഇതുവരെ ചെയ്യാത്ത ഒരു സാധനം ചെയ്യുമ്പോള്‍ ഭയങ്കര കിക്ക് വരും. ചെയ്തു നോക്കാം, പല രീതിയില്‍ ചെയ്തു നോക്കാമെന്ന് തോന്നും. പോസ് ഇടാം. ലുക്ക് മാത്രമായി കൊടുത്തു നോക്കാം. സൈലന്‍സ് കൊടുക്കാം. അങ്ങനെ പല രീതിയില്‍ ചെയ്തു നോക്കും. ആ പ്രോസസ് ഭയങ്കരമായിട്ട് ഞാന്‍ എന്‍ജോയ് ചെയ്യാറുണ്ട്,’ താരം പറഞ്ഞു.

ഒരുപാട് ആള്‍ക്കാര്‍ക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ഒരു സ്പേസാണ് അയാളും കാറും എന്ന സാധനം. പാട്ടൊക്കെ വെച്ച് പോകുന്ന, അല്ലെങ്കില്‍ സംസാരിക്കുന്ന ആ ഒരു സ്‌പേസ് ആള്‍ക്കാര്‍ക്ക് ഇഷ്ടമാണ്,’ നിവിന്‍ പറഞ്ഞു.

Content Highlight: Actor Nivin Pauly about BKU Proposal Scene

ആര്യ.പി

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.

We use cookies to give you the best possible experience. Learn more