| Tuesday, 3rd November 2026, 3:19 pm

‘അന്ന് അപകടത്തിൽപ്പെട്ടപ്പോൾ മമ്മൂക്കയുടെ നിർദേശപ്രകാരം ദുൽഖർ നൽകിയത് ഒരു ലക്ഷം രൂപ’; നിർമൽ പാലാഴി

അജ്മല്‍ കെ

മിമിക്രിയിലൂടെയും കോമഡി പരിപാടികളിലൂടെയും ശ്രദ്ധനേടി സിനിമയിലെത്തിയ നടനാണ് നിർമൽ പാലാഴി. കുട്ടിയും കോലും എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് സലാല മൊബൈൽസ്, നോർത്ത് 24 കാതം, പുത്തൻപണം, കക്ഷി അമ്മിണിപ്പിള്ള തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.

സിനിമയിൽ അധികം സൗഹൃദങ്ങളില്ലെന്ന് പറയുന്ന നിർമൽ, ഒരിക്കൽ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നപ്പോൾ തനിക്ക് താങ്ങായി നിന്നത് സിനിമാരംഗത്തുള്ളവരായിരുന്നുവെന്ന് പറയുകയാണ്. അജു വർഗീസ്, ദുൽഖർ സൽമാൻ, മമ്മൂട്ടി തുടങ്ങിയവർ നൽകിയ പിന്തുണയെക്കുറിച്ചും അദ്ദേഹം മൂവി വേൾഡ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

നിർമൽ പാലാഴി. Photo. Screen Grab/ Youtube

‘സിനിമയിൽ എനിക്ക് വളരെ കുറച്ച് സൗഹൃദങ്ങൾ മാത്രമേയുള്ളൂ. അത്രയധികം ആളുകളുമായി അടുത്ത ബന്ധമൊന്നുമില്ല. അനൂപ് ഏട്ടനെ അറിയാം. അജു വർഗീസിനെപ്പോലും സിനിമകളിലൂടെ അറിയാം എന്നല്ലാതെ വ്യക്തിപരമായി പരിചയമില്ല. പക്ഷേ ഞാൻ അപകടത്തിൽപ്പെട്ട് കിടന്ന സമയത്ത് അജു വിളിച്ച് ‘നിർമലേട്ടാ, പേടിക്കണ്ട, ഞങ്ങളെല്ലാവരും കൂടെയുണ്ട്,’ എന്ന് പറഞ്ഞു.

ആ സമയത്ത് ലഭിച്ച ആ വാക്കുകൾ വലിയ ആശ്വാസമായിരുന്നുവെന്നും നിർമൽ ഓർത്തെടുത്തു.

‘ഞാൻ വീണുകിടന്നപ്പോൾ ഇവർ ഇങ്ങോട്ട് വിളിച്ച് ടെൻഷനടിക്കേണ്ട, തിരിച്ചുവരും, നമ്മളൊക്കെ ഇവിടെയുണ്ട് എന്ന് പറഞ്ഞത് വലിയ ഊർജമാണ് നൽകിയത്. ആ സമയത്ത് എനിക്ക് കിട്ടിയ ആത്മവിശ്വാസം ചെറുതൊന്നുമല്ല,’ നടൻ പറഞ്ഞു.

‘സലാല മൊബൈൽസ്’ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്തതിലൂടെയാണ് ദുൽഖർ സൽമാനുമായി ബന്ധമുണ്ടാകുന്നത്. അപകടത്തെത്തുടർന്ന് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ ദുൽഖർ നിരന്തരം വിവരങ്ങൾ അന്വേഷിച്ചിരുന്നുവെന്നും നിർമൽ പറഞ്ഞു.

‘ഞാൻ എണീക്കുന്നതുവരെ ‘ഏട്ടാ, ഓക്കെയല്ലേ’ എന്ന് ചോദിച്ച് ദുൽഖർ മെസേജ് അയച്ചുകൊണ്ടിരുന്നു. വിളിക്കുകയും മെസേജ് അയക്കുകയും ചെയ്തിട്ടുണ്ട്. മമ്മൂക്കയും ഞാൻ അപകടത്തിൽപ്പെട്ട കാര്യം അറിഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അറിവോടെയാണ് ചികിത്സയ്ക്കായി സാമ്പത്തിക സഹായം ലഭിച്ചത്,’ നിർമൽ പറഞ്ഞു.

‘പുത്തൻപണം’ സിനിമയുടെ സെറ്റിൽവെച്ച് മമ്മൂട്ടിയെ വീണ്ടും കണ്ടപ്പോഴുണ്ടായ അനുഭവവും നിർമൽ പങ്കുവെച്ചു. മമ്മൂട്ടി പറഞ്ഞിട്ടാണ് തങ്ങളെയും സിനിമയിലേക്ക് വിളിച്ചതെങ്കിലും സെറ്റിൽ കണ്ടപ്പോൾ ‘നിങ്ങളൊക്കെയുണ്ടോ ഈ സിനിമയിൽ’ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. താൻ അപകടത്തിൽപ്പെട്ട കാര്യം ഓർമിപ്പിച്ചപ്പോൾ ‘ആ, നീ ആയിരുന്നോ അത്’ എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. സഹായം ചെയ്തതിന്റെ പേരിൽ ഒരു അംഗീകാരവും പ്രതീക്ഷിക്കാതെയാണ് ഇവരൊക്കെ തനിക്കൊപ്പം നിന്നതെന്നും നിർമൽ വ്യക്തമാക്കി.

നിർമൽ പാലാഴി. Photo. Facebook.com

അപകടത്തെത്തുടർന്ന് മിംസ് ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ഏകദേശം 15 ലക്ഷം രൂപയോളം ചെലവായെന്നും ആ സമയത്ത് തന്റെ ബാങ്ക് ബാലൻസ് പൂജ്യമായിരുന്നുവെന്നും നിർമൽ വെളിപ്പെടുത്തി. സുരാജ് വെഞ്ഞാറമൂട് ഉൾപ്പെടെ നിരവധി പേർ തനിക്കുവേണ്ടി പരിപാടികളും ഷോകളും സംഘടിപ്പിച്ച് സഹായിച്ചു. താൻ വീണുപോയ സമയത്താണ് യഥാർഥത്തിൽ തനിക്കൊപ്പം നിൽക്കാൻ ഒരുപാട് പേരുണ്ടെന്ന് തിരിച്ചറിഞ്ഞതെന്നും നിർമൽ കൂട്ടിച്ചേർത്തു.

Content Highlight: Actor Nirmal Palazhi revealed that it was people from the film industry who stood by him and offered support while he was undergoing treatment following an accident.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more