തമിഴ് സംവിധായകനും നടനുമായ നാസർ തമിഴ് സൂപ്പർ സ്റ്റാർ വിജയ് യോട് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
പോക്കിരി തന്റെ ഏറ്റവും ഇഷ്ട്ടപെട്ട സിനിമയാണെന്നും അഭിനയം നിർത്തരുതെന്ന അഭ്യർത്ഥനയുമായാണ് നാസർ എത്തിയത്.
‘പോക്കിരി എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സിനിമയാണ്. അതിൽ നിങ്ങൾ ഒരു ഡയലോഗ് പറയുന്നുണ്ട് ‘ഒരു തടവ് മുടിവ് പണ്ണിട്ടാ’ ( ഒരു തവണ തീരുമാനിച്ചാൽ പിന്നെ അതിൽ മാറ്റമില്ല) ഞാൻ നിങ്ങളോട് അപേക്ഷിക്കുകയാണ് ആ തീരുമാനത്തെ മാറ്റാൻ. ഞങ്ങളുടെ എല്ലാവരുടെയും ആഗ്രഹം നിങ്ങൾ ഇനിയും സിനിമയിൽ അഭിനയിക്കണം എന്നാണ്,’ നാസർ പറഞ്ഞു.
വിജയ്, നാസർ, Photo: YouTube/ Screen grab
വിജയ് അഭിനയിച്ചാൽ ആരും അദ്ദേഹത്തെ വിമർശിക്കില്ലെന്നും, വിമർശനം വന്നാലും അത് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ വിജയ്ക്ക് കഴിവുണ്ടെന്നും നാസർ കൂട്ടിച്ചേർത്തു. ഒരു ആരാധകനെന്ന നിലയിലും സഹപ്രവർത്തകനെന്ന നിലയിലും നടത്തിയ ഈ തുറന്ന അഭ്യർത്ഥന ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.
വിജയിയോടുള്ള തന്റെ ആരാധന നാസർ മുൻപേ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. 2014-ൽ തന്റെ മകൻ ഫൈസലിന്റെ അപകടത്തെക്കുറിച്ചുള്ള വേദനാജനകമായ അനുഭവം ഒ.എം.ജി പോഡ്‌കാസ്റ്റിലെ ഒരു അഭിമുഖത്തിൽ, നാസർ വിവരിച്ചിരുന്നു. 14 ദിവസത്തിലേറെ കോമയിൽ കിടന്ന തന്റെ മകൻ ഫൈസലിന്റെ ആദ്യ വാക്ക് ‘വിജയ്’ എന്നായിരുന്നു, അത് നടനോടുള്ള അദ്ദേഹത്തിന്റെ ആരാധനയുടെ തെളിവാണെന്നും നാസർ പറഞ്ഞിരുന്നു.
ജന നായകൻ ആണ് വിജയിയുടേതായി ഇറങ്ങാനിരിക്കുന്ന ചിത്രം. പൊങ്കൽ റിലീസായെത്തുന്ന വിജയിയുടെ അവസാന ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവരും പ്രധാന വേഷത്തിലെത്തുന്നു.
കെ.വി.എൻ. പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണ ആണ് ജന നായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.