| Monday, 25th May 2026, 10:42 pm

ലോകഃയ്ക്കും പ്രേമലുവിനും മുമ്പ് എങ്ങനെയാണോ അങ്ങനെ തന്നെയാണ് ഇപ്പോഴും സ്‌ക്രിപ്റ്റ് സെലക്ട് ചെയ്യുന്നത്: നസ്‌ലെന്‍

അശ്വിന്‍ രാജേന്ദ്രന്‍

പ്രേമലു, ആലപ്പുഴ ജിംഖാന, ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ മുന്‍നിര നടന്മാര്‍ക്കിടയിലേക്ക് ഉയര്‍ന്ന അഭിനേതാവാണ് നസ്‌ലെന്‍. ലോകഃയ്ക്കും പ്രേമലുവിനും ലഭിച്ച വിജയത്തിലൂടെ കേരളത്തിന് പുറത്തും താരത്തിന് വലിയ ജനപ്രീതി നേടിയെടുക്കാന്‍ സാധിച്ചിരുന്നു. താരത്തിന്റെ കരിയറിലെ തന്നെ മറ്റൊരു വലിയ പ്രൊജക്ടാണ് ജൂണ്‍ അഞ്ചിന് പുറത്തിറങ്ങാനിരിക്കുന്ന മോളിവുഡ് ടൈംസ്.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സിന് ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെതായി പുറത്തുവന്ന അപ്‌ഡേറ്റുകളെല്ലാം ഇതിനോടകം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘എ ഹേറ്റ് ലെറ്റര്‍ ടു സിനിമ’ എന്ന ടാഗ് ലൈനില്‍ ഒരുങ്ങുന്ന ചിത്രം സിനിമയെ അതിയായി സ്‌നേഹിക്കുകയും സ്വന്തമായി സിനിമയെടുക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ചെറുപ്പക്കാരനെ കേന്ദ്രമാക്കിയാണ് ഒരുക്കുന്നത്.

പ്രേമലു. Photo: The Indian Express

ചിത്രവുമായി ബന്ധപ്പെട്ട് മാത്രഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനെ കുറിച്ച് നസ്‌ലെന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. ലോകഃയ്ക്കും പ്രേമലുവിനും ശേഷം പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിയപ്പോള്‍ സ്‌ക്രിപ്റ്റ് സെലക്ട് ചെയ്യുന്നതിലുണ്ടായ മാറ്റങ്ങള്‍ എന്തൊക്കെയാണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘സ്‌ക്രിപ്റ്റ് തെരഞ്ഞെടുക്കുന്നതില്‍ പ്രത്യേകിച്ച് മാനദണ്ഡങ്ങള്‍ ഒന്നുമില്ല. ഇതിനെല്ലാം മുമ്പ് എങ്ങനെയാണോ അതുപോലെ തന്നെയാണ് ഇപ്പോഴും ചെയ്യുന്നത്. ഒരു കഥ കേട്ട് കഴിയുമ്പോള്‍ നമ്മളെ എക്‌സൈറ്റ് ചെയ്യിക്കുന്ന എന്താണ് അതില്‍ ഉള്ളത് എന്നാണ് എപ്പോഴും നോക്കാറുള്ളത്. നമുക്ക് ആ റോള്‍ ചേരുന്നുണ്ടോ അത് ആളുകള്‍ക്ക് കണ്‍വിന്‍സിങ്ങാണോ എന്നും നോക്കാറുണ്ട്.

ആലപ്പുഴ ജിംഖാന. Photo: Sony Liv

നമുക്കും പ്രേക്ഷകര്‍ക്കും എപ്പോഴും പുതിയ എക്‌സ്പീരിയന്‍സ് ലഭിക്കുക എന്നതിന് പ്രാധാന്യം നല്‍കാറുണ്ട്. ഈ രണ്ട് ചിത്രങ്ങളുടെ സക്‌സസിന് ശേഷം ഇക്കാര്യത്തില്‍ വലിയ മാറ്റമൊന്നുമില്ല. ഇനി രണ്ട് പേര് വരട്ടെ, ഇടിച്ചിടട്ടെ എന്നൊന്നും ഞാന്‍ ആലോചിക്കാറില്ല. ആലപ്പുഴ ജിംഖാനയാണെങ്കിലും ആക്ഷന്‍ ചിത്രങ്ങളുടെ സാധാരണ ഫോര്‍മാറ്റില്‍ നിന്നും മാറി ചിന്തിച്ച ചിത്രം കൂടിയാണ്,’ നസ്‌ലെന്‍ പറഞ്ഞു.

Content Highlight: Actor Naslen talks about his script selection after the success of lokah and Premalu

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more