സോഷ്യൽ മീഡിയയിൽ ഉയരുന്ന ട്രോളുകളും വിമർശനങ്ങളും നസ്ലെന് ഒരു അഹങ്കാരിയാണെന്ന കാഴ്ചപ്പാടുണ്ടാക്കിയിട്ടുണ്ട് എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് നടൻ നസ്ലെൻ. ‘സീൻ’ സിനിമയുടെ സക്സസ് മീറ്റിനിടെ മാധ്യമപ്രവർത്തകന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം. സംവിധായകൻ ജിത്തു മാധവനും നടി നസ്രിയയും ഈ സംഭാഷണത്തിൽ പങ്കുചേർന്നിരുന്നു.
‘പ്രേമലു’വിന്റെ രണ്ടാം ഭാഗമായ ‘പ്രേമലു 2’ ഉപേക്ഷിച്ചതിന് കാരണം നസ്ലെനാണെന്ന തരത്തിൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ചിത്രത്തിൽനിന്ന് നസ്ലെൻ പിന്മാറിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾക്കൊപ്പം താരത്തിനെതിരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നു.
സീൻ. Screen Grab/ Youtube
‘പ്രേമലു’വിന്റെ വൻ വിജയത്തിനുശേഷം നസ്ലെൻ എടുത്തത് കരിയറിലെ ഏറ്റവും മോശം തീരുമാനമാണെന്ന തരത്തിലുള്ള അഭിപ്രായങ്ങളും ഉണ്ടായിട്ടുണ്ട്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട് സംവിധായകൻ ഗിരീഷ് എ.ഡി നടത്തിയ പരാമർശങ്ങളും ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നസ്ലെന്റെ അഹങ്കാരത്തെക്കുറിച്ചുള്ള ചോദ്യം സക്സസ് മീറ്റിൽ ഉയർന്നത്.
‘എന്തുകൊണ്ട് ഈ ചോദ്യം ഇതുവരെ വന്നില്ലെന്ന് വിചാരിച്ചിരിക്കുകയായിരുന്നു,’ എന്ന് നസ്രിയ തമാശയായി പറഞ്ഞു. ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാണ്’ എന്ന പരാമർശം മാധ്യമപ്രവർത്തകൻ മുന്നോട്ടുവെച്ചപ്പോൾ, ‘അത് അഹങ്കാരമാണോ? എനിക്ക് ഇപ്പോൾ അഹങ്കാരമുണ്ടോ?’ എന്നായിരുന്നു നസ്ലെന്റെ മറുപടി.
ആളുകൾ അഹങ്കാരിയെന്ന് വിളിക്കുന്നതിനെക്കുറിച്ച് കൂടുതൽ പ്രതികരിക്കാനില്ലെന്നും താരം പറഞ്ഞു. ‘എനിക്ക് അതിലൊന്നും ഒരു കമെന്റും ചെയ്യാനില്ല,’ എന്നായിരുന്നു നസ്ലെന്റെ മറുപടി.
അഹങ്കാരികൾ ഒരിക്കലും അഹങ്കാരിയാണെന്ന് സമ്മതിക്കില്ലെന്നും ജിത്തു മാധവൻ തമാശ രൂപേണ പറഞ്ഞു.
‘ഏതെങ്കിലും അഹങ്കാരികൾ തങ്ങൾ അഹങ്കാരികളാണെന്ന് സമ്മതിക്കുമോ? അപ്പോൾ അവനോട് ചോദിക്കരുത്, മറ്റുള്ളവരോട് ചോദിക്കണം,’ എന്നായിരുന്നു ജിത്തുവിന്റെ തമാശ നിറഞ്ഞ പ്രതികരണം.
സീൻ. Screen Grab/ Youtube
രോമാഞ്ചം, ആവേശം എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത സിനിമയാണ് ‘സീൻ’. ആവേശത്തിന് ശേഷം സൂര്യയെ നായകനാക്കി ജിത്തു ഒരുക്കുന്ന ചിത്രം എന്ന നിലയിൽ റിലീസിന് മുമ്പുതന്നെ വലിയ ഹൈപ്പാണ് സിനിമയ്ക്ക് ലഭിച്ചത്. ദീപാവലി റിലീസായി തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുമ്പോഴേക്കും ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഏകദേശം 200 കോടി രൂപയും ചിത്രം സ്വന്തമാക്കിയിരുന്നു. മികച്ച പ്രതികരണങ്ങൾ നേടി ചിത്രം ഇപ്പോൾ തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുകയാണ്.
Content Highlight: Actor Naslen responds to a question regarding whether the trolls and criticisms on social media have created the impression that he is arrogant