| Thursday, 5th February 2026, 4:48 pm

'മഹാനായ നേതാവിനെ' പ്രശംസിക്കാത്തത് രാജ്യദ്രോഹമാകുന്ന കാലം പോലെ; മുംബൈ സര്‍വകലാശാല പരിപാടിയില്‍ നിന്നും ഒഴിവാക്കിയതില്‍ നസറുദ്ദീന്‍ ഷാ

അനിത സി

മുംബൈ: മുംബൈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായുള്ള സംവാദ പരിപാടിയില്‍ നിന്നും അറിയിപ്പ് നല്‍കാതെ ഒഴിവാക്കിയതിനെതിരെ പ്രതികരണവുമായി നടന്‍ നസറുദ്ദീന്‍ ഷാ. വിദ്യാര്‍ത്ഥികളോട് സംവദിക്കാനായി കാത്തിരുന്ന തനിക്ക് വലിയ അപമാനവും നിരാശയുമാണ് ഈ നടപടിയുണ്ടാക്കിയതെന്ന് അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയിലെഴുതിയ ലേഖനത്തില്‍ പറഞ്ഞു.

സര്‍വകലാശാലയിലെ ഉറുദു വിഭാഗം സംഘടിപ്പിച്ച പരിപാടിയിലേക്കായിരുന്നു തനിക്ക് ക്ഷണം ലഭിച്ചിരുന്നത്. ഫെബ്രുവരി ഒന്നിന് നടക്കുന്ന ജഷ്-ഇ-ഉറുദു പരിപാടിയില്‍ താന്‍ പങ്കെടുക്കേണ്ടതില്ലെന്ന് കാണിച്ച് തലേദിവസമായ ജനുവരി 31നാണ് മെയില്‍ ലഭിച്ചത്.

കാരണമോ ഒരു ക്ഷമാപണമോ ഇല്ലാതെയായിരുന്നു ഈ അറിയിപ്പെന്നും സര്‍വകലാശാലയ്ക്ക് ഈ നടപടി അപമാനിക്കലായി തോന്നിയില്ലെന്നും നസറുദ്ദീന്‍ ഷാ ലേഖനത്തില്‍ വിമര്‍ശിച്ചു.

അതേസമയം, പരിപാടി ഫെബ്രുവരി ഒന്നിന് നടന്നിരുന്നെന്നും താന്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചുവെന്നാണ് സദസിനെ സര്‍വകലാശാല അറിയിച്ചതെന്നും അദ്ദേഹം പറയുന്നു.

‘രാജ്യത്തിനെതിരെ ഞാന്‍ പരസ്യപ്രസ്താവന നടത്തുന്നു എന്ന് നിരന്തരം പറയുന്ന അവര്‍ക്ക് അക്കാര്യം സദസിനെ അറിയിക്കാന്‍ ധൈര്യമുണ്ടായില്ല.

എന്റെ രാജ്യത്തിനെതിരെ ഞാന്‍ നടത്തിയ ഒരേയൊരു പ്രസ്താവനയെങ്കിലും ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ അവരെ വെല്ലുവിളിക്കുകയാണ്’, നസറുദ്ദീന്‍ ഷാ പറഞ്ഞു.

മറ്റൊരു കാര്യം സത്യമാണ്, താന്‍ ഒരിക്കലും സ്വയം പ്രഖ്യാപിത വിശ്വഗുരുവിനെ പുകഴ്ത്തിയിട്ടില്ല. കൂടാതെ, സ്വയം പുകഴ്ത്തുന്ന അദ്ദേഹത്തിനെ വിമര്‍ശിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ നാര്‍സിസിസം തന്നെ എപ്പോഴും പ്രകോപിപ്പിക്കാറുണ്ട്.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അദ്ദേഹം ചെയ്ത ഒരു കാര്യം പോലും തന്നെ സ്പര്‍ശിച്ചിട്ടില്ലെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.

ഭരണകക്ഷിയുടെ പല പ്രവര്‍ത്തനങ്ങളെയും താന്‍ വിമര്‍ശിച്ചിട്ടുണ്ട്. രാജ്യത്തെ പൗര ബോധത്തെ കുറിച്ച് ആശങ്കപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥി ആക്ടിവിസ്റ്റുകളെ വര്‍ഷങ്ങളോളം വിചാരണ പോലും നടത്താതെ തടവില്‍ വെക്കുന്ന, കൊലപാതകികള്‍ ഉള്‍പ്പടെയുള്ള കുറ്റവാളികള്‍ക്ക് നിരന്തരം ജാമ്യം നല്‍കുന്ന, ഗോ രക്ഷകര്‍ക്ക് മറ്റുള്ളവരെ മര്‍ദിക്കാനും കൊലപ്പെടുത്താനും സ്വാതന്ത്ര്യം നല്‍കുന്ന, ശാസ്ത്രം വളച്ചൊടിക്കുകയും പാഠപുസ്തകങ്ങള്‍ തിരുത്തുകയും ചെയ്യുന്ന സാഹചര്യമുള്ള ഈ രാജ്യത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ടെന്നും നടന്‍ വിശദീകരിച്ചു.

താന്‍ ജനിച്ചുവളര്‍ന്ന, സ്‌നേഹിക്കാന്‍ പഠിച്ച ആ നാട് ഇതല്ല. രണ്ട് നിമിഷത്തിലെ വെറുപ്പ് ഇപ്പോള്‍ 24 മണിക്കൂര്‍ വെറുപ്പെന്നതിലേക്ക് മാറിയിരിക്കുന്നു.

‘മഹാനായ നേതാവിനെ’ പ്രശംസിക്കാതിരിക്കുന്നത് രാജ്യദ്രോഹമായി കണക്കാക്കപ്പെടുന്ന ജോര്‍ജ് ഓര്‍വെല്ലിന്റെ 1984-ലെ നോവലിലെ സ്ഥിതിയെ താന്‍ നിലവിലെ സാഹചര്യവുമായി സാമ്യപ്പെടുത്തുകയാണെന്നും നസറുദ്ദീന്‍ ഷാ പറഞ്ഞു.

Content Highlight: Actor Nasaruddin Shah About the  Mumbai university’s disinvitation

അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more