| Thursday, 29th October 2026, 5:25 pm

മുണ്ടക്കൽ ശേഖരനെന്ന് വിളിക്കുമ്പോൾ സന്തോഷം, മകനുവേണ്ടിയാണ് സിനിമയും രാഷ്ട്രീയവും ഉപേക്ഷിച്ചത്: നെപ്പോളിയൻ

അജ്മല്‍ കെ

മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിൽ ഒന്നാണ് രഞ്ജിത് തിരക്കഥയെഴുതി ഐ.വി.ശശി സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ ദേവാസുരം. മോഹൻലാലും, രേവതിയും, നെപ്പോളിയനും മത്സരിച്ചഭിനയിച്ച ചിത്രത്തിൽ നെടുമുടി വേണു, ഇന്നസെന്റ്, മണിയൻപിള്ള രാജു, ഒടുവിൽ ഉണ്ണികൃഷ്ണൻ, ചിത്ര തുടങ്ങിയവരാണ് മറ്റ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

2001ൽ രഞ്ജിത് ഈ സിനിമയുടെ തുടർച്ചയായ് രാവണപ്രഭു എന്ന പേരിൽ രണ്ടാം ഭാഗം ചെയ്തിരുന്നു. മോഹൻലാൽ ഈ സിനിമയിൽ ഇരട്ടവേഷമാണ് ചെയ്തത്. നീലകണ്ഠനായും മകൻ കാർത്തികേയനായുമാണ് വേഷമിട്ടത്. രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസിൽ ഹിറ്റായിരുന്നു.

ദേവാസുരം.Photo.IMDb

ഇപ്പോഴിതാ ചിത്രത്തിൽ വില്ലനായെത്തിയ നടൻ നെപ്പോളിയൻ സിനിമയും രാഷ്ട്രീയവുമെല്ലാം ഉപേക്ഷിച്ച് അമേരിക്കയിലേക്ക് താമസം മാറിയതിന്റെ കാരണം തുറന്നു പറയുകയാണ്. ജീവിതത്തിൽ താൻ നേടേണ്ടതെല്ലാം നേടിയെന്നും എന്നാൽ അതിനെക്കാളൊക്കെ വലുത് മകന്റെ ജീവനാണെന്നും താരം 24ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹോളിവുഡ് സിനിമകളിലായി 150ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നെപ്പോളിയൻ, എംഎൽഎയും എംപിയും കേന്ദ്രമന്ത്രിയുമായും പ്രവർത്തിച്ചിട്ടുണ്ട്.

മലയാളികൾ എവിടെ പോയാലും ആളുകൾ തന്നെ തിരിച്ചറിഞ്ഞ് ‘മുണ്ടക്കൽ ശേഖരാ’ എന്ന് വിളിക്കുന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണെന്നും നെപ്പോളിയൻ പറഞ്ഞു. മലയാളികൾ അടുത്തുവന്ന് ‘എന്താ ശേഖരേട്ടാ, സുഖം തന്നെ?’ എന്ന് ചോദിക്കുമ്പോൾ സന്തോഷം തോന്നാറുണ്ടെന്നും താരം വ്യക്തമാക്കി.

തമിഴ് സിനിമയായ ‘സേവലപ്പേരി പാണ്ടി’യാണ് തന്റെ കരിയറിൽ വലിയ വഴിത്തിരിവായതെന്നും നെപ്പോളിയൻ പറഞ്ഞു. തമിഴിൽ ആദ്യമായി നായകനായി അഭിനയിച്ച ചിത്രമാണത്. തന്റെ കരിയറിലെ 27-ാമത്തെ സിനിമയായിരുന്ന ചിത്രം വലിയ വിജയമായി. അതോടെയാണ് തമിഴ്‌നാട്ടിൽ ആളുകൾ തന്നെ ‘പാണ്ടി’ എന്ന് വിളിക്കാൻ തുടങ്ങിയതെന്നും താരം പറഞ്ഞു.

‘അവിടെ ഞാൻ പാണ്ടിയാണ്. ഇവിടെ ഞാൻ മുണ്ടക്കൽ ശേഖരനാണ്. ആളുകൾ കഥാപാത്രത്തിന്റെ പേരിൽ വിളിക്കുമ്പോൾ ഭയങ്കര സന്തോഷമാണ്,’ നെപ്പോളിയൻ പറഞ്ഞു.

തനിക്ക് രണ്ട് മക്കളാണുള്ളതെന്നും അതിൽ മൂത്ത മകനായ ധനുഷ് മസ്കുലർ ഡിസ്ട്രോഫി എന്ന രോഗത്തെത്തുടർന്ന് വീൽചെയറിലാണെന്നും താരം വെളിപ്പെടുത്തി. മകന്റെ ചികിത്സയ്ക്കാവശ്യമായ സൗകര്യങ്ങൾ ഇന്ത്യയിൽ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് 2011ൽ കുടുംബത്തോടൊപ്പം അമേരിക്കയിലെ നാഷ്‌വില്ലെയിലേക്ക് താമസം മാറാൻ തീരുമാനിച്ചതെന്നും നെപ്പോളിയൻ പറഞ്ഞു.

‘നമുക്ക് കുട്ടികളാണ് ജീവിതത്തിൽ ഏറ്റവും പ്രധാനം. ഞാൻ എന്റെ ജീവിതത്തിൽ നേടാനുള്ളതൊക്കെ നേടിക്കഴിഞ്ഞു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹോളിവുഡ് സിനിമകളിലായി 150ലധികം സിനിമകളിൽ അഭിനയിച്ചു. എം.എൽ.എയായി, എം.പി.യായി, കേന്ദ്രമന്ത്രിയായി. ഇരുപതിലധികം ബിസിനസുകളും ചെയ്തു. അങ്ങനെ ജീവിതത്തിൽ നേടേണ്ടതെല്ലാം നേടിയിട്ടുണ്ട്.

ദേവാസുരം.Photo.IMDb

പക്ഷേ, എനിക്ക് എന്റെ മകനാണ് പ്രധാനം. അവന്റെ ജീവനാണ് വലുത്. അതുകൊണ്ടാണ് സിനിമയും രാഷ്ട്രീയജീവിതവുമെല്ലാം ഉപേക്ഷിച്ച് ഇവിടെനിന്ന് പോയത്,’ നെപ്പോളിയൻ പറഞ്ഞു.

Content Highlight: Actor Napoleon, who played the villain in the film Devasuram, reveals the reason why he left both cinema and politics behind to move to America

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more