| Thursday, 17th September 2026, 11:13 pm

ഹിന്ദി ചിത്രങ്ങള പാന്‍ ഇന്ത്യന്‍ എന്ന് വിളിക്കുന്നില്ലല്ലോ, എന്തിനാണ് സൗത്ത് ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് മാത്രം അങ്ങനെയൊരു ടാഗ്: നാനി

അശ്വിന്‍ രാജേന്ദ്രന്‍

തെലുങ്ക് സിനിമയിലെ അണ്ടര്‍റേറ്റഡ് നായകനടനെന്ന് പലരും വിശേഷിപ്പിക്കുന്ന അഭിനേതാവാണ് നാനി. രാജമൗലിയുടെ അസിസ്റ്റന്റായി കരിയര്‍ ആരംഭിക്കുകയും പിന്നീട് സംവിധായകന്റെ തന്നെ ഈഗയിലൂടെ സിനിമാ പ്രേമികള്‍ക്ക് സുപരിചിതനാകുകയും ചെയ്ത താരം. 2019ല്‍ പുറത്തിറങ്ങിയ ജേഴ്സിയും താരത്തിന്റേതായി പലരുടെയും ഫേവറിറ്റ് ലിസ്റ്റിലുള്ള ചിത്രങ്ങളിലൊന്നാണ്. എന്നാല്‍ തെലുങ്കില്‍ അല്ലു അര്‍ജുനും രാം ചരണും മഹേഷ് ബാബുവും വാഴുന്ന മുന്‍നിരയിലേക്ക് താരത്തിനിന്നും കയറിപ്പറ്റാന്‍ സാധിച്ചിട്ടില്ലെന്നാണ് സിനിമാ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

ദി പാരഡൈസ്. Photo: District

ഇതിന് ഒരു അവസാനമാകുമെന്ന് പലരും വിലയിരുത്തുന്ന ചിത്രമാണ് വരാനിരിക്കുന്ന ദി പാരഡൈസ്. ശ്രീകാന്ത് ഒഡേല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ 24ന് റിലീസിനൊരുങ്ങുകയാണ്. പാരഡൈസിന്റെ പ്രൊമോഷനിടയില്‍ തന്റെ ചിത്രത്തെ പാന്‍ ഇന്ത്യന്‍ എന്ന് വിളിക്കേണ്ടതില്ലെന്ന് നാനി പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് നാനി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘പാരഡൈസിനെ കുറിച്ച് മാത്രമല്ല എന്റെ ഒരു ചിത്രത്തെയും ഇത്തരത്തില്‍ വിശേഷിപ്പിക്കേണ്ടതില്ലെന്ന് ഞാന്‍ പറയാറുണ്ട്. സത്യത്തില്‍ ഒരു ചിത്രത്തെയും പാന്‍ ഇന്ത്യന്‍ എന്ന് വിളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. മലയാളത്തിലും തമിഴിലും തെലുങ്കിലും വലിയ വിജയം നേടുന്ന ഹിന്ദി ചിത്രങ്ങളെ പാന്‍ ഇന്ത്യന്‍ ചിത്രമെന്ന് നമ്മള്‍ വിശേഷിപ്പിക്കാറില്ലല്ലോ. അതിനെ ഹിന്ദി ഫിലിം എന്ന് തന്നെയാണ് നമ്മള്‍ വിശേഷിപ്പിക്കുന്നത്. പക്ഷേ ഒരു തെലുങ്ക് ചിത്രം നോര്‍ത്തില്‍ നന്നായി പെര്‍ഫോം ചെയ്യുമ്പോള്‍ അതിനെ പാന്‍ ഇന്ത്യന്‍ എന്ന് വിളിക്കും.

ദി പാരഡൈസ്. Photo: X.com

തമിഴ്, കന്നട ചിത്രങ്ങളുടെയും അവസ്ഥ ഇത് തന്നെയാണ്. അതുകൊണ്ട് തന്നെ പാന്‍ ഇന്ത്യന്‍ എന്ന വാക്ക് എനിക്ക് മനസിലാകുന്നില്ല. എന്തുകൊണ്ടാണ് ആ വാക്ക് സൗത്ത് ഇന്ത്യന്‍ ഫിലിംസിന് മാത്രമായി ഉപയോഗിക്കുന്നത്. എല്ലാ ഭാഷയിലുള്ള ഓഡിയന്‍സിലേക്കും എന്റെ ചിത്രത്തെ എത്തിക്കാന്‍ ഞാന്‍ ശ്രമിക്കും. പക്ഷേ ഒരു ടാഗ് എന്റെ ചിത്രത്തിന് ഇടുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. എല്ലാവരോടും എനിക്ക് പറയാന്‍ മാത്രമേ സാധിക്കുകയുള്ളൂ,’ നാനി പറഞ്ഞു.

Content Highlight: Actor Nani talks about calling South Indian Films as Pan Indian

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more