ഫിലിമില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് കണ്ടിന്യുറ്റി വളരെ വലിയ സംഭവമായിരുന്നുവെന്ന് പറയുകയാണ് നടന്‍ നന്ദു. അന്ന് അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ പ്രധാന പണി കണ്ടിന്യുറ്റി ശ്രദ്ധിക്കുന്നതായിരുന്നുവെന്നും നടന്‍ പറയുന്നു.
ഇന്ന് സീനുകള്‍ അപ്പോള്‍ തന്നെ റീപ്ലേ ചെയ്യാനുള്ള ഓപ്ഷനുണ്ടെന്നും നന്ദു പറഞ്ഞു. എന്നാല്‍ പണ്ട് ഒരു സീന്‍ കഴിഞ്ഞ് കട്ട് പറയുന്ന സമയത്ത് എങ്ങനെയാണ് അഭിനേതാക്കള്‍ ഉള്ളതെന്ന് എഴുതി വെക്കണമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഫാരിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നന്ദു.
‘അസിസ്റ്റന്റ് ഡയറക്ടറായി ഇരിക്കുമ്പോള്‍ ഒരുപാട് തിരക്കിട്ട ജോലികള്‍ ഉണ്ടാകും. കണ്ടിന്യുറ്റിയെന്ന സംഭവം വളരെ അത്യാവശ്യമാണ്. ഇപ്പോള്‍ അത് വലിയ വിഷയമേയല്ല. അന്ന് കണ്ടിന്യുറ്റി എങ്ങനെ കണ്ടുപിടിക്കാനാണ്? കാരണം ഫിലിമില്‍ അല്ലായിരുന്നോ ഷൂട്ടിങ്.
ഒരു സീന്‍ ഫിലിമില്‍ ഷൂട്ട് ചെയ്താല്‍ പിന്നെ ഒരാഴ്ചയോ മറ്റോ കഴിഞ്ഞ് ചെന്നൈയില്‍ പോകും. അവിടെ നിന്ന് അതിന്റെ ഒരു പ്രിന്റ് അടിച്ചെടുക്കും. ശേഷം ലൊക്കേഷന്റെ അടുത്തുള്ള ഏതെങ്കിലും തിയേറ്ററില്‍ പോകും.
ഇപ്പോള്‍ ആണെങ്കില്‍ എല്ലാം നമുക്ക് അപ്പോള്‍ തന്നെ റീപ്ലേ ചെയ്ത് കാണാം. അന്ന് അങ്ങനെ ആയിരുന്നില്ല. അന്ന് നമ്മള്‍ ഓരോന്നും എഴുതി വെക്കുകയാണ് ചെയ്യുന്നത്. കാരണം അടുത്ത ഷോട്ട് എടുക്കാന്‍ നേരത്ത് ഡയറക്ടറിന്റെ ചോദ്യം വരും.
‘ലാല്‍ സാറിന്റെ വലത് കൈ എവിടെ ആയിരുന്നു? മേശപ്പുറത്ത് ആയിരുന്നോ?’ എന്ന് ചോദിക്കും. നമ്മള്‍ കൃത്യമായി അത് എഴുതി വെച്ചില്ലെങ്കില്‍ ആ സമയത്ത് ബ്ബ ബ്ബ ബ്ബ അടിക്കേണ്ടി വരും. അങ്ങനെ വന്നാല്‍ ചീത്ത വിളി അപ്പോള്‍ കേള്‍ക്കാം.
ഒരു സീന്‍ കഴിഞ്ഞ് കട്ട് പറയുന്ന സമയത്ത് അവരുടെ കൈ എവിടെയാണ് ഇരുന്നതെന്ന് നമ്മള്‍ എഴുതി വെക്കുക തന്നെ വേണമായിരുന്നു. അവര്‍ എവിടേക്ക് നോക്കി, കണ്ണട ഉണ്ടായിരുന്നോ, ഗ്ലാസ് കയ്യില്‍ ഉണ്ടായിരുന്നോ എന്നൊക്കെ എഴുതി വെക്കണം,’ നന്ദു പറയുന്നു.
Content Highlight: Actor Nandu talks about the job of an assistant director and continuity in cinema