1986ല്‍ പുറത്തിറങ്ങിയ സര്‍വ്വകലാശാല എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പ്രിയദര്‍ശന്‍ സിനിമകൡലെ വേഷങ്ങളിലൂടെ ശ്രദ്ധേനായ അഭിനേതാവാണ് നന്ദു. സ്പിരിറ്റ് എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ പ്രകടനത്തിലൂടെ താരം വലിയ നിരൂപക പ്രശംസയും നേടിയിരുന്നു. മുംബൈയില്‍ സംവിധായകന്‍ പ്രിയദര്‍ശനൊപ്പം ഒരു ഇവന്റില്‍ പങ്കെടുക്കവെ തെലുങ്ക് സൂപ്പര്‍ താരം ബാലയ്യയുമായുണ്ടായ അനുഭവത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുന്നത്.
നന്ദു. Photo: Malayalam News
‘പരിപാടിക്ക് തെലുങ്ക് സൂപ്പര്‍ താരം നന്ദമൂരി ബാലകൃഷ്ണ എത്തിയപ്പോള്‍ നേരെ ബാറിലേക്ക് ചെന്ന് സീസര്‍ ബ്രാണ്ടി വേണമെന്നാണ് പറഞ്ഞത്. പക്ഷേ അതവിടെയില്ലായിരുന്നു. പെട്ടെന്ന് ഒരു നിര്‍മാതാവ് ഇടപെട്ട് നാല് കുപ്പി ബ്രാണ്ടി സ്ഥലത്തേക്കെത്തിച്ചു. ബാലയ്യ വീണ്ടും വന്ന് ചോദിച്ചപ്പോള്‍ ബാറിലുണ്ടായിരുന്നത് മറ്റൊരു ആളായിരുന്നു. തീര്‍ന്നു പോയെന്നാണ് അയാള്‍ പറഞ്ഞത്. ബാലകൃഷ്ണന്‍ ദേഷ്യപ്പെട്ട് എല്ലാവരെയും ചീത്ത വിളിക്കാന്‍ തുടങ്ങി.
പെട്ടെന്ന് ഒരാള്‍ വന്ന് സാറിനുള്ളത് മാറ്റിവെച്ചിട്ടുണ്ടെന്ന് പറഞ്ഞ് താഴെ എവിടെയോ നിന്ന് പൊട്ടിക്കാത്ത ഒരു കുപ്പിയെടുത്ത് അദ്ദേഹത്തിന് കൊടുത്തു. ആദ്യം ചോദിച്ചപ്പോള്‍ കിട്ടാത്ത ദേഷ്യത്തില്‍ കിട്ടിയ കുപ്പി പൊട്ടിച്ച് ഒറ്റവലിയില്‍ അദ്ദേഹം കുപ്പിയിലെ 750 മില്ലി മദ്യവും അകത്താക്കി. ഞാനടക്കം കണ്ടു നിന്നവരെല്ലാം അന്തം വിട്ടു. കാരണം ഒരു തുള്ളി വെള്ളം പോലും ചേര്‍ക്കാതെയാണ് കുടിച്ചത്.
കുടിച്ച് കഴിഞ്ഞ് മാസായി കുറച്ച് ദൂരം നടന്നു. ഇരുപത്തിയഞ്ച് വരെ എണ്ണിയില്ല അതിനുള്ളില്‍ തന്നെ ആലില വീഴുന്ന പോലെ അദ്ദേഹം കുഴഞ്ഞു വീണു. ഞാനും പ്രിയന്‍ ചേട്ടന്റെ മറ്റ് അസിസ്റ്റന്റ്‌സുമെല്ലാം ചേര്‍ന്നാണ് അദ്ദേഹത്തെ താങ്ങി റൂമിലെത്തിച്ചത്. പിറ്റേ ദിവസം രാവിലെ പ്രിയന്‍ ചേട്ടനൊപ്പമാണ് അദ്ദേഹത്തിന് ഫ്‌ളൈറ്റ് ഉണ്ടായിരുന്നത്. എനിക്കും അതേ സമയത്ത് ഫ്‌ളൈറ്റ് ഉണ്ടായിരുന്നതിനാല്‍ മൂന്നുപേര്‍ക്കും ഒരുമിച്ച് എയര്‍പോര്‍ട്ടിലേക്ക് പോകാമെന്നായിരുന്നു പറഞ്ഞത്,’ നന്ദു പറയുന്നു.
നന്ദമൂരി ബാലകൃഷ്ണ. Photo: The Hindu
തലേദിവസം ബോധമില്ലാതെ കിടന്നതിനാല്‍ അതിരാവിലെ തന്നെ ബാലകൃഷ്ണനെ എഴുന്നേല്‍പ്പിക്കാന്‍ അദ്ദേഹത്തിന്റെ റൂമില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച്ച് പുലര്‍ച്ചെ എഴുന്നേറ്റ് ജുഹു ബീച്ചില്‍ വ്യായാമത്തിന് പോയി വന്ന ബാലയ്യയെ ആണെന്നും കാഴ്ച്ച കണ്ട് താന്‍ ഞെട്ടിപ്പോയെന്നും താരം പറഞ്ഞു. ഇത് കണ്ടപ്പോള്‍ വെറുതയല്ല സിനിമയില്‍ കൈ ചൂണ്ടിയാല്‍ ട്രെയിന്‍ നില്‍ക്കുന്നതെന്നും വേണമെങ്കില്‍ മാഴ്‌സും പ്ലൂട്ടോയും വരെ അവിടെ നിന്ന് തെറിച്ചു പോകാന്‍ മാത്രം ശക്തിയുള്ള ആളാണ് അദ്ദേഹമെന്ന് മനസിലായെന്നും നന്ദു തമാശയോടെ കൂട്ടിച്ചേര്‍ത്തു.
Content Highlight: Actor Nandu talks about telugu superstar Nandhamoori balakrishna