| Monday, 6th July 2026, 8:25 am

മാധവൻറെ കൂടെ വർഷങ്ങൾക്ക് മുമ്പ് ഞാൻ അഭിനയിച്ചിട്ടുണ്ട്, ഇത് രണ്ടാമത്തെ സിനിമയാണ്: നന്ദു

കെ.എസ് ഷാബിന

3 പതിറ്റാണ്ടുകളായി മലയാള ചലച്ചിത്ര മേഖലയിൽ അഭിനയരംഗത് സജീവമായി നിൽക്കുന്ന നടനാണ് നന്ദു. നന്ദു എന്ന് അറിയപ്പെടുന്ന നന്ദലാൽ കൃഷ്ണമൂർത്തി മുൻനിര നടൻമാരോടൊപ്പം എണ്ണമറ്റ കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. രഞ്ജിത്ത് സംവിധാനം ചെയ്ത മോഹൻലാലിന്റെ സ്പിരിറ്റ് എന്ന സിനിമയിലെ അഭിനയം വളരെ ശ്രദ്ധേയമായ ഒന്നാണ്.

ഇപ്പോൾ തെന്നിന്ത്യൻ താരം ആർ. മാധവൻ കേന്ദ്രകഥാപാത്രമാകുന്ന പുതിയ തമിഴ് ചിത്രം ‘ജി.ഡി.എൻ’ൽ ഒരു പ്രധാന വേഷത്തിൽ എത്തുകയാണ് നന്ദു. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം ഇപ്പോൾ.

നന്ദലാൽ കൃഷ്ണമൂർത്തി.Photo:KeralaKaumudi

‘വളരെ നല്ല സിനിമയും വലിയൊരു പ്രൊജക്റ്റുമാണ് ജി.ഡി.എൻ. മാധവൻ ഇപ്പോൾ ദുരന്തർ എന്ന സിനിമയിലൂടെ ഇന്ത്യയൊട്ടാകെ തിളങ്ങി നിൽക്കുന്ന സമയമാണ്. അദ്ദേഹത്തിന്റെ കൂടെ വർഷങ്ങൾക്ക് മുൻപ് ഞാൻ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. തൃഷയുടെ ആദ്യ ചിത്രമായ ‘ലേസാ ലേസാ’ ആയിരുന്നു അത്.

മാധവൻ സാറിനൊപ്പമുള്ള എന്റെ രണ്ടാമത്തെ ചിത്രമാണിത്. അദ്ദേഹത്തോടൊപ്പം വീണ്ടും ഒന്നിക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ട്. മാധവൻ മികച്ചൊരു നടൻ മാത്രമല്ല, ഒപ്പം അഭിനയിക്കുന്നവർക്ക് വലിയ രീതിയിൽ പിന്തുണ നൽകുന്ന വ്യക്തി കൂടിയാണ്.

ജി.ഡി.എൻ.Photo;IMDB

സിനിമ ഉടൻ തന്നെ റിലീസ് ചെയ്യും. ഇതിൽ എനിക്ക് നല്ലൊരു വേഷമുണ്ട്. ജി.ഡി. നായിഡു ആയിട്ടാണ് മാധവൻ അഭിനയിക്കുന്നത്, അദ്ദേഹത്തിന്റെ മാനേജറുടെ വേഷമാണ് ഞാൻ ചെയ്യുന്നത്,’ നന്ദു പറഞ്ഞു.

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടോറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക്കാണ് ‘ജി.ഡി.എൻ’. പ്രമുഖ പരസ്യ സംവിധായകനായ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഈ മാസം ജൂലൈ 17-ന് തിയേറ്ററുകളിൽ എത്തും.

നന്ദുവിന്‌ പുറമെ മലയാളത്തിന്റെ പ്രിയനടൻ ജയറാമും പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ
ട്രെയ്‌ലർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

Content HIghlight:Actor Nandu talks about new movie GDN with Madhavan

കെ.എസ് ഷാബിന

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദം.

We use cookies to give you the best possible experience. Learn more