| Tuesday, 20th October 2026, 2:58 pm

‘ട്വന്റി20’യിൽ ഒരു ചെറിയ വേഷമെങ്കിലും തരാമോ എന്ന് സുരേഷ് ഗോപിയോടടക്കം ചോദിച്ചു, ആരും അവസരം തന്നില്ല’; ഇന്നും വിഷമമുണ്ട്; നന്ദു

അജ്മല്‍ കെ

മലയാളത്തിലെ വൻ താരനിര അണിനിരന്ന ചിത്രമായിരുന്നു ജോഷി സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ‘ട്വന്റി20’. അമ്മയുടെ വികസന പ്രവർത്തനങ്ങൾക്കായി ധനസമാഹരണം ലക്ഷ്യമിട്ട് നിർമിച്ച ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരന്നിരുന്നു. എന്നാൽ സിനിമയിൽ ഒരു ചെറിയ വേഷമെങ്കിലും ലഭിക്കാനായി പലരോടും അവസരം ചോദിച്ചിട്ടും തനിക്ക് ആരും അവസരം നൽകിയില്ലെന്ന വിഷമം പങ്കുവെക്കുകയാണ് നടൻ നന്ദു.

ചിത്രവുമായി ബന്ധപ്പെട്ട് മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, സുരേഷ് ഗോപി തുടങ്ങിയ താരങ്ങളോടും സംവിധായകൻ ജോഷി, രഞ്ജിത്ത് എന്നിവരോടുമെല്ലാം താൻ വേഷം ചോദിച്ചിരുന്നുവെന്ന് നന്ദു പറയുന്നു. അമ്മയുടെ ആദ്യകാല അംഗമെന്ന നിലയിൽ സിനിമയുടെ ഏതെങ്കിലും ഭാഗത്ത് ചെറിയൊരു വേഷമെങ്കിലും ലഭിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ അതിന് അവസരം ലഭിച്ചില്ലെന്നും ആ സിനിമ ഇന്നുവരെ കണ്ടിട്ടില്ലെന്നും താരം പറയുന്നു.

ട്വന്റി20. Photo.IMDb

‘ആ സിനിമയുമായി ബന്ധപ്പെട്ട എല്ലാവരോടും ഞാൻ വേഷം ചോദിച്ചതാണ്. ജോഷി സാറിനോട് ചോദിച്ചു, ദിലീപിനോട് ചോദിച്ചു, രഞ്ജിത്തിനോട് ചോദിച്ചു, സുരേഷ് ഗോപിയോടും ചോദിച്ചു. അങ്ങനെ എല്ലാവരോടും ചോദിച്ചു. നന്ദു പൊതുവാളൊക്കെ അതിലുണ്ട്. എനിക്ക് അതിൽ എന്തെങ്കിലും ഒരു ചെറിയ വേഷം കിട്ടുമോ എന്നായിരുന്നു ചോദിച്ചത്. ഏതെങ്കിലും കടയുടെ സൈഡിൽ നിൽക്കുന്ന ഒരു റോൾ ആയാലും മതിയായിരുന്നു. അമ്മയുടെ ആദ്യകാല മെമ്പർ എന്ന നിലയിൽ അങ്ങനെയൊരു സിനിമ വന്നപ്പോൾ അതിന്റെ ഏതെങ്കിലും മൂലയിൽ നിന്നാൽ മതിയെന്നായിരുന്നു ആഗ്രഹം. പക്ഷേ, എത്ര പറഞ്ഞിട്ടും എനിക്ക് അവസരം തന്നില്ല,’ നന്ദു പറഞ്ഞു.

അന്ന് അവസരം ലഭിക്കാതിരുന്നത് ഇന്നും മനസിൽ വിഷമമായി തുടരുന്നുണ്ടെന്ന് നന്ദു പറയുന്നു. ‘ട്വന്റി20’ മാത്രമല്ല, വേഷങ്ങൾ ചോദിച്ചിട്ടും അവസരം ലഭിക്കാതെ പോയ മറ്റു ചില സിനിമകളും താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

‘അത് എനിക്ക് ഇന്നും ഒരു വിഷമമായിട്ടാണ് നിൽക്കുന്നത്. അതുകൊണ്ടുതന്നെ ആ സിനിമ ഞാൻ കണ്ടിട്ടില്ല. ആ സിനിമ മാത്രമല്ല, ഇതുപോലെ പല സിനിമകളും കണ്ടിട്ടില്ല. നമ്മൾ വേഷം ചോദിക്കുമ്പോൾ നമുക്ക് പറ്റിയ കഥാപാത്രങ്ങളില്ലെന്ന് പറയും. പക്ഷേ, പിന്നീട് സിനിമ കാണുമ്പോൾ നമുക്ക് ചെയ്യാൻ പറ്റുന്ന പല വേഷങ്ങളും അതിലുണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അപ്പോഴാണ് നമ്മുടെ താത്പര്യമില്ലാത്തതുകൊണ്ടല്ല, നമ്മളെ വിളിക്കാത്തതുകൊണ്ടാണെന്ന് മനസിലാകുന്നത്,’ നടൻ പറഞ്ഞു.

ഇത്തരത്തിലുള്ള അനുഭവങ്ങൾ ഒരു അഭിനേതാവെന്ന നിലയിൽ ഏറെ വിഷമിപ്പിക്കാറുണ്ടെന്നും നന്ദു കൂട്ടിച്ചേർത്തു. തനിക്ക് ചെയ്യാൻ കഴിയുമായിരുന്ന കഥാപാത്രങ്ങൾ ലഭിക്കാതെ പോയതിന്റെ നിരാശ പലപ്പോഴും തോന്നിയിട്ടുണ്ടെന്നും അത്തരം സിനിമകളുടെ പേരുകൾ ഇപ്പോൾ ഓർമയില്ലെന്നും താരം പറയുന്നു.

ട്വന്റി20. Photo. Facebook.com

‘ഇത്തരം കാര്യങ്ങളൊക്കെ മനസിന് ഭയങ്കര വിഷമമുണ്ടാക്കും. ‘ഇത് എനിക്ക് ചെയ്യാമായിരുന്നല്ലോ, എന്തുകൊണ്ടാണ് എന്നെ ഒഴിവാക്കിയത്’ എന്ന് തോന്നാറുണ്ട്. അങ്ങനെ ഒരുപാട് സിനിമകളുണ്ട്,’ നന്ദു പറഞ്ഞു.

Content Highlight: Actor Nandu shares his distress over the fact that, despite asking many people for an opportunity—even for just a small role in a film—no one offered him a chance

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more