ചെറിയ വേഷങ്ങളിലൂടെയെങ്കിലും മലയാളികള്‍ക്ക് എന്നും പരിചിതനായ അഭിനേതവാണ് നന്ദു പൊതുവാള്‍. മിമിക്രിയില്‍ നിന്നും സിനിമയിലെത്തി ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ അദ്ദേഹം പ്രൊഡക്ഷന്‍ കണ്‍ട്രോളറായും പ്രൊഡക്ഷന്‍ മാനേജറായും മലയാള സിനിമയുടെ അണിയറയിലും സജീവമാണ്.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത വെട്ടത്തിലെ നമസ്‌കാരം പറയുന്ന ട്രെയിന്‍ യാത്രക്കാരനടക്കം മാധ്യമ പ്രവര്‍ത്തകന്‍, വഴിപോക്കന്‍, ഓഫീസ് സ്റ്റാഫ് തുടങ്ങി പഴയകാല സിനിമകളിലെ പല റോളുകളിലും പ്രത്യക്ഷപ്പെട്ട നന്ദു പൊതുവാളിന് കരിയറില്‍ ലഭിച്ച മികച്ച വേഷമായിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് 2024ല്‍ പുറത്തിറങ്ങിയ ഭരതനാട്യം. ചിത്രത്തില്‍ സൈജു കുറുപ്പ് അവതരിപ്പിച്ച ശശിധരന്‍ നായര്‍ എന്ന കഥാപാത്രത്തിന്റെ സഹോദരി ഭര്‍ത്താവായ അശോകനായിട്ടായിരുന്നു നന്ദു പൊതുവാള്‍ പ്രത്യക്ഷപ്പെട്ടത്.
നന്ദു പൊതുവാള്‍. Photo: Facebook.com
പ്രൊഡക്ഷന്‍ മാനേജറായി പ്രവര്‍ത്തിക്കവെ സെറ്റില്‍ കൃത്യസമയം പാലിക്കുന്ന അഭിനേതാക്കളെ കുറിച്ച് നന്ദു പൊതുവാള്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സിനിമാ പേജുകളില്‍ ചര്‍ച്ചയാകുന്നത്. സിനിമാ സെറ്റുകളില്‍ നിര്‍മാതാവും സൂപ്പര്‍താരങ്ങളും തമ്മില്‍ സമയത്തെ ചൊല്ലി പലപ്പോഴും തര്‍ക്കങ്ങള്‍ ഉടലെടുക്കാറുള്ള സാഹചര്യത്തിലാണ് മോഹന്‍ലാലും പൃഥ്വിരാജും അടക്കമുള്ള സീനിയര്‍ താരങ്ങളുടെ സെറ്റിലുള്ള കൃത്യനിഷ്ഠതയെ കുറിച്ച് നന്ദു പൊതുവാള്‍ വാചാലനായത്.
‘പൊതുവെ എല്ലാ താരങ്ങളും അവരുടെതായ സമയക്രമം പാലിക്കുന്നുണ്ടെങ്കിലും മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയ താരങ്ങളെല്ലാം സമയത്തിന്റെ കാര്യത്തില്‍ കിറുകൃത്യമാണ്. ഇവരോട് തലേ ദിവസം പറഞ്ഞാല്‍ അവര്‍ ഏഴ് മണിക്ക് തന്നെ സെറ്റിലെത്തും. ഞാന്‍ വര്‍ക്ക് ചെയ്തിരിക്കുന്ന ഒരു ചിത്രത്തിന്റെ സെറ്റിലും ഇവര്‍ എനിക്ക് ടെന്‍ഷന്‍ നല്‍കിയിട്ടില്ല.
മോഹന്‍ലാല്‍, പൃഥ്വിരാജ്. Photo: Facebook.com
അന്നെല്ലാം മൂന്നും നാലും പടത്തില്‍ ഇവരെല്ലാവരും ഒന്നിച്ചഭിനയിക്കുന്ന സമയമായിരുന്നു. അത്രയും ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിക്കുന്നതിനാല്‍ തന്നെ പെട്ടെന്ന് പെട്ടെന്ന് കാര്യങ്ങള്‍ നടക്കുമായിരുന്നു. നല്ല രീതിയില്‍ തന്നെയാണ് നമ്മളോട് അവര്‍ പെരുമാറിയതും. പ്രത്യേകിച്ച് മോഹന്‍ലാല്‍, സെറ്റുകളില്‍ യുവതാരങ്ങളെക്കാള്‍ മുമ്പ് ലാലേട്ടനെ കാണാന്‍ സാധിക്കും. പണ്ട് ഒരു വര്‍ഷം മുപ്പതിലധികം സിനിമകള്‍ ചെയ്ത സമയത്തും അദ്ദേഹം ഈ പ്രൊഫഷണിലിസം കാണിച്ചിട്ടുണ്ട്,’ നന്ദു പൊതുവാള്‍ പറഞ്ഞു.
Content Highlight: Actor Nandu Poduval talks about punctuality of Mohanlal and prithviraj