മുപ്പത് വർഷത്തോളമായി സിനിമാരംഗത്ത് സജീവമാണ് നന്ദു. എങ്കിലും മോഹൻലാൽ നായകനായി എത്തിയ സ്പിരിറ്റ് എന്ന ചിത്രത്തിലെ കുടിയൻ കഥാപാത്രമാണ് നന്ദുവിനെ പ്രശസ്തനാക്കിയത്. 1986ൽ മോഹൻലാൽ ചിത്രം സർവകലാശാലയിലൂടെയാണ് സിനിമയിലേക്ക് പ്രവേശിക്കുന്നത്. സംവിധായകൻ പ്രിയദർശന്റെ പല ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം ലൂസിഫറിലും എമ്പുരാനിലും നന്ദു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലേക്ക് താൻ എത്തിയതിയതിനെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ നടൻ. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടന്റെ പ്രതികരണം.
ലൂസിഫറിൽ തനിക്ക് ലഭിച്ച വേഷം നൂറ് ശതമാനവും താൻ ചോദിച്ച് വാങ്ങിയതാണെന്ന് നടൻ നന്ദു പറയുന്നു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ തനിക്കും ഒരു വേഷം വേണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും നന്ദു പറഞ്ഞു.
നന്ദു . Photo. Screen Grab/ Youtube
‘രാജു അന്ന് വേറെ ഏതോ സിനിമ ചെയ്യുകയാണ്. ഞാൻ രാജുവിനോട് പറഞ്ഞു, നീ ആദ്യമായിട്ട് ഒരു പടം ഡയറക്ട് ചെയ്യുമ്പോൾ എനിക്ക് ഒരു വേഷം തരണം എന്ന്. ചേട്ടാ, ഒരു വേഷവും ഇല്ല, എന്ത് വേഷം തരാനാ എന്നായിരുന്നു രാജു പറഞ്ഞത്. എനിക്ക് ഒരു സീൻ മതി, ആരെങ്കിലും സംസാരിക്കുന്നുണ്ടെങ്കിൽ സൈഡിലൂടെ നടന്നുപോയാലും മതി. നിങ്ങൾ ചെയ്യുന്ന സിനിമയുടെ ഫ്രെയിമിൽ ഞാൻ വരിക എന്നുള്ളത് എന്റെ ആഗ്രഹമാണ് എന്ന് പറഞ്ഞു. അങ്ങനെയാണ് പിന്നീട് രാജു വിളിച്ച് ചെറിയൊരു വേഷമാണെന്നും രണ്ട് ദിവസത്തെ ഷൂട്ടേയുള്ളൂ എന്നും പറഞ്ഞത്,’ നന്ദു പറഞ്ഞു.
ലൂസിഫറിന്റെ ചിത്രീകരണത്തിനായി ആദ്യമായി സെറ്റിലെത്തിയപ്പോൾ മോഹൻലാലിനെയും കണ്ടിരുന്നുവെന്ന് നന്ദു പറഞ്ഞു. തന്റെ കഥാപാത്രം എന്താണെന്ന് അറിയാമോ എന്ന് മോഹൻലാൽ ചോദിച്ചപ്പോൾ പൃഥ്വിരാജ് പറഞ്ഞുതരുമെന്നാണ് കരുതുന്നതെന്ന് നന്ദു മറുപടി നൽകി.
നന്ദു . Photo. Screen Grab/ Youtube
‘ഈ സിനിമയിൽ ആകെക്കൂടെ നല്ല മനസ്സുള്ള ഒരേയൊരുത്തൻ താനാണ്, ബാക്കി എല്ലാവരും കുഴപ്പക്കാരാണ്,’ എന്ന് അന്ന് മോഹൻലാൽ തന്നോട് പറഞ്ഞതായും നന്ദു വ്യക്തമാക്കി. ചെറിയ വേഷമായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു അതെന്നും എമ്പുരാൻ എത്തിയതോടെ ആ കഥാപാത്രത്തിന് കുറച്ചുകൂടി ശ്രദ്ധ ലഭിച്ചെന്നും നന്ദു പറഞ്ഞു.
Content Highlight: Actor Nandhu talks about lucifer movie