സിനിമയിൽ നായികമാരോടൊപ്പം അഭിനയിക്കുമ്പോൾ ആ കഥാപാത്രത്തോട് ആത്മാർഥമായ പ്രണയം തോന്നണമെന്നാണ് തന്റെ അഭിപ്രായമെന്ന് നടൻ മുകേഷ്. നായികയുടെ കഥാപാത്രത്തെ പ്രേക്ഷകർക്ക് പ്രണയിക്കാൻ കഴിയണമെങ്കിൽ ആദ്യം ആ കഥാപാത്രത്തെ താൻ ആത്മാർഥമായി പ്രണയിക്കണമെന്നും മുകേഷ് പറയുന്നു. ഇതുവരെ 125 നായികമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെന്നും ഓരോരുത്തർക്കൊപ്പവും ആത്മാർഥമായാണ് അഭിനയിച്ചിട്ടുള്ളതെന്നും നടൻ മുകേഷ് അമൃത ടി.വിയിലെ കോമഡി മാസ്റ്റേഴ്സ് പരിപാടിയിൽ പറഞ്ഞു.
‘ഏത് നായികയാണോ അവരുടെ കഥാപാത്രം നന്നായി ചെയ്യുന്നത്, അവരോടാണ് എനിക്ക് ഏറ്റവും ഇഷ്ടം. സിനിമയിലെ നായികമാരോട് നമുക്ക് പ്രണയം തോന്നണം. എന്നാൽ മാത്രമേ ആ കഥാപാത്രമായി നമ്മൾ വിജയിക്കുകയുള്ളൂ. അത് കഴിഞ്ഞാൽ വിട്ടുകള. അഭിനയിക്കുന്ന സമയത്ത് നമ്മൾക്ക് പ്രണയമൊന്നും തോന്നുന്നില്ലെന്ന് മനസിൽ കരുതിയാൽ പിന്നെ എങ്ങനെ അഭിനയിച്ചാലും ആ ഒരു വേർതിരിവ് വരും.
മുകേഷ്. Photo. Screen Grab/ Youtube
നമ്മൾ ആത്മാർഥമായി അവരെ പ്രണയിച്ചിരിക്കണം. ഇനി കഥാപാത്രം നല്ലതാണെങ്കിലും ചീത്തയാണെങ്കിലും അതുപോലെ തന്നെ. അതുകൊണ്ട് എല്ലാവരുടെയും കൂടെ ഞാൻ ആത്മാർഥമായിത്തന്നെയാണ് അഭിനയിച്ചിട്ടുള്ളത്. ഇതുവരെ 125 നായികമാരുടെ കൂടെ അഭിനയിച്ചിട്ടുണ്ട്,’ മുകേഷ് പറഞ്ഞു.
ഒരുപാട് നായികമാർക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ബോളിവുഡ് താരം മാധുരി ദീക്ഷിതിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം നടക്കാതെ പോയതിന്റെ നിരാശയും മുകേഷ് പങ്കുവെച്ചു. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ‘അകലത്തെ അമ്പിളി’ എന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ടാണ് ഈ സംഭവം നടന്നത്.
‘ചിത്രത്തിൽ മമ്മൂട്ടിയും താനും തുല്യപ്രാധാന്യമുള്ള നായക കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. തന്റെ കഥാപാത്രത്തിന്റെ കാമുകിയായി ഒരു നായികയെ ആവശ്യമുണ്ടായിരുന്നു. അന്ന് ഹിന്ദി നായികമാരെ മലയാള സിനിമയിലേക്ക് കൊണ്ടുവരുന്ന കാലമായിരുന്നു. അങ്ങനെ ഒരു നായികയെ കണ്ടെത്താൻ പ്രൊഡക്ഷൻ ടീമിലെ ആളുകൾ ബോംബെയിൽ പോയി.
അവിടെ നിന്ന് ഒന്നുരണ്ട് പേരുടെ വിവരങ്ങൾ വന്നെങ്കിലും മലയാള സിനിമയാണെന്ന് പറഞ്ഞപ്പോൾ ചിലർ താത്പര്യം കാണിച്ചില്ല. അങ്ങനെയിരിക്കെ ഒരു പെൺകുട്ടി മലയാളം പഠിച്ചെടുക്കാമെന്നും അതിൽ പ്രശ്നമില്ലെന്നും പറഞ്ഞു. പക്ഷേ 15,000 രൂപയായിരുന്നു പ്രതിഫലം ചോദിച്ചത്. അന്നത്തെ കാലത്ത് അതൊരു വലിയ തുകയായിരുന്നു.
ഇവിടെനിന്ന് ഏഴായിരം രൂപ നൽകാമെന്ന് പറഞ്ഞു. പക്ഷേ അവർ 15,000 രൂപയിൽ നിന്ന് കുറയ്ക്കാൻ തയ്യാറായില്ല. അങ്ങനെയിരിക്കുമ്പോഴാണ് മമ്മൂക്കയുടെ വീട്ടിൽ എല്ലാവരും സീരിയൽ കണ്ടുകൊണ്ടിരുന്നപ്പോൾ ഒരു ഹിന്ദി സീരിയലിൽ സുപ്രിയ പഥകിനെ കാണുന്നത്. നസറുദ്ദീൻ ഷായുടെ ഭാര്യയുടെ അനിയത്തിയാണ് സുപ്രിയ. എല്ലാവർക്കും ആ പെൺകുട്ടിയെ ഇഷ്ടമായി. മമ്മൂക്കയ്ക്കും ഇഷ്ടപ്പെട്ടതോടെ സുപ്രിയ പഥകിനെ ചിത്രത്തിലേക്ക് തീരുമാനിച്ചു,’ മുകേഷ് ഓർത്തെടുത്തു.
മുകേഷ്. Photo. Facebook.com
പിന്നീടാണ് അന്ന് 15,000 രൂപ പ്രതിഫലം ആവശ്യപ്പെട്ട് ചർച്ചയായ ആ നായിക മറ്റാരുമായിരുന്നില്ല, മാധുരി ദീക്ഷിത് തന്നെയായിരുന്നുവെന്ന് അറിഞ്ഞത്. അന്ന് സിനിമകളിൽ അഭിനയിച്ചു തുടങ്ങിയിട്ടില്ലാതിരുന്ന മാധുരിയെ അന്ന് ചിത്രത്തിലേക്ക് പരിഗണിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തിൽ ധാരണയിലെത്താൻ കഴിയാതെ വരികയായിരുന്നു. മാധുരിക്കൊപ്പം അഭിനയിക്കാനുള്ള അവസരം അങ്ങനെ നഷ്ടമായതിന്റെ ചെറിയൊരു സങ്കടം ഇപ്പോഴുമുണ്ടെന്നും മുകേഷ് പറഞ്ഞു.
Content Highlight: Actor Mukesh stated that, in his view, one should feel a sincere love for the character when acting alongside female leads in films.