| Thursday, 25th December 2025, 12:15 pm

മോഹന്‍ലാല്‍, രജിനികാന്ത്, ശിവരാജ്കുമാര്‍ ഇപ്പം ദേ ഷാരൂഖ് ഖാനും? താരനിബിഡമായി ജയിലര്‍ 2

അശ്വിന്‍ രാജേന്ദ്രന്‍

സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരെ അടിമുടി ആവേശം കൊള്ളിച്ച ചിത്രമായിരുന്നു നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത് രജനീകാന്ത് നായകനായ ജയിലര്‍. മലയാളത്തില്‍ നിന്നും സൂപ്പര്‍താരം മോഹന്‍ലാലും കന്നടയില്‍ നിന്നും ശിവ രാജ്കുമാറും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയതോടെ ആരാധകര്‍ തിയേറ്റര്‍ പൂരപറമ്പാക്കിയിരുന്നു.

ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷം രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് ആരംഭിച്ചതായും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ആദ്യ ഭാഗത്തിലുള്ള സൂപ്പര്‍ താരങ്ങള്‍ക്ക് പുറമെ ബോളിവുഡ് കിങ് ഷാരൂഖ് ഖാനും ചിത്രത്തില്‍ അതിഥി വേഷത്തിലെത്തുന്നുണ്ടെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ആരാധകരെ ആവേശരാക്കിയിരിക്കുന്നത്. ബംഗാളി നടന്‍ മിഥുന്‍ ചക്രവര്‍ത്തിയാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഈ കാര്യം വെളുപ്പെടുത്തിയത്.

ഷാരൂഖ് ഖാന്‍. Photo: variety

ചിത്രത്തിലെ താരങ്ങളുടെ പേരെടുത്ത് പറഞ്ഞ അദ്ദേഹം മോഹന്‍ലാല്‍, ശിവ രാജ്കുമാര്‍, രമ്യ കൃഷ്ണന്‍, ഷാരൂഖ് ഖാന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ടാണ് വിവരം പുറത്തുവിട്ടത്. ഇതോടെ ദാദ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് ജേതാവായ മിഥുന്‍ ചക്രവര്‍ത്തിയും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ടെന്ന സ്ഥിരീകരണവും പുറത്തുവന്നിരിക്കയാണ്.

എന്നാല്‍ സംവിധായകനോ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരോ ഇതുമായി യാതൊരു അപ്‌ഡേഷനും പുറത്തുവിട്ടിട്ടില്ല. സംവിധായകന്റെയോ നിര്‍മാതാക്കളുടെയോ അറിവില്ലാതെ മിഥുന്‍ അബദ്ധവശാല്‍ പുറത്തുവിട്ടതാകാമെന്നാണ് സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍.

നേരത്തേ രജനികാന്ത് തന്നെ നായകനായ കൂലിയില്‍ ഗസ്റ്റ് റോളില്‍ ആദ്യം സമീപിച്ചത് ഷാരൂഖിനെ ആയിരുന്നുവെന്നും അദ്ദേഹം നിഷേധിച്ചതിനു ശേഷമാണ് ആമിര്‍ ഖാന്‍ വേഷം ചെയ്യാനെത്തിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതോടെ കഴിഞ്ഞ കുറച്ചു കാലങ്ങളായി തെന്നിന്ത്യന്‍ സിനിമകളില്‍ അതിഥിവേഷം ചെയ്യാനെത്തുകയെന്ന ബോളിവുഡ് താരങ്ങളുടെ ട്രെന്‍ഡിനൊപ്പം ചേരുകയാണ് കിങ് ഖാനും.

രജനികാന്ത്. Photo: GQ club

വാര്‍ത്ത പുറത്തുവന്നതോടെ വലിയ പ്രതീക്ഷയോടെയാണ് രജിനി-ലാല്‍-ശിവ രാജ്കുമാര്‍ ആരാധകരുള്ളത്. തമിഴകത്ത് നിന്നുമുള്ള ആദ്യ 1000 കോടി നേടുന്ന ചിത്രമായിരിക്കും ജയിലര്‍ 2 വെന്നും അനിരുദ്ധിന്റെ മ്യൂസിക്കില്‍ തിയേറ്റര്‍ കത്തുമെന്നുമാണ് സോഷ്യല്‍മീഡിയ കമന്റുകള്‍.

Content Highlight: actor midhun chakraborty confirms sharuk khan’s appearance in jailer two

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more