| Saturday, 18th March 2023, 11:40 pm

മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാത്തത് കൊണ്ടായിരിക്കാം ആ ബിഗ് ബജറ്റ് സിനിമ നടക്കാത്തത്: മനോജ് കെ. ജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമാപ്രേമികള്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് അമല്‍ നീരദ്-മമ്മൂട്ടി ചിത്രം ബിലാല്‍. 2007ല്‍ പുറത്തിറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ബിലാല്‍. സിനിമയുടെ ഷൂട്ടിനെ സംബന്ധിച്ചും അതിന്റെ റിലീസിനെ സംബന്ധിച്ചുമൊക്കെ പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ എല്ലായ്‌പ്പോഴും വരാറുണ്ട്. ഇപ്പോഴിതാ ബിലാലിനെ കുറിച്ച് പറയുകയാണ് നടന്‍ മനോജ് കെ. ജയന്‍. അദ്ദേഹവും സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കൊവിഡിന് മുമ്പ് തന്നെ സിനിമയുടെ ഷൂട്ട് നടക്കെണ്ടതായിരുന്നുവെന്നും പിന്നെയാണ് കൊറോണ വന്ന് ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടിയുടെ ഡേറ്റിന്റെ പ്രശ്‌നം കൊണ്ടായിരിക്കും സിനിമ വൈകുന്നതെന്നും ബിലാല്‍ എന്ന സിനിമ ഉറപ്പായും സംഭവിക്കുമെന്നും കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘ബിലാലിനെ കുറിച്ചുള്ള വാര്‍ത്തകളെല്ലാം വെറും അഭ്യൂഹങ്ങള്‍ മാത്രമാണ്. ഒന്നും പ്രോപ്പറായിട്ടല്ല വരുന്നത്. സിനിമ നടന്നുപോയേനേ, ഒരു പത്തനംതിട്ടക്കാരന്‍ വന്ന് ആദ്യത്തെ കൊറോണ പരത്തിപോയില്ലേ, അതിനും മൂന്ന് ദിവസം മുമ്പോ ഒരാഴ്ച്ച മുമ്പോ തുടങ്ങാനിരുന്ന പടമായിരുന്നു ബിലാല്‍.

കൊറോണ എന്നൊരു സാധനം വന്നു, കേരളത്തില്‍ ഒരാള്‍ വന്നിറങ്ങി, പ്രശ്നമായി, അലമ്പായി, ഈ സിനിമ അന്ന് കാന്‍സലായി. എന്റെ ഡേറ്റ് 20 ദിവസത്തോളം മേടിച്ചുവെച്ചതാണ്. കൊറോണ വന്ന് ആദ്യം തെറിച്ച് പോയ പടമിതാണ്. അല്ലെങ്കില്‍ ബിലാല്‍ അന്ന് നടന്നുപോയേനേ.

മമ്മൂക്കയുടെ ഡേറ്റിന്റെ പ്രശ്നം കൊണ്ടൊക്കെയായിരിക്കും ഇപ്പോഴും സിനിമ നടക്കാതിരിക്കുന്നത്. അദ്ദേഹം വരിവരിയായി പടങ്ങള്‍ ചെയ്യുകയാണല്ലോ. എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. ബിലാല്‍ എന്ന സിനിമ തീര്‍ച്ചയായും ഉണ്ടാവും. അതിലൊരു സംശയുമില്ല. എല്ലാം കൂടി ഒത്തുചേര്‍ന്ന് വരണം. അമലും വേറെ പ്രോജക്ടൊക്കെ ചെയ്യുന്നുണ്ടല്ലോ. ഞാനടക്കമുള്ള ബിഗ് ബിയുടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍,’ മനോജ് കെ. ജയന്‍ പറഞ്ഞു.

ബിഗ് ബിയില്‍ മമ്മൂട്ടിക്ക് പുറമെ ബാല, മംമ്ത മോഹന്‍ദാസ്, വിജയ രാഘവന്‍, ലെന തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിനിമ തിയേറ്ററില്‍ പരാജയമായിരുന്നു എങ്കിലും പിന്നീട് വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടു.

content highlight: actor manoj k jayan talks about mammootty and bigb

We use cookies to give you the best possible experience. Learn more