| Monday, 7th July 2025, 1:46 pm

നസീർ സാറിനെ ആരാധിക്കുന്നവർ ടിനിയെ കല്ലെറിയും; ഞാൻ അങ്ങനെ പറഞ്ഞിട്ടില്ല: മണിയൻപിള്ള രാജു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ ദിവസം ഏറ്റവും ചര്‍ച്ചയായ പ്രേം നസീറിനെക്കുറിച്ചുള്ള കഥകള്‍ താന്‍ പറഞ്ഞുതന്നതാണെന്ന ടിനി ടോമിന്റെ വാദം തള്ളി നടന്‍ മണിയന്‍പിള്ള രാജു. സംവിധായകന്‍ ആലപ്പി അഷ്‌റഫിനോട് നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മണിയന്‍പിള്ള ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ ഒരിക്കലും ഇങ്ങനെയൊരു കാര്യം പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ മണിയന്‍പിള്ള രാജു ടിനി ടോം ഇത്തരം മണ്ടത്തരങ്ങള്‍ പറഞ്ഞ് ഇതിന് മുമ്പും വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ മണിയന്‍പിള്ള രാജുവുമായുള്ള ഫോണ്‍ സംഭാഷണം ആലപ്പി അഷ്‌റഫ് പുറത്ത് വിട്ടു.

താൻ ദൈവതുല്യനായി കാണുന്ന വ്യക്തിയാണെന്നും മഹാനായ ഒരാളെപ്പറ്റി മോശമായി പറയുന്നതെന്തിനാണെന്നും അദ്ദേഹം പറയുന്നു. നസീറിനെ ആരാധിക്കുന്നവർ ഒരുപാട് ഉണ്ടെന്നും അവർ ടിനിയെ കല്ലെറിയുമെന്നും മണിയൻപിള്ള രാജു പറഞ്ഞു.

മണിയന്‍പിള്ള രാജുവുമായുള്ള ഫോൺസംഭാഷണത്തിൻ്റെ പൂർണരൂപം

‘ടിനിയൊന്നും നസീര്‍ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാന്‍ നസീര്‍ സാറുമായിട്ട് പത്തു പതിനഞ്ച് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അതുമാത്രമല്ല ഞാന്‍ എന്റെ ഇന്റര്‍വ്യൂകളിലും പ്രസംഗത്തിലുമൊക്കെ പറയാറുണ്ട്, ഇത്രയും ദൈവതുല്യനായ ഒരാളെ ജീവിതത്തില്‍ മുമ്പോ ശേഷമോ കണ്ടിട്ടില്ല എന്ന്. വര്‍ഷാവര്‍ഷം നടക്കുന്ന നസീര്‍ സാറിന്റെ പരിപാടികളില്‍ ഞാന്‍ പോയി സംസാരിക്കുന്ന ആളാണ് ഞാൻ.

ഈ ടിനി ടോം മുമ്പും മണ്ടത്തരങ്ങള്‍ പറഞ്ഞ് വിവാദങ്ങളില്‍ ചെന്ന് പെട്ടിട്ടുണ്ട്. എന്തിനാണ് ഇത്ര മഹാനായ ഒരാളെപ്പറ്റി മോശമായി പറയുന്നത്? ഇവന് ഭ്രാന്താണെന്ന് തോന്നുന്നു. മരിച്ചു പോയ ഒരാളാണ്. ദൈവതുല്യനായ മനുഷ്യനാണ്. ഏറ്റവും കൂടുതല്‍ നായകനായതിന്റെ റെക്കോര്‍ഡുള്ള മനുഷ്യനാണ് നസീര്‍ സാര്‍. ഞാന്‍ ഒരിക്കലും അദ്ദേഹത്തെപ്പറ്റി അങ്ങനെയൊരു കാര്യം പറയില്ല. നസീര്‍ സാറിനെ ഇഷ്ടപ്പെടുന്ന ആരാധിക്കുന്നവർ ഉണ്ട്. അവർ ടിനിയെ കല്ലെറിയും.

ടിനി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണം. ടിനിയുടെ പ്രസ്താവനയില്‍ ആരൊക്കെയോ കേസ് കൊടുത്തിട്ടുണ്ട്. ഞാന്‍ അങ്ങനെ പറയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഞാൻ അദ്ദേഹത്തെക്കുറിച്ച് പറയില്ല. അദ്ദേഹത്തെക്കുറിച്ച് ഞാന്‍ എത്രയോ തവണ എഴുതിയിട്ടുണ്ട്. രണ്ട് പടം വന്നാല്‍ പണ്ട് നടന്ന വഴിയൊക്കെ മറക്കും ഇവരെല്ലാം. അങ്ങനെയൊന്നും ചെയ്യാന്‍ പാടില്ല,’ മണിയന്‍പിള്ള രാജു പറഞ്ഞു.

നസീർ സാറിനെ ഞാൻ നേരിൽ കണ്ടിട്ടില്ല, പക്ഷെ അദ്ദേഹത്തേക്കുറിച്ച് സീനിയർ തന്ന ഒരു ഇൻഫർമേഷൻ ആണത്. അല്ലാതെ ഞാൻ അന്തരീക്ഷത്തിൽ നിന്ന് ആവാഹിച്ചെടുത്തതല്ല. ഞാൻ അങ്ങനെ ഒരു തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നിരുപാധികം മാപ്പും ക്ഷമയും പറയുന്നു,’ എന്നാണ് ടിനി ടോം പറഞ്ഞത്.

Content Highlight: Actor Maniyanpilla Raju has denied Tiny Tom’s claim About Prem Nazir

We use cookies to give you the best possible experience. Learn more