| Tuesday, 13th January 2026, 8:48 pm

പണമുണ്ടായിട്ടും ബെന്‍സൊന്നും വാങ്ങാതെ സാമ്പത്തിക ഭദ്രത നേടുന്നവരാണ് ജീവിതത്തില്‍ വിജയിക്കുക; കമല്‍ഹാസന്റെ ഉപദേശത്തെക്കുറിച്ച് മണിക്കുട്ടന്‍

അശ്വിന്‍ രാജേന്ദ്രന്‍

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് മണിക്കുട്ടന്‍. 2004 മുതല്‍ സംപ്രേഷണം ചെയ്ത് തുടങ്ങിയ കായംകുളം കൊച്ചുണ്ണി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരം ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റെതായ സ്ഥാനം നേടിയെടുത്തിട്ടുണ്ട്. 1999 ല്‍ ബാലതാരമായി വര്‍ണ്ണച്ചിറകുകള്‍ എന്ന ചിത്രത്തില്‍ വേഷമിട്ട് തുടങ്ങിയ താരം താരസംഘടനകള്‍ സംഘടിപ്പിക്കുന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലും റിയാലിറ്റി ഷോയായ ബിഗ് ബോസിലും തിളങ്ങിയിരുന്നു.

മണിക്കുട്ടന്‍ ബിഗ് ബോസ് വേദിയില്‍. Photo: Times Now

കാര്യം സാമ്പത്തികമാണ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മണിക്കുട്ടന്‍ തമിഴ് സൂപ്പര്‍ താരം കമല്‍ഹാസനെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ജീവിതത്തില്‍ സാമ്പത്തിക അച്ചടക്കം നേടാന്‍ കമല്‍ഹാസന്‍ പറഞ്ഞ വാക്കുകള്‍ എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു മണിക്കുട്ടന്‍ പങ്കുവെച്ച അനുഭവം.

‘തമിഴില്‍ എന്റെ നല്ല സുഹൃത്തായ ഒരു തിരക്കഥാകൃത്തുണ്ട്, അദ്ദേഹം കമല്‍ ഹാസന്‍ സാറിന്റെ അടുത്ത സുഹൃത്തും കൂടിയാണ്. ഈയടുത്ത് ഞങ്ങള്‍ രണ്ടുപേരും സംസാരിച്ചപ്പോള്‍ അദ്ദേഹത്തിന് കമല്‍ ഹാസന്‍ സാര്‍ നല്‍കിയ ഉപദേശം എന്നോട് പങ്കുവെച്ചിരുന്നു. ജീവിതത്തില്‍ എപ്പോഴും സ്‌റ്റേബിള്‍ ആയി പോകുന്ന ആളെന്ന് പറയുന്നത് ബെന്‍സ് കാറോ മറ്റ് ലക്ഷ്വറി കാറുകളോ വാങ്ങാന്‍ പണമുണ്ടായിട്ടും വാങ്ങാതെ ആ പണം വെച്ച് ജീവിതം കൂടുതല്‍ മെച്ചപ്പെടുത്താന്‍ നോക്കുന്നവരാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

കമല്‍ ഹാസന്‍. Photo: Lokmat Times

ഇത്തരത്തില്‍ വരവിലധികം ചെലവാക്കാതെ സാമ്പത്തികമായ അച്ചടക്കം കാത്തുസൂക്ഷിക്കുന്നവരാണ് എപ്പോഴും ജീവിതത്തില്‍ വിജയിക്കുന്നതെന്നായിരുന്നു കമല്‍ ഹാസന്‍ സാര്‍ പറഞ്ഞത്. ഈയൊരു കാര്യം ഞാനറിഞ്ഞപ്പോള്‍ ശരിയാണല്ലോ എന്ന് തോന്നി. സാമ്പത്തിക ബാധ്യതയുണ്ടാക്കി വണ്ടിയോ മറ്റോ വാങ്ങിക്കുന്നതിന് പകരം വില കുറഞ്ഞ ഒരു കാര്‍ വാങ്ങിച്ച് ബാക്കി പണം ലാഭകരമായ എന്തിലെങ്കിലും നിക്ഷേപിക്കുന്നതാണ് നല്ലത്,’ മണിക്കുട്ടന്‍ പറയുന്നു.

നമുക്ക് എപ്പോഴാണ് നല്ല കാലവും മോശം കാലമെന്നും ഒരിക്കലും പറയാന്‍ പറ്റില്ലെന്നും അത് എല്ലാ മേഖലയിലും സമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിലുള്ള അറിവുകള്‍ ഒരു വ്യക്തിയെന്ന രീതിയില്‍ തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Actor Manikuttan talks about kamal haasan’s words

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more