| Sunday, 29th November 2026, 1:24 pm

റിമിയുടെ പാട്ട് കേട്ടാണോ ലിബിൻ ഇഷ്ടപ്പെട്ടത്, അതോ മസിൽ കണ്ടിട്ടോ? ഇനി പാട്ട് ഫ്രീയായി കേൾക്കലോ: മമ്മൂട്ടി

അജ്മല്‍ കെ

ഗായിക റിമി ടോമിയുടെ വിവാഹത്തെക്കുറിച്ചും പങ്കാളി ലിബിനെക്കുറിച്ചും രസകരമായ കമന്റുകളുമായി നടൻ മമ്മൂട്ടി. റിമിയുടെ വിവാഹത്തിന് തന്നെ ഫോൺ കോളിലൂടെയാണ് ക്ഷണിച്ചതെന്നും പഴയകാലത്തെ വിവാഹക്ഷണ രീതികളിൽ നിന്ന് ഇന്നത്തെ രീതികൾക്ക് വലിയ മാറ്റമുണ്ടായെന്നും മമ്മൂട്ടി പറഞ്ഞു. റിമിയുടെ പാട്ടാണോ അതോ ലിബിന്റെ മസിലാണോ ഇരുവരെയും അടുപ്പിച്ചതെന്ന ചോദ്യവും താരം ചോദിച്ചു. കൈരളി ടിവി സംഘടിപ്പിച്ച ഫീനിക്സ് അവാർഡ് വേദിയിലായിരുന്നു രസകരമായ ഈ സംഭാഷണം.

റിമിക്ക് ആശംസകൾ നേർന്നുകൊണ്ടാണ് മമ്മൂട്ടി സംസാരിച്ചുതുടങ്ങിയത്. റിമിയുടെ വിവാഹത്തിന് ഒരു ഫോൺ കോളിലൂടെയാണ് തന്നെ ക്ഷണിച്ചതെന്നും ഇന്നത്തെ കാലത്ത് വിവാഹക്ഷണങ്ങൾ കൂടുതലും ഫോൺ കോളുകളിലൂടെയും വാട്സാപ്പ് സന്ദേശങ്ങളിലൂടെയുമാണെന്നും അദ്ദേഹം പറഞ്ഞു. പഴയകാലത്ത് വിവാഹം ക്ഷണിക്കുന്ന രീതിയും അതിനോടുള്ള ആളുകളുടെ സമീപനവും മറ്റൊന്നായിരുന്നുവെന്നും മമ്മൂട്ടി ഓർത്തെടുത്തു.

ഫീനിക്സ് അവാർഡ്. Photo. Screen Grab/Youtube/ Kairali t.v

‘പണ്ടൊക്കെ കല്യാണം വിളിക്കാൻ നേരിട്ട് വീട്ടിൽ പോകണം. ഒരാൾ മാത്രം പോയി വിളിച്ചാൽ പോരാ. വീട്ടിലുള്ള അച്ഛനും അമ്മയും അടക്കമുള്ളവർ പോയി ക്ഷണിക്കണം. അവിടെനിന്ന് ചായയും കുടിച്ചിട്ടേ മടങ്ങൂ. ഇപ്പോൾ ഒരു വാട്സാപ്പ് മെസേജോ ഫോൺ കോളോ മതി. വിളിക്കുന്നവർക്കും വിളിക്കപ്പെടുന്നവർക്കും അതാണ് സൗകര്യം. നമ്മളെ വിളിക്കാൻ വരുന്നതും കാത്തിരിക്കേണ്ടല്ലോ. ഒരു മെസേജ് അയച്ചാൽ മതി. പോകാൻ പറ്റിയാൽ പോകാം, ഇല്ലെങ്കിൽ പോകേണ്ട,’ മമ്മൂട്ടി പറഞ്ഞു.

റിമി ടോമിയുടെ വിവാഹം വലിയ ആർഭാടങ്ങളോടെയായിരുന്നില്ലെന്നും മമ്മൂട്ടി തമാശയായി പറഞ്ഞു. എല്ലാവരും വിവാഹത്തിന് എത്തുമെന്ന പേടികൊണ്ടാണോ എന്നറിയില്ല, വിവാഹം ബോംബെയിലാണ് നടത്തിയതെന്നും അദ്ദേഹം തമാശ രൂപേണ പറഞ്ഞു.

ഇതിനുപിന്നാലെയാണ് റിമിയുടെ പങ്കാളി ലിബിനെക്കുറിച്ചുള്ള മമ്മൂട്ടിയുടെ രസകരമായ ചോദ്യം. റിമിയുടെ പാട്ട് കേട്ടാണോ ലിബിൻ ഇഷ്ടപ്പെട്ടത്, അതോ ലിബിന്റെ മസിൽ കണ്ടാണോ റിമി ഇഷ്ടപ്പെട്ടതെന്ന് അറിയില്ലെന്നായിരുന്നു താരത്തിന്റെ കമന്റ്. ലിബിൻ ബോംബെക്കാരനായതിനാൽ അദ്ദേഹത്തോട് സംസാരിക്കാൻ തനിക്ക് അറിയാവുന്ന വാക്ക് ‘ജാവോ’ മാത്രമാണെന്നും മമ്മൂട്ടി പറഞ്ഞു. എന്നാൽ ഇപ്പോൾ ലിബിനോട് ‘നഹി ജാവോ’ എന്നാണ് പറയുന്നതെന്നും താരം കൂട്ടിച്ചേർത്തു.

മമ്മൂട്ടിയുടെ പരാമർശങ്ങൾക്ക് മറുപടിയായി ലിബിനും സംസാരിച്ചു. മലയാളം അധികം അറിയില്ലെങ്കിലും പരമാവധി സംസാരിക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ ലിബിൻ, ചെറുപ്പം മുതൽ വീട്ടിൽ ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്നും റിമി ജീവിതത്തിലേക്ക് വന്ന ശേഷമാണ് മലയാളം പഠിക്കാൻ തുടങ്ങിയതെന്നും പറഞ്ഞു.

‘എനിക്ക് അധികം മലയാളം സംസാരിക്കാൻ അറിയില്ല. പക്ഷേ പരമാവധി ശ്രമിക്കാം. ചെറുപ്പം മുതൽ വീട്ടിൽ മലയാളം സംസാരിച്ചിട്ടില്ല. സാധാരണ ഹിന്ദിയാണ് സംസാരിക്കാറുള്ളത്. റിമി എന്റെ ജീവിതത്തിലേക്ക് വന്നപ്പോഴാണ് കുറച്ചുകുറച്ചായി മലയാളം സംസാരിക്കാൻ പഠിച്ചത്,’ ലിബിൻ പറഞ്ഞു.

മമ്മൂട്ടി ചോദിച്ച ചോദ്യത്തിന് മറുപടിയായി റിമിയുടെ സ്വഭാവമാണ് തന്നെ ആദ്യം ആകർഷിച്ചതെന്നും ലിബിൻ പറഞ്ഞു. റിമിയുടെ പാട്ടിനെക്കുറിച്ച് താൻ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലെന്നും കേരളത്തിലെ മലയാളികൾക്കെല്ലാം അതറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലിബിന്റെ മറുപടിക്ക് പിന്നാലെ വീണ്ടും തമാശയുമായി മമ്മൂട്ടിയെത്തി. റിമിയുടെ പാട്ടുകൾ ഇനി ജീവിതകാലം മുഴുവൻ സൗജന്യമായി കേൾക്കാമല്ലോ എന്നതാണ് തനിക്ക് ഏറ്റവും കൂടുതൽ അസൂയ തോന്നുന്ന കാര്യമെന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകൾ.

ഇതിന് പിന്നാലെ തനിക്ക് ലഭിക്കുന്ന സന്ദേശങ്ങളെക്കുറിച്ചും ലിബിൻ പറഞ്ഞു. റിമിയുടെ പാട്ടുകൾ കേൾക്കാൻ ലൈഫ് ടൈം ഫ്രീ സ്പോട്ടിഫൈ മെമ്പർഷിപ്പ് ലഭിച്ചുവെന്നാണ് പലരും സന്ദേശങ്ങളിലും കമന്റുകളിലും പറയുന്നതെന്നും ലിബിൻ ചിരിയോടെ പറഞ്ഞു.

എന്നാൽ ലിബിനെ വിവാഹം ചെയ്തതിനെക്കുറിച്ച് മറ്റൊരു രസകരമായ വിശദീകരണമാണ് റിമി നൽകിയത്. ലിബിനെ വിവാഹം ചെയ്തതോടെ ജീവിതകാലം മുഴുവൻ സൗജന്യമായി പേഴ്സണൽ ട്രെയിനറെ ലഭിച്ചുവെന്നാണ് പലരും തന്നോട് പറയുന്നതെന്ന് റിമി പറഞ്ഞു.

ഫീനിക്സ് അവാർഡ്. Photo. Screen Grab/Youtube/ Kairali t.v

‘എന്നോട് എല്ലാവരും പറഞ്ഞത് പേഴ്സണൽ ട്രെയിനിങ്ങിന് വേണ്ടി ജീവിതകാലം മുഴുവൻ സൗജന്യമായി ഒരാളെ കിട്ടിയെന്നാണ്. പക്ഷേ അങ്ങനെയൊന്നുമല്ല. അങ്ങനെ ഒരു ചിന്ത എനിക്കില്ല. എനിക്ക് ഈ മനുഷ്യനെയാണ് ഇഷ്ടപ്പെട്ടത്,’ എന്നായിരുന്നു റിമിയുടെ മറുപടി.

റിമി ടോമിയും ലിബിനും എം.പി ജോൺ ബ്രിട്ടാസും വേദിയിലുണ്ടായിരുന്നപ്പോഴായിരുന്നു മമ്മൂട്ടിയുടെ ഈ രസകരമായ സംഭാഷണം. താരങ്ങളുടെ മറുപടികളും തമാശകളും വേദിയിൽ ചിരി പടർതുകയായിരുന്നു.

Content Highlight:  Actor Mammootty shares interesting comments regarding singer Rimi Tomy’s marriage and her partner, Libin.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more