| Thursday, 9th April 2026, 7:13 am

കോമഡി എന്റെ മുഖത്തിന് ചേരാത്ത പോലെ തോന്നും; പ്രേക്ഷകരെ ചിരിപ്പിക്കാൻ എനിക്ക് പാടാണ്: മമ്മൂട്ടി

നന്ദന എം.സി

മലയാളികളുടെ അഭിമാന താരമായ മമ്മൂട്ടി വീണ്ടും തന്റെ വ്യത്യസ്തമായ നിലപാടുകൾ കൊണ്ട് ശ്രദ്ധ നേടുകയാണ്. അഭിനയ വൈവിധ്യത്തിലൂടെയും ഓരോ കഥാപാത്രത്തെയും പുതുമയോടെ അവതരിപ്പിക്കുന്നതിലും എപ്പോഴും മുൻപന്തിയിൽ നിൽക്കുന്ന മമ്മൂട്ടി, ഒരേ തരത്തിലുള്ള കഥാപാതങ്ങൾ ആവർത്തിക്കാതെ സിനിമകളിൽ മാറ്റം കൊണ്ടുവരുന്നതിൽ എന്നും പ്രത്യേക ശ്രദ്ധ പുലർത്തുന്ന താരമാണ്. കാതൽ ദി കോർ, കണ്ണൂർ സ്ക്വാഡ്, ഭ്രമയുഗം, കളങ്കാവൽ തുടങ്ങിയ ചിത്രങ്ങൾ അതിന്റെ മികച്ച ഉദാഹരണങ്ങളാണ്.

മമ്മൂട്ടി, Photo: Mammootty/ Facebook

ഏത് കഥാപാത്രത്തെയും അനശ്വരമാക്കുന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരം, ഇപ്പോഴിതാ കോമഡി തനിക്ക് അത്ര വഴങ്ങാത്ത ഒരു മേഖലയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.

തന്റെ മുഖഭാവങ്ങൾക്ക് പൂർണ്ണമായി ചേരുന്ന ഇമോഷൻ കോമഡി അല്ലെന്നാണ് മമ്മൂട്ടിയുടെ തുറന്നുപറച്ചിൽ. എന്നാൽ വ്യക്തിപരമായി തമാശകൾ തനിക്ക് ഏറെ ഇഷ്ടമാണെന്നും താരം കൂട്ടിച്ചേർത്തു. ‘ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം പങ്കുവെച്ചത്

‘പ്രേക്ഷകരെ ചിരിപ്പിക്കാൻ എനിക്ക് പാടാണ്. കോമഡി എനിക്ക് പ്രയാസമുള്ള കാര്യമാണ്. അത് എന്റെ മുഖത്തിന് ചേരാത്ത പോലെ തോന്നും. കോമഡി ഞാൻ ചെയ്താലും അതൊരു സീരിയസ് കഥാപാത്രമായിരിക്കും.

മമ്മൂട്ടി, Photo: YouTube/ Screengrab

പ്രേക്ഷകർക്കാണ് അത് തമാശയായി തോന്നേണ്ടത്. എന്നാൽ എനിക്ക് തമാശ വളരെ ഇഷ്ടമാണ്. പ്രേക്ഷകരും എന്നെ കൂടുതൽ കണ്ടിട്ടുള്ളത് റഫ് ആയ റോളുകളിൽ ആണ്’, മമ്മൂട്ടി പറഞ്ഞു.

പേട്രിയറ്റ് ആണ് ഇനി പുറത്തിറങ്ങാനുള്ള മമ്മൂട്ടി ചിത്രം. മലയാള സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണിത്’.

മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിൽ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നുവെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഏകദേശം പത്തൊന്പത് വർഷങ്ങൾക്ക് ശേഷമാണ് ഈ താരങ്ങൾ വീണ്ടും ഒരേ സിനിമയ്ക്കായി ഒന്നിക്കുന്നത്.

ചിത്രത്തിൽ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ നയൻ‌താര, രേവതി തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളിലെത്തുന്നു.

പൊളിറ്റിക്കൽ പശ്ചാത്തലത്തിൽ ആക്ഷനും ഡ്രാമയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള സിനിമയായിരിക്കും ‘പേട്രിയറ്റ്’ എന്നാണ് ട്രെയ്‌ലർ സൂചന നൽകുന്നത്.

പേട്രിയറ്റ്, Photo: Mammootty/ Facebook

മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കിടിലൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്ന് ട്രെയ്‌ലർ ഉറപ്പുനൽകുന്നു.

അതോടൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നിവർക്കും തുല്യ പ്രാധാന്യമുള്ള ശക്തമായ കഥാപാത്രങ്ങൾ ചിത്രത്തിലുണ്ടാകുമെന്ന പ്രതീക്ഷയും ഉയരുകയാണ്.

Content Highlight: Actor Mammootty says comedy doesn’t suit his face

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more