| Monday, 16th November 2026, 8:35 am

‘സാധാരണ ആണുങ്ങളാണ് ഇങ്ങനെയൊക്കെ ചെയ്യാറുള്ളത്, സായ് പല്ലവി ആക്ഷൻ ഹീറോയിനല്ല, ആക്ഷൻ ഹീറോയാണ്’; മമ്മൂട്ടി

അജ്മല്‍ കെ

സായ് പല്ലവിയുടെ ആക്ഷൻ പ്രകടനത്തെ പ്രശംസിച്ച് നടൻ മമ്മൂട്ടി. രാജ്കുമാർ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ധനുഷ് ചിത്രം ‘ഓ.എം’ൽ ഇൻസ്പെക്ടർ എ.സ്.പി നിത്യ റെഡ്ഢി ഐ.പി.എസ് എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ഫൈറ്റും ഇടിയും പേടിപ്പിക്കലുമെല്ലാമുള്ള ശക്തമായ പൊലീസ് കഥാപാത്രമാണ് താരത്തിന്റേതെന്ന് മമ്മൂട്ടി പറഞ്ഞു. സായ് പല്ലവിയുടെ ആക്ഷൻ രംഗങ്ങളിലെ പ്രകടനം കാണുമ്പോൾ ശരിക്കും ആയോധനകലകൾ പഠിച്ചിട്ടുണ്ടോ എന്ന് തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു മമ്മൂട്ടി. ആക്ഷൻ രംഗങ്ങൾ സായ് പല്ലവി വളരെ ആത്മാർഥതയോടെയാണ് ചെയ്യുന്നതെന്നും പരിക്കുകളും വീഴ്ചകളുമൊന്നും കാര്യമാക്കാതെ പ്രകടനം തുടരാറുണ്ടെന്നും താരം പറഞ്ഞു.

മമ്മൂട്ടി. Photo. Screen Grab/ Youtube

‘ഈ പടത്തിൽ സായ് പല്ലവി ഇൻസ്പെക്ടർ ആയിട്ടാണ് അഭിനയിക്കുന്നത്. ഭയങ്കര ഇൻസ്പെക്ടറാണ്. പേടിപ്പിക്കലും ഇടിക്കലും ഫൈറ്റും പിടിയുമൊക്കെയുണ്ട്. നല്ല ഡയലോഗുകളുമുണ്ട്. പൂച്ച ഇരുന്നിട്ട് പുലിയെപ്പോലെ ചാടുമെന്ന് പറയില്ലേ, അതുപോലെയാണ് ആക്ഷൻ രംഗങ്ങൾ ചെയ്യുമ്പോൾ സായിയുടെ പ്രകടനം. ഫൈറ്റൊക്കെ കാണുമ്പോൾ ശരിക്കും കരാട്ടെയോ അങ്ങനെയുള്ള എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ടാകുമെന്ന് തോന്നും. അത്രയും ആത്മാർഥമായിട്ടാണ് ചെയ്യുന്നത്’, മമ്മൂട്ടി പറഞ്ഞു.

ആക്ഷൻ രംഗങ്ങൾക്കിടെ സായ് പല്ലവി വീഴുകയും പരിക്കേൽക്കുകയും ചെയ്യാറുണ്ടെങ്കിലും അതൊന്നും കാര്യമാക്കാതെ പ്രകടനം തുടരാറുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. വിജയശാന്തിക്ക് ശേഷം മലയാളികൾക്ക് പരിചിതമായ ആക്ഷൻ നായികാ സങ്കൽപ്പത്തിൽനിന്ന് മാറി ഒരു ആക്ഷൻ ഹീറോയെ തന്നെ സായ് പല്ലവിയിൽ കാണാനാകുമെന്നും താരം അഭിപ്രായപ്പെട്ടു.

‘ഇടയ്ക്കൊക്കെ പൊട്ടുകയും തട്ടുകയുമൊക്കെ ചെയ്യുന്നുണ്ട്. വീഴുകയും ചെയ്യുന്നുണ്ട്. പക്ഷേ അതൊന്നും നോക്കാതെ ചെയ്യും. സാധാരണ ആണുങ്ങളാണ് ഇങ്ങനെയൊക്കെ ചെയ്യാറുള്ളത്. എനിക്ക് തോന്നുന്നു വിജയശാന്തിക്കൊക്കെ ശേഷം ആദ്യമായിട്ടായിരിക്കും ഇങ്ങനെയൊരു ആക്ഷൻ ഹീറോ. സായ് പല്ലവി ആക്ഷൻ ഹീറോയിനല്ല, ആക്ഷൻ ഹീറോയാണ്’, മമ്മൂട്ടി കൂട്ടിച്ചേർത്തു.

ഓ.എം. Photo. IMDb

ധനുഷ് നായകനാകുന്ന ‘ഓ.എം’ സംവിധാനം ചെയ്യുന്നത് രാജ്കുമാർ പെരിയസ്വാമിയാണ്. ചിത്രത്തിൽ സിയ കാർത്തികേയൻ എന്ന പ്രധാന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സായ് പല്ലവിക്കും ശ്രീലീലയ്ക്കുമൊപ്പം വലിയ താരനിരയും ചിത്രത്തിലുണ്ട്. നവംബർ 20നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച പരിപാടിയിൽ ധനുഷ്, മമ്മൂട്ടി തുടങ്ങിയ അണിയറപ്രവർത്തകർ പങ്കെടുത്തിരുന്നു.

Content Highlight: Actor Mammootty praises Sai Pallavi’s action performance.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more