അമ്മ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങളുമായി നിലപാട് പറഞ്ഞ് നടന്‍ മഹേഷ് നായര്‍. അമ്മ സംഘടനയ്ക്ക് ഒരു ക്ഷേത്രം സ്‌പോര്‍ണ്‍സര്‍ഷിപ്പ് നല്‍കിയ വിഷയത്തില്‍ മുതിര്‍ന്ന നടന്മാരുടെ നിലപാട് എന്താണെന്ന് ഇതുവരെ പുറത്തുവന്നിരുന്നില്ല. എന്നാല്‍ ഈ വിഷയത്തില്‍ നടന്‍ മമ്മൂട്ടി പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ്.
ക്ഷേത്രത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പ് വന്നപ്പോള്‍ എല്ലാവര്‍ക്കും ഞെട്ടലായിരുന്നെന്നും എന്നാല്‍ അക്കാര്യം കൂടുതല്‍ അന്വേഷിച്ച് സങ്കീര്‍ണമാക്കേണ്ട എന്നാണ് മമ്മൂട്ടി പറഞ്ഞതെന്നും മഹേഷ് പറഞ്ഞു.
‘ കഴിഞ്ഞ കുടുംബസംഗമം നടന്നതില്‍ ഒരു ക്ഷേത്രത്തെ സ്‌പോണ്‍സര്‍ഷിപ്പില്‍ കൊണ്ടുവന്നത് എല്ലാവര്‍ക്കും ഞെട്ടലായിരുന്നെങ്കിലും മമ്മൂക്ക പറഞ്ഞത് ഇനി ഇപ്പോള്‍ അതിനെ പറ്റി കൂടുതല്‍ അന്വേഷിച്ച് അത് സങ്കീര്‍ണമാക്കണ്ട എന്നാണ്. എന്തായാലും നമുക്ക് ഒരു തുക വരുന്നതല്ലേ, അത്തരം രീതികളിലുള്ള ചിന്താഗതി വേണ്ടെന്ന് ആ വലിയ മനുഷ്യന് പറയാന്‍ തോന്നി. പക്ഷേ അതിന്റെ 45 ലക്ഷം രൂപ ഇതുവരെ വന്നിട്ടില്ല,’ മഹേഷ് പറഞ്ഞു.
ഇതിന്റെ വല്യേട്ടന്‍മാരായി നിന്ന മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും ഈ വിഷത്തിലെ മൗനം തന്നെ അത്ഭുതപ്പെടുത്തിയെന്നും അഭിമുഖത്തില്‍ മഹേഷ് പറയുന്നുണ്ട്.
മമ്മൂട്ടി Photo: The Hollywood Reporter India
നമ്മളെ ഇത്രയും നാള്‍ നയിച്ച് നട്ടെല്ലായി നിന്നവരുടെ നിശബ്ദതയുണ്ട്. അത് വിഷമമുണ്ടാക്കുന്നുണ്ട്. അവരുടെ എത്രയോ നാളത്തെ പ്രയത്‌നം ഉണ്ട്. നമ്മുടെ ഫണ്ട് പ്രധാനമായും വന്നുകൊണ്ടിരുന്നത് ഷോകളില്‍ നിന്നാണ്. ലാല്‍സാറും മമ്മൂക്കയും അവരുടെ ഷൂട്ടും വരുമാനവും മാറ്റിവെച്ച് ഈ ഷോകള്‍ക്കായി വന്നു. അവര്‍ മാത്രമല്ല ഒരുപാട് പേര്‍. അവരുടെ സിനിമകള്‍ മാറ്റിവെച്ച് പ്രയത്‌നിച്ച് ഇതിനെ വളര്‍ത്തിക്കൊണ്ടുവന്നു. ഫിനാന്‍ഷ്യല്‍ കണ്ടീഷന്‍ സ്റ്റേബിളാക്കാന്‍ വന്നുനിന്നിട്ടാണ് ഇവിടെ ഈ അടിത്തട്ട് വെട്ട് നടക്കുന്നത്.
അഭിനേതാക്കള്‍ക്കിടയില്‍ മതവും ജാതിയുമില്ല. അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ പലരും സിനിമയില്‍ വരില്ല.
നമുക്കൊക്കെ നമ്മുടേതായ രാഷ്ട്രീയം ഉണ്ടായിരിക്കും. എന്തുമായിക്കോട്ടെ തിരുവനന്തപുരത്ത് ചലച്ചിത്ര മേള നടക്കുമ്പോള്‍ അമ്മ സംഘടന അവിടെ പോയി ഒരു ഡിന്നര്‍ പാര്‍ട്ടി നടത്തി. ഇവിടെ സംഘടനയിലെ പല അമ്മമാര്‍ ആശുപത്രിയില്‍ സീരിയസ് ആയി കിടക്കുമ്പോള്‍ പോലും ആ പൈസ കൊടുക്കാന്‍ കണക്ക് പറയുന്നവരാണ് ഇവര്‍.
മഹേഷ് photo: one 2 Talks
ചില മെമ്പര്‍മാരുടെ വാശി കൊണ്ടാണ് പൈസ കൊടുക്കുന്നത്. അവിടെയാണ് അഞ്ച് ലക്ഷം രൂപ കൊടുക്കുന്നത്. മുന്‍പ് ഇങ്ങനെയൊരു ശ്രമം നടത്തിയിരുന്നു. അന്ന് അത് നടക്കാതെ പോയതാണ് ഇപ്പോള്‍ വീണ്ടും കൊണ്ടുവന്നത്. ഇതൊന്നും ട്രഷറര്‍ക്ക് അറിയില്ല. ഒരു കണക്കിന്റെ ഡീറ്റെയില്‍സും ആരും എവിടേയും കൊടുത്തിട്ടില്ല.
രമേശ് പിഷാരടിയുടെ ഓഡീയോ ലീക്ക് ചെയ്തു. ഇങ്ങനെയൊക്കെ ചെയ്യണമെങ്കില്‍ എന്തൊരു ഇടുങ്ങിയ മനസായിരിക്കണം. അങ്ങനെ പൊതുജനങ്ങളിലേക്ക് കാര്യങ്ങള്‍ കൊടുത്തിട്ട് അമ്മ സംഘടനയുടെ അടിത്തറ ഇളക്കുന്ന പരിപാടിയല്ലേ ഇവരൊക്കെ ചെയ്യുന്നത്. പരസ്പരം ചെളിവാരിയെറിയുകയാണ്,’ മഹേഷ് പറഞ്ഞു.
Content Highlight: Actor Mahesh Nair Reveal Mammoott Stand on AMMA Sponsership