അമിതാഭ് ബച്ചന്റെ ആദ്യ സിനിമയായ ‘സാത്ത് ഹിന്ദുസ്ഥാനി’യിൽ അദ്ദേഹത്തിനൊപ്പം അഭിനയിച്ച അനുഭവം പങ്കുവെച്ച് മലയാളത്തിന്റെ നടൻ മധു. സിനിമയുടെ ആദ്യ ദിവസം തന്നെ അമിതാഭ് ബച്ചനിൽ വലിയൊരു പ്രതിഭയുണ്ടെന്ന് തങ്ങൾ തിരിച്ചറിഞ്ഞിരുന്നുവെന്നും ഭാവിയിൽ മികച്ച നടനായി അദ്ദേഹം മാറുമെന്ന് അന്നേ തോന്നിയിരുന്നുവെന്നും മധു പറഞ്ഞു. ഓണവിശേഷങ്ങളും സിനിമാ അനുഭവങ്ങളും മാതൃഭൂമി ന്യൂസുമായി പങ്കുവെക്കുകയായിരുന്നു നടൻ.
1969ൽ ക്വാജ അഹ്മദ് അബ്ബാസ് രചനയും സംവിധാനവും നിർവഹിച്ച ‘സാത്ത് ഹിന്ദുസ്ഥാനി’യിലൂടെയാണ് അമിതാഭ് ബച്ചൻ സിനിമയിലെത്തിയത്. പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവയെ മോചിപ്പിക്കാൻ ശ്രമിക്കുന്ന ഏഴ് ഇന്ത്യക്കാരുടെ കഥ പറഞ്ഞ ചിത്രത്തിൽ മധുവും പ്രധാന വേഷത്തിലുണ്ടായിരുന്നു.
മധു. Photo: Screen grab/ Youtube.com
‘അമിതാഭ് ബച്ചന്റെ ആദ്യത്തെ പടം എന്റെ കൂടെയായിരുന്നു. ഫസ്റ്റ് ഡേ ഷൂട്ടിന് അയാൾ വന്നപ്പോൾ തന്നെ ഞങ്ങൾക്ക് തോന്നിയിരുന്നു അയാൾ നല്ല ടാലന്റുള്ള ആളാണെന്ന്. കൂടെയുണ്ടായിരുന്ന എല്ലാവർക്കും അങ്ങനെ തന്നെയാണ് തോന്നിയത്. ഒന്നാമത് ഞങ്ങളെ എല്ലാവരെക്കാളും വളരെ ശക്തമായ ഒരു ശബ്ദമായിരുന്നു അയാളുടേത്. അന്നുതന്നെ അയാൾ ഒരു മികച്ച നടനാകുമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു,’ മധു പറഞ്ഞു.
പുതിയ തലമുറയിലെ അഭിനേതാക്കളെക്കുറിച്ചും താരം മികച്ച അഭിപ്രായമാണ് പങ്കുവെച്ചത്. സിനിമയിലേക്ക് എത്തുന്ന യുവതാരങ്ങളിൽ ആരും മോശക്കാരായി തോന്നിയിട്ടില്ലെന്നും അതിന് പ്രധാന കാരണം അവർ സിനിമയെ അടുത്തറിഞ്ഞുകൊണ്ടാണ് അഭിനയരംഗത്തേക്ക് എത്തുന്നതെന്നും മധു പറയുന്നു.
ഇന്നത്തെ തലമുറയിലെ പലരും ചെറുപ്പം മുതൽ തന്നെ ധാരാളം സിനിമകൾ കാണുന്നുണ്ട്. സിനിമ കാണുമ്പോൾ പഠിക്കണമെന്ന ഉദ്ദേശത്തോടെയല്ല പലരും അത് ആസ്വദിക്കുന്നത്. എന്നാൽ അറിയാതെ തന്നെ സിനിമയെക്കുറിച്ചുള്ള ഒരു പഠനം അവരിൽ നടക്കുന്നുണ്ടെന്നാണ് മധുവിന്റെ വിലയിരുത്തൽ. അതിന്റെ പ്രതിഫലനം അവരുടെ അഭിനയത്തിലും പ്രകടമാകുന്നുണ്ട് എന്നും താരം കൂട്ടിച്ചേർത്തു.
‘അവർ സിനിമകൾ കണ്ടത് പഠിക്കാൻ വേണ്ടിയല്ല, എൻജോയ് ചെയ്യാൻ വേണ്ടിയാണ്. പക്ഷേ അവർ അറിയാതെ തന്നെ അതിന്റെ പിറകെ ഒരു പഠനം നടക്കുന്നുണ്ടായിരുന്നു. അങ്ങനെ അവർ ഇതൊക്കെ പഠിച്ചിട്ടാണ് ഇന്ന് സിനിമയിലേക്ക് വരുന്നത്. ആ പഠനത്തിന്റെ ഒരു റിഫ്ലക്ഷൻ അവരുടെ പെർഫോമൻസിലും ഉണ്ടാകും,’ മധു പറഞ്ഞു.
മധു. Photo: Screen grab/ Youtube.com
തന്റെ അഭിനയജീവിതത്തിൽ ഔപചാരികമായ അഭിനയപരിശീലനത്തിനും വലിയ പ്രാധാന്യമുണ്ടായിരുന്നുവെന്നും മധു വ്യക്തമാക്കി. നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ച ശേഷമാണ് താൻ അഭിനയരംഗത്തേക്ക് എത്തിയതെന്നും ആ പഠനം തന്റെ കലാജീവിതത്തിൽ ഏറെ പ്രയോജനപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
‘ഞാനും നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ പഠിച്ചിട്ടാണ് അഭിനയത്തിലേക്ക് വന്നത്. ഞാൻ പഠിച്ചത് എനിക്ക് വളരെ പ്രയോജനപ്പെട്ടു. ഒരുപക്ഷേ ഞാൻ പഠിക്കാൻ പോയില്ലായിരുന്നെങ്കിൽ എനിക്ക് ഒരു ആർട്ടിസ്റ്റാകാൻ സാധിക്കില്ലായിരുന്നു,’ മധു കൂട്ടിച്ചേർത്തു.
Content Highlight: Actor madhu Talks about Amitabh bachchan