| Thursday, 14th August 2025, 3:05 pm

സിനിമയുടെ പല കാലങ്ങളെ നിര്‍ണ്ണയിച്ചയാള്‍; എനിക്ക് കരുത്തുറ്റ ഒട്ടനവധി വേഷങ്ങള്‍ തന്നു: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇതാ ഇവിടെ വരെ എന്ന സിനിമ മുതല്‍ കരുത്തുറ്റ ഒട്ടനവധി വേഷങ്ങള്‍ തനിക്ക് നല്‍കിയ സംവിധായകനായിരുന്നു ഐ.വി ശശിയെന്ന് പറയുകയാണ് നടന്‍ മധു. അടച്ചിട്ട മുറിയില്‍ നിന്ന് തിരക്കേറിയ ഒരു നഗരത്തിലേക്ക് ചെല്ലുന്നത് പോലെയാണ് അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതെന്നും നടന്‍ പറയുന്നു.

‘രാവും പകലും അവിടെ ശബ്ദമുഖരിതമായിരിക്കും. അതിലൊരു ത്രില്ലുണ്ട്. പല പല ജീവിതാവസ്ഥയിലുള്ള നിരവധി മനുഷ്യരെ കണ്ട് വര്‍ത്തമാനങ്ങള്‍ പറഞ്ഞ് കുറേ നാളുകള്‍. ബിഗ് ബജറ്റില്‍ തീര്‍ക്കുന്ന വമ്പന്‍ സിനിമകളായിരുന്നു അവ.

അതെല്ലാം ഒരു കാലഘട്ടത്തിലെ പ്രേക്ഷകന്റെ സിനിമാഭിരുചികള്‍ക്ക് പുതിയ മാനങ്ങള്‍ നല്‍കിയവയുമായിരുന്നു. ഏറെക്കുറെ നൂറ്റിയമ്പതോളം സിനിമകള്‍ ചെയ്തു,’ മധു പറയുന്നു.

എം.ടി. വാസുദേവന്‍ നായരെയും ടി. ദാമോദരനെയും പത്മരാജനെയും പോലുള്ള വലിയ എഴുത്തുകാര്‍ മുതല്‍ പുതിയ തലമുറയിലെ പലരുടെയും രചനകള്‍ ഐ.വി ശശി സിനിമയാക്കിക്കൊണ്ട് സിനിമയുടെ പല കാലങ്ങളെ നിര്‍ണ്ണയിച്ചുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.

പുതിയ കാലത്തെ പല സിനിമകളും കാണുമ്പോള്‍ അറിയാതെ ഐ.വി ശശിയെ ഓര്‍ത്തുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ പോലെ വികസിച്ചിട്ടില്ലാത്ത സാങ്കേതികവിദ്യകളുടെ വലിയ പരിമിതികള്‍ക്കുള്ളില്‍ നിന്നാണ് ഐ.വി ശശിയിലെ സംവിധായകന്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചതെന്നും അദ്ദേഹം പറയുന്നു.

ആ കാലത്തേക്കൂടി തിരിച്ചറിഞ്ഞ് വേണം ഐ.വി ശശിയുടെ സംഭാവനകളെ വിലയിരുത്താനെന്നും അത്തരമൊരു വിലയിരുത്തല്‍ നടത്തുമ്പോള്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ ഐ.വി ശശി എന്തായിരുന്നുവെന്നും ആരായിരുന്നുവെന്നും നമ്മള്‍ക്ക് മനസിലാക്കാനാവൂവെന്നും മധു കൂട്ടിച്ചേര്‍ത്തു.

വ്യക്തിജീവിതത്തിലെ പല കാര്യങ്ങളും മൂത്ത ഒരു സഹോദരനോടെന്ന പോലെ തന്നോട് തുറന്നുപറയാന്‍ ശശി ഒട്ടും മടി കാണിച്ചിരുന്നില്ലെന്നും നടന്‍ പറയുന്നു. എന്നിട്ടും എന്തൊക്കെയോ പറയാന്‍ ബാക്കി വെച്ചത് പോലെയായിരുന്നു ഐ.വി ശശി വിട വാങ്ങിയതെന്ന് മധു ഓര്‍ക്കുന്നു.

Content Highlight: Actor Madhu says that IV Sasi was the director who gave him many strong roles

We use cookies to give you the best possible experience. Learn more