| Monday, 11th August 2025, 10:33 pm

കാലത്തിന്റെ മാറ്റം മനസിലാക്കി സിനിമ ചെയ്ത് വിജയിപ്പിക്കുന്ന ഒരു സംവിധായകനേ മലയാളത്തിലുള്ളൂ: മധു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മധു. മലയാളത്തില്‍ ഇപ്പോഴുള്ള ഏറ്റവും സീനിയറായ നടന്‍ കൂടിയാണ് അദ്ദേഹം. സിനിമയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലത്തിനൊപ്പം സഞ്ചരിച്ച് മലയാളത്തിന്റെ എല്ലാ മാറ്റങ്ങളും അനുഭവിച്ചറിഞ്ഞ അപൂര്‍വം അഭിനേതാക്കളില്‍ ഒരാളാണ് മധു.

പ്രേം നസീര്‍, സത്യന്‍, ജയന്‍ തുടങ്ങിയ നടന്‍മാര്‍ക്കൊപ്പം എഴുപതുകളില്‍ നിറഞ്ഞു നിന്ന അദ്ദേഹം പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പവും മികച്ച വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോള്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിനെ കുറിച്ച് പറയുകയാണ് മധു. അദ്ദേഹം സംവിധാനം ചെയ്ത ഒട്ടുമിക്ക പടങ്ങളും കാണാന്‍ കഴിഞ്ഞിട്ടുണ്ടെന്നും 60 ശതമാനം മാര്‍ക്കിന് മുകളില്‍ കൊടുക്കാവുന്ന സിനിമകളാണ് അവയെല്ലാമെന്നും നടന്‍ പറയുന്നു.

ഇത്രയേറെ വര്‍ഷങ്ങളായി ചലച്ചിത്ര സംവിധാനരംഗത്ത് സജീവമായി നിലനില്‍ക്കുകയെന്ന് പറയുന്നത് വലിയ കാര്യം തന്നെയാണെന്നും കാലത്തിനൊപ്പം സഞ്ചരിക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്ന് വരില്ലെന്നും മധു കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ മനസിലാക്കിയിടത്തോളം, കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് നിരന്തരം സിനിമകള്‍ ചെയ്യാനും അത് വലിയ വിജയമാക്കി തീര്‍ക്കാനും കഴിവുള്ള മലയാളത്തിലെ ഒരേയൊരു സംവിധായകന്‍ സത്യന്‍ അന്തിക്കാട് മാത്രമാണ്,’ മധു പറയുന്നു.

ജീവിതത്തെ കുറിച്ചുള്ള സത്യന്‍ അന്തിക്കാടിന്റെ നിരീക്ഷണവും അറിവും അദ്ദേഹത്തിന്റെ സിനിമകളില്‍ തെളിഞ്ഞു കാണാമെന്നും നടന്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാട്ടുനന്മയുള്ള ജീവിതങ്ങളുടെ സിനിമകള്‍ മാത്രമല്ല സത്യന്‍ അന്തിക്കാട് ചെയ്യുകയെന്നും പിന്‍ഗാമി പോലെ വളരെ വ്യത്യസ്ത തലങ്ങളിലുള്ള സിനിമകളുണ്ടെന്നും മധു കൂട്ടിച്ചേര്‍ത്തു. എങ്കിലും സത്യന് പറയാന്‍ ഏറെയിഷ്ടം പച്ചയായ മനുഷ്യരുടെ ജീവിതമാണെന്നും മണ്ണിനോടും മനുഷ്യരോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹമാണ് ഇത് വ്യക്തമാക്കുന്നതെന്നും നടന്‍ പറയുന്നു.

Content Highlight: Actor Madhu Says Sathyan Anthikkad Is The Only Directer Who Understand The Changing Times And Makes Successful Films

We use cookies to give you the best possible experience. Learn more