| Wednesday, 22nd April 2026, 4:06 pm

വയറ്റില്‍ പാഡ് വെച്ച് ഇടിപ്പിക്കാം, നസ്‌ലെന് മോന്തയ്ക്ക് ആണ് കിട്ടിയത്: കാര്‍ത്തിക്ക്

അശ്വിന്‍ രാജേന്ദ്രന്‍

പ്രാസമൊപ്പിച്ചുള്ള പിക്കപ്പ് ലൈന്‍സിലൂടെ ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായ ക്രിയേറ്ററാണ് കാര്‍ത്തിക്ക്. പിന്നീട് റിയാലിറ്റി ഷോകളിലൂടെയും സ്റ്റാന്‍ഡ് അപ്പ് കോമഡികളിലൂടെയും ചെറുപ്രായത്തില്‍ അറിയപ്പെട്ട താരം ഇതിനോടകം മലയാളത്തില്‍ വൈറലായ പല ഗാനങ്ങളുടെയും രചയിതാവ് കൂടിയാണ്. അടുത്തിടെ തിയേറ്ററുകളിലെത്തി 200 കോടിയും കടന്ന് വമ്പന്‍ വിജയവുമായി മുന്നേറുന്ന വാഴ 2വിലെ ഹിറ്റ് ഗാനം ‘അട ബൊമ്മാലെ’ രചിച്ചത് കാര്‍ത്തിക്ക് ആണെന്ന വിവരം പലരെയും അമ്പരപ്പിക്കുന്നതായിരുന്നു.

ലുക്ക്മാന്‍ നായകനായ അതിഭീകര കാമുകന്‍ എന്ന ചിത്രത്തിലെ ഡെലൂലൂ, പ്രേമവതി എന്ന ഗാനങ്ങള്‍ക്കും വരികളെഴുതിയത് കാര്‍ത്തിക്കായിരുന്നു. ഇതിന് പുറമെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഖാലിദ് റഹ്‌മാന്‍ ചിത്രം ആലപ്പുഴ ജിംഖാനയില്‍ കാര്‍ത്തിക്ക് വേഷമിട്ടിരുന്നു. ചിത്രത്തില്‍ കാര്‍ത്തിക്ക് അഭിനയിച്ച രംഗങ്ങള്‍ക്കും ഡയലോഗുകള്‍ക്കും വലിയ സ്വീകാര്യതയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

വാഴ 2. Photo: Lyrics Read.com

‘എന്റെ സോഷ്യല്‍ മീഡിയ വര്‍ക്‌സും റീല്‍സുമെല്ലാം കണ്ടിട്ട് ആലപ്പുഴ ജിംഖാനയിലേക്ക് എന്നെ വിളിക്കുകയായിരുന്നു. പിന്നീട് ഓഡിഷനെല്ലാം എടുത്ത് ചിത്രത്തില്‍ അഭിനയിപ്പിച്ചു. ക്രിസ്റ്റഫര്‍ എന്ന കഥാപാത്രത്തിന് വേണ്ടി ഫിസിക്കലി ഉള്ള എഫേര്‍ട്ടായിരുന്നു. ബാക്കിയെല്ലാവരും ജിമ്മില്‍ വന്ന് വര്‍ക്കൗട്ട് ചെയതപ്പോള്‍ എന്നോട് മാത്രം റഹ്‌മാനിക്ക ഒന്നും പറഞ്ഞിരുന്നില്ല. എന്നെ ഇനി വേണ്ടേ എന്നാണ് എനിക്ക് തോന്നിയത്.

നീ വെയിറ്റൊന്നും കൂട്ടേണ്ട ഈ വെയിറ്റ് മതി എന്നാണ് എന്നോട് പറഞ്ഞത്. ഞാന്‍ അന്ന് അമ്പത് കിലോ മാത്രമാണ് ഭാരമുണ്ടായിരുന്നത്. ഗണപതിയെല്ലാം ഡമ്പലെടുത്ത് വമ്പന്‍ അടി അടിക്കുമ്പോള്‍ എനിക്ക് മോട്ടിവേഷനായി. അങ്ങനെ ഞാനിവരുടെ കൂടെ കൂടി കുറച്ചൊക്കെ കഷ്ടപ്പെട്ടു. ലൈഫില്‍ ഫിസിക്കലി കഷ്ടപ്പെട്ടത് അപ്പോഴാണ്. ഫണ്‍ ക്യാരക്ടറാണ് ചിത്രത്തിലേതെന്ന് നേരത്തേ പറഞ്ഞിരുന്നു. നസ്‌ലെന്‍ അടക്കം എല്ലാവര്‍ക്കും അടി കിട്ടുമെന്നും റിയല്‍ ബോക്‌സേഴ്‌സാണ് അപ്പുറത്ത് നില്‍ക്കുന്നതെന്നും പറഞ്ഞിരുന്നു. എന്നാലും കൂട്ടത്തില്‍ എനിക്കായിരുന്നു അടി കുറവ് കിട്ടിയത്. കാരണം എനിക്ക് വയറിലായിരുന്നു കിട്ടിയത്. വയറ്റില്‍ പാഡ് കെട്ടാം. പക്ഷേ നസ്‌ലെന് മോന്തയ്ക്കാണ് കിട്ടിയത്,’ കാര്‍ത്തിക്ക് പറഞ്ഞു.

ആലപ്പുഴ ജിംഖാന. Photo: Filimibeat

സെറ്റില്‍ ആരും സീരിയസായി നിന്നിരുന്നില്ലെന്നും ഫണ്ണിയിരുന്നുവെന്നും കാര്‍ത്തിക്ക് പറയുന്നു. സീരിയസായി നിന്നാല്‍ എല്ലാവരുടെയും മുമ്പില്‍ വെച്ച് കളിയാക്കലുകള്‍ മൈക്കിലൂടെ കിട്ടുമെന്നും താരം പറഞ്ഞു. പുതിയ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നുണ്ടെന്നും ഉടന്‍ കണ്‍ഫോം ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കാര്‍ത്തിക്ക് കൂട്ടിച്ചേര്‍ത്തു.

Content Highlight: Actor Lyricist Karthik talks about his role in Alapuzha Gymkhana

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more