മലയാളസിനിമയില്‍ മിമിക്രിയിലൂടെ സിനിമാലോകത്തെക്കിയവരില്‍ പ്രധാനിയാണ് ലാല്‍. ഫാസിലിന്റെ സംവിധാന സഹായിയായി സിദ്ദിക്കിനൊപ്പം സിനിമാ കരിയര്‍ ആരംഭിച്ച ലാല്‍ റാംജി റാവ് സ്പീക്കിങ്ങിലൂടെ സ്വതന്ത്രസംവിധായകനായി. സിദ്ദിക്കിനൊപ്പം മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ഒരുപിടി മികച്ച സിനിമകള്‍ ലാല്‍ സംവിധാനം ചെയ്തിട്ടുണ്ട്. കളിയാട്ടത്തിലൂടെ അഭിനയരംഗത്തും ലാല്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
അടുത്ത സുഹൃത്തും സന്തസഹചാരിയുമായിരുന്ന സിദ്ദിക്കിന്റെ വിയോഗത്തെക്കുറിച്ച് സംസാരിക്കുയാണ് ലാല്‍. സിദ്ദിക്ക് തന്നെ വിട്ടുപോയത് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്ന് ലാല്‍ പറഞ്ഞു. പഴയ സിനിമകളെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നിയാല്‍ ആദ്യം സിദ്ദിക്കിനെ വിളിക്കാനായി ഫോണെടുക്കുമെന്നും അയാളുടെ മരണം തന്നെക്കൊണ്ട് ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
സിദ്ദിക്കിനെപ്പോലെ തനിക്ക് ഒരുപാട് ആത്മബന്ധമുള്ള സംവിധായകനാണ് സച്ചിയെന്നും അദ്ദേഹം പറയുന്നു. എല്ലാദിവസവും സച്ചി തന്റെ വീട്ടില്‍ വരുമായിരുന്നെന്നും ഒരുപാട് നേരം സംസാരിച്ച് ഇരിക്കുന്നത് ഇപ്പോള്‍ മിസ് ചെയ്യുമെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. സച്ചിയുടെ വിയോഗവും ഒരുപാട് നഷ്ടമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. രേഖ മേനോനുമായി സംസാരിക്കുകയായിരുന്നു ലാല്‍.
‘സംവിധാനം വളരെ മുമ്പ് തന്നെ നിര്‍ത്തിയതുകൊണ്ട് പഴയ നടന്മാരെ അധികം മിസ് ചെയ്യുമെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ, മകന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ കാസ്റ്റിങ് സജഷന്‍ ചോദിക്കുമ്പോള്‍ പഴയ നടന്മാരെല്ലാം ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ട്. അവര്‍ക്ക് പകരം വെക്കാന്‍ ആരെയും കിട്ടിയിട്ടില്ല. പപ്പു ചേട്ടന്‍, ഇന്നസെന്റ് ചേട്ടന്‍ ഒക്കെ ഹ്യൂമറിന്റെ രാജാക്കന്മാരായിരുന്നു.
അതുപോലെ ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകളുടെ കാര്യത്തിലും നമ്മള്‍ സമ്പന്നരായിരുന്നു. ശങ്കരാടി ചേട്ടന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ ചേട്ടന്‍, നെടുമുടി വേണു ചേട്ടന്‍ അങ്ങനെ എത്രയെത്ര ആളുകളായിരുന്നു. മറ്റ് ഇന്‍ഡസ്ട്രിക്കാര്‍ നമ്മളെ അസൂയയോടെ നോക്കുമായിരുന്നു. അവരെയെല്ലാം മിസ് ചെയ്യുന്നുണ്ട്. അതുപോലെ സിദ്ദിക്കിന്റെ മരണം എനിക്ക് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല.
ഏതെങ്കിലും സിനിമയെക്കുറിച്ച് സംശയം തോന്നിയാല്‍ ഫോണെടുത്ത് ആദ്യം സിദ്ദിക്കിനെ വിളിക്കാന്‍ പോകും. അപ്പോഴാണ് അയാള്‍ പോയെന്ന് തിരിച്ചറിയുന്നത്. മനസ് ഇതുവരെ ആ കാര്യം അംഗീകരിച്ചിട്ടില്ല. സിദ്ദിക്കിനെപ്പോലെ എനിക്ക് ഉള്‍ക്കൊള്ളാനാകാത്ത മരണം സച്ചിയുടേതായിരുന്നു. എല്ലാ ദിവസവും എന്റെ വീട്ടില്‍ വന്നിരുന്നയാളാണ് സച്ചി. ഒരുപാട് നേരം സിനിമയെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കും. ആ നഷ്ടമൊക്കെ വളരെ വലുതാണ്,’ ലാല്‍ പറഞ്ഞു.
Content Highlight: Actor Lal saying he missing director Sachiy very much