ലാൽ ജോസ് സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്മേറ്റ്സ്. 90കളുടെ തുടക്കത്തിലെ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, ഇന്ദ്രജിത്ത്, നരേൻ, കാവ്യ മാധവൻ തുടങ്ങി വലിയ താരനിരയാണ് അണിനിരന്നത്. മലയാളത്തിലെ ശ്രദ്ധേയമായ ക്യാമ്പസ് ചിത്രങ്ങളിലൊന്നായ ക്ലാസ്മേറ്റ്സിൽ അഭിനയിക്കാൻ ലഭിച്ച അവസരം നഷ്ടമായതിനെക്കുറിച്ച് മനസുതുറക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ.
രഞ്ജിനി ഹരിദാസിന് നൽകിയ പോഡ്കാസ്റ്റിലാണ് താരം ഇക്കാര്യം പറഞ്ഞത്. ഒരു സ്റ്റേജ് ഷോയും യൂറോപ്പിലെ ചില പരിപാടികളും കാരണമാണ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിയാതിരുന്നതെന്ന് കുഞ്ചാക്കോ ബോബൻ പറയുന്നു. ചിത്രത്തിൽ നരേൻ അവതരിപ്പിച്ച കഥാപാത്രമായിരുന്നു തനിക്ക് ലഭിച്ചതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കുഞ്ചാക്കോ ബോബൻ. Photo. Screen Grab/ Youtube/ Ranjini Haridas
‘ക്ലാസ്മേറ്റ്സ് എനിക്ക് നഷ്ടപ്പെട്ടുപോയ സിനിമയാണ്. എനിക്ക് ഒരു സ്റ്റേജ് ഷോ വന്നതുകൊണ്ടാണ് ആ സിനിമ ചെയ്യാൻ കഴിയാതെ പോയത്. യൂറോപ്പിൽ ഒരു ഇവന്റും രണ്ട് മൂന്ന് പ്രോഗ്രാമുകളും ഉണ്ടായിരുന്നു. അതിനിടെ ക്ലാസ്മേറ്റ്സിന്റെ ഡേറ്റും രണ്ടുമൂന്ന് തവണ മാറി. അങ്ങനെയാണ് സിനിമ ചെയ്യാൻ കഴിയാതെ പോയത്. ക്ലാസ്മേറ്റ്സിൽ നരേൻ ചെയ്ത കഥാപാത്രമായിരുന്നു എനിക്ക് വന്നത്,’ നടൻ പറഞ്ഞു.
എന്നാൽ ആ സിനിമ നഷ്ടമായതുകൊണ്ട് ലാൽ ജോസിന്റെ മറ്റ് ചില ചിത്രങ്ങളിൽ നല്ല കഥാപാത്രങ്ങൾ ചെയ്യാൻ കഴിഞ്ഞെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു. എൽസമ്മ എന്ന ആൺകുട്ടി, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും തുടങ്ങിയ സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞത് അങ്ങനെയാണെന്നും താരം കൂട്ടിച്ചേർത്തു.
താൻ അഭിനയിച്ച സിനിമകളിൽ താത്പര്യമില്ലാതെ ചെയ്തവയില്ലെന്നും കുഞ്ചാക്കോ ബോബൻ പറയുന്നു. പ്രതിഫലം കൂടുതലായി ലഭിച്ചതുകൊണ്ട് മാത്രം ഒരു സിനിമ ചെയ്യേണ്ടി വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
‘ഇഷ്ടപ്പെടാതെ ചെയ്ത സിനിമകൾ ഉണ്ടായിട്ടില്ല. എല്ലാം താത്പര്യത്തോടെ തന്നെയാണ് ചെയ്യുന്നത്. കുറെ കാശ് തന്നതുകൊണ്ട് നിർബന്ധിതമായി ചെയ്ത സിനിമകളുമില്ല. ചെയ്യരുതെന്ന് പറഞ്ഞ സിനിമകളുണ്ടായിട്ടുണ്ട്. നമുക്ക് കൺവിൻസ് ആവാതെ പോയ സിനിമകളുമുണ്ട്. അപ്പോൾ ഞാൻ വിചാരിച്ചെടുത്ത തീരുമാനം തെറ്റായിരിക്കാം എന്ന് പിന്നീട് തോന്നിയിട്ടുള്ള സിനിമകളുമുണ്ട്,’ നടൻ പറഞ്ഞു.
പാടാൻ അറിയാത്ത മോശം ഗായകനാണ് താനെന്ന് തമാശരൂപേണ പറഞ്ഞ താരം, എന്നാൽ നല്ല പാട്ടുകളുള്ള നിരവധി സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പറഞ്ഞു. തനിക്ക് ഏറ്റവും പ്രിയപ്പെട്ട പാട്ടുകൾ ഏതൊക്കെയെന്ന് ചോദിച്ചാൽ ഒരുപാട് പാട്ടുകളുള്ളതിനാൽ ഒന്നോ രണ്ടോ എണ്ണം മാത്രം തെരഞ്ഞെടുക്കാൻ കഴിയില്ലെന്നും കുഞ്ചാക്കോ ബോബൻ പറഞ്ഞു.
ക്ലാസ്മേറ്റ്സ്. Photo. IMDb
ആദ്യ സിനിമയിലെ ഓ പ്രിയ, ഒരു രാജമല്ലി, സത്യം ശിവം സുന്ദരം എന്ന ചിത്രത്തിലെ ‘അച്ഛനെയാണെനിക്കിഷ്ടം’, മുല്ലവള്ളിയും തേന്മാവും എന്ന ചിത്രത്തിലെ പാട്ടുകൾ, കസ്തൂരിമാനിലെ ഗാനങ്ങൾ എന്നിവയെല്ലാം തനിക്ക് പ്രിയപ്പെട്ടവയാണെന്നാണ് താരം പറയുന്നത്. എന്നാൽ ഇതിൽ പല പാട്ടുകളും തനിക്ക് പാടാൻ കഴിയില്ലെന്നും കുഞ്ചാക്കോ ബോബൻ കൂട്ടിച്ചേർത്തു.
Content Highlight: Actor Kunchacko Boban opens up about missing the opportunity to act in ‘Classmates’.