| Tuesday, 2nd September 2025, 7:19 am

ആ നടന് ഡേറ്റില്ലെങ്കില്‍ മാത്രമായിരുന്നു എന്നെ നായകനായി വിളിച്ചിരുന്നത്, എല്ലാം ഒരേ ടൈപ്പ് വേഷങ്ങള്‍: കൃഷ്ണ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഋഷ്യശൃംഗന്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറിയ നടനാണ് കൃഷ്ണ. മലയാളത്തില്‍ ഒരുപിടി മികച്ച സിനിമകളില്‍ നായകവേഷം ചെയ്ത കൃഷ്ണ തമിഴിലും കന്നഡയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സീരിയല്‍ രംഗത്തും സജീവമായി നില്‍ക്കുന്ന കൃഷ്ണ ഈയിടെ പുറത്തിറങ്ങിയ സാഹസം എന്ന ചിത്രത്തിലും ഞെട്ടിച്ചിരുന്നു.

കരിയറിന്റെ തുടക്കത്തില്‍ നായകനായി അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് കൃഷ്ണ. നായകനായി മാത്രമേ അഭിനയിക്കുള്ളൂ എന്ന ചിന്ത തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ താന്‍ ഇന്ന് ഇവിടെ ഇരിക്കില്ലായിരുന്നെന്നും നല്ല വേഷങ്ങള്‍ മാത്രം ചെയ്യാനാണ് ആഗ്രഹമെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘എന്റെയടുത്തേക്ക് വരുന്ന വേഷങ്ങള്‍ നല്ലതാണോ അല്ലയോ എന്ന് നോക്കിയിട്ട് ചെയ്യുക എന്നത് മാത്രമേ ഇപ്പോള്‍ ചിന്തിക്കുന്നുള്ളൂ. എത്രനേരം സ്‌ക്രീനിലുണ്ടാകും, വലിയ വേഷമാണോ അല്ലയോ എന്നൊന്നും നോക്കാറില്ല. എനിക്ക് എന്തെങ്കിലും അതില്‍ ചെയ്യാനുണ്ടോ എന്ന് നോക്കും. അത്രയേ ഉള്ളൂ. അതിന്റെ അപ്പുറത്തേക്ക് ഒന്നും ചിന്തിക്കാറില്ല. അഭിനയത്തെ പാഷനായി കാണണം എന്നാണ് എന്നോട് ചിലര്‍ പറഞ്ഞിട്ടുള്ളത്.

ഇന്ന് സിനിമയിലേക്ക് കടന്നുവരുന്ന പുതിയ പയ്യന്മാര്‍ക്ക് എന്തെങ്കിലും ജോലി ഉണ്ടാവും. അല്ലാതെ മുഴുവനും സിനിമക്ക് വേണ്ടി ചെലവാക്കാന്‍ അവര്‍ മെനക്കെടാറില്ല. അത് ഒരു തരത്തില് നല്ലതാണ്. ഇപ്പോള്‍ എന്റെ കാര്യമെടുത്താല്‍, സിനിമയില്ലെങ്കിലും ഞാന്‍ നടത്തുന്ന റെസ്‌റ്റോറന്റിലൂടെ ജീവിക്കാനുള്ള വക ഞാന്‍ ഉണ്ടാക്കും. ആ ഒരു കോണ്‍ഫിഡന്‍സ് ഇന്ന് എല്ലാവര്‍ക്കുമുണ്ട്,’ കൃഷ്ണ പറയുന്നു.

ഏറ്റവുമൊടുവില്‍ താന്‍ അഭിനയിച്ച സിനിമ സാഹസം ആണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സിനിമ കഴിഞ്ഞാല്‍ അടുത്തത് ഏതാണെന്നുള്ള കാര്യത്തില്‍ ഒരു വ്യക്തത ഉണ്ടാകണമെന്നും അത് തനിക്ക് ഉണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. അടുത്ത സിനിമ ചിലപ്പോള്‍ രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞിട്ടാണെങ്കിലും അത് ഉറപ്പാക്കി വെക്കണമെന്നും കൃഷ്ണ പറയുന്നു.

‘വേറൊരു കാര്യം എന്താണെന്ന് വെച്ചാല്‍ പണ്ട് എന്നെത്തേടി ചോക്ലേറ്റ് ബോയ് വേഷങ്ങളായിരുന്നു കൂടുതലും വന്നിരുന്നത്. അന്നത്തെ കാലത്ത് അത്തരം റോള്‍ ചെയ്യുന്ന രണ്ട് നടന്മാര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാള്‍ വേണ്ടെന്ന് വെക്കുന്ന റോളുകളായിരുന്നു എന്നെ തേടി വന്നിരുന്നത്. അതായിരുന്നു അന്നത്തെ അവസ്ഥ. ആ നടന് ഡേറ്റില്ലെങ്കില്‍ എന്നെ വെച്ച് ചെയ്യാമെന്ന് പ്രൊഡ്യൂസറും ഡയറക്ടറും തീരുമാനിക്കും. ആ നടന് പലപ്പോഴും ഡേറ്റില്ലാത്തതുകൊണ്ട് എനിക്ക് ലോട്ടറിയാണ്,’ കൃഷ്ണ പറഞ്ഞു.

Content Highlight: Actor Krishna saying he was the second choice for Chocolate boy roles by most of the producer during old days

We use cookies to give you the best possible experience. Learn more