| Wednesday, 2nd September 2026, 1:04 pm

അങ്ങനെ ഒരു വേഷം തന്നതിന് സംവിധായകനെ കെട്ടിപ്പിടിച്ച് കരഞ്ഞു: കണ്ണൻ സാഗർ

അജ്മല്‍ കെ

കോമഡി റിയാലിറ്റി ഷോകളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച മിമിക്രി ആർട്ടിസ്റ്റാണ് കണ്ണൻ സാഗർ. അഭിനയിച്ച സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ടത് ‘വാഴ 2’ ആണെന്ന് തുറന്നു പറയുകയാണ് ഇപ്പോൾ നടൻ.

ചിത്രത്തിൽ ബിജുക്കുട്ടന്റെ ചേട്ടന്റെ വേഷത്തിലാണ് കണ്ണൻ സാഗർ എത്തിയത്. തന്റെ ജീവിതത്തിൽ എനിക്ക് ഏറെ പ്രിയപ്പെട്ട വേഷമാണ് വാഴയിലേത് എന്നും ആളുകൾ തിരിച്ചറിയുന്നത് ഈ സിനിമയിലൂടെയാണെന്നും കാർണിവൽ മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.

വാഴ 2. Photo. IMDb

‘നിരവധി ആളുകൾ സിനിമ കണ്ടിട്ട് വിളിച്ചിരുന്നു. കുറെ കോളുകൾ എടുക്കാൻ സാധിച്ചില്ല. സിനിമ റിലീസ് ചെയ്തതിന്റെ പിറ്റേദിവസം ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിലായിരുന്നു. ഒന്നര മാസത്തോളം ഫോൺ പോലും ഉപയോഗിക്കാൻ കഴിഞ്ഞില്ല. സാധാരണ കോമഡി കഥാപാത്രങ്ങളിൽ നിന്ന് മാറി ഇങ്ങനെ ഒരു വേഷം ചെയ്ത് കണ്ടപ്പോ കരച്ചിൽ ഒക്കെ വന്നു എന്ന് പലരും പറഞ്ഞു. ഭാര്യയെ വിളിച്ച് പോലും തന്റെ അഭിനയത്തെക്കുറിച്ച് പലരും അന്വേഷിച്ചിരുന്നു,’ കണ്ണൻ സാഗർ കൂട്ടിച്ചേർത്തു.

ചിത്രത്തിൽ ബിജുക്കുട്ടന്റെ സഹോദരന്റെ വേഷമാണ് കണ്ണൻ സാഗറിന്റേത്. സിനിമാ ചിത്രീകരണ അനുഭവവും അദ്ദേഹം പങ്കുവച്ചു.

‘ഷൂട്ടിന് ചെന്നപ്പോൾ ആദ്യം ബിജുക്കുട്ടനെ ചീത്ത പറയുന്ന ഒരു സീനുണ്ടായിരുന്നു. അത് കഴിഞ്ഞ് മൂന്ന് ദിവസം കഴിഞ്ഞാണ് അടുത്ത സീൻ. ബിജു മരിച്ചുപോയി, ആശുപത്രിയിൽ പോയി ഇരിക്കുന്ന സീനായിരുന്നു അത്. സഹോദരബന്ധത്തിന്റെ ആഴം കാണിക്കുന്ന ഒരു ഡയലോഗ് അവിടെയുണ്ട്. ഭയങ്കര ഫീലുള്ള ഡയലോഗായിരുന്നു,’ കണ്ണൻ സാഗർ പറഞ്ഞു.

ആ രംഗം പൂർത്തിയാക്കിയ ശേഷം സംവിധായകനെ കെട്ടിപ്പിടിച്ച് കരഞ്ഞുപോയെന്നും കണ്ണൻ സാഗർ പറഞ്ഞു. തനിക്ക് അത്തരമൊരു കഥാപാത്രം നൽകിയതിന്റെ സന്തോഷവും നന്ദിയും കൊണ്ടായിരുന്നു അതെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഈ സീൻ ചെയ്തുകഴിഞ്ഞതിന് ശേഷം ഞാൻ ഡയറക്ടറെ പോയി കെട്ടിപ്പിടിച്ച് കരഞ്ഞുപോയി. കാരണം എനിക്ക് ഇങ്ങനെ ഒരു വേഷം തന്നതിൽ. ഒരുപാട് ആർട്ടിസ്റ്റുകൾ ആഗ്രഹിക്കുന്നതാണ് ഇങ്ങനത്തെ വേഷങ്ങൾ. എന്നെപ്പോലെയുള്ള കോമഡി കാണിച്ചുനടക്കുന്ന ഒരാളെ നിങ്ങൾ ഈ വേഷത്തിനായി തെരഞ്ഞെടുത്തല്ലോ എന്നായിരുന്നു എന്റെ സന്തോഷം,’ കണ്ണൻ സാഗർ പറഞ്ഞു.

Content Highlight: Actor kannan sagar talks about Vaazha 2 movie

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more