| Monday, 24th August 2026, 10:10 am

‘ഇത് എന്റെ രണ്ടാം ജന്മമാണ്’; മമ്മൂട്ടി ഫൗണ്ടേഷന്റെ സഹായം മറക്കാനാകില്ലെന്ന് കണ്ണൻ സാഗർ

അജ്മല്‍ കെ

മിമിക്രി ആർട്ടിസ്റ്റും നടനുമായ കണ്ണൻ സാഗറിന് ഈ ഓണം ഏറെ പ്രത്യേകതയുള്ളതാണ്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസം പിന്നിടുമ്പോൾ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് പരിശോധനകളിലൂടെ വ്യക്തമായതോടെ ഇത്തവണത്തെ ഓണം പുനർജന്മത്തിന്റെ ഓണമായാണ് കാണുന്നതെന്ന് കണ്ണൻ സാഗർ പറഞ്ഞു. ‘വാഴ 2’ലെ കഥാപാത്രത്തിലൂടെ അടുത്തിടെ ശ്രദ്ധ നേടിയ താരം, മമ്മൂട്ടി ഫൗണ്ടേഷന്റെ സഹായത്തോടെ ശസ്ത്രക്രിയ നടത്തിയതിനെ കുറിച്ച് തുറന്നുപറയുകയാണ്. റിപ്പോർട്ടർ ബിസിനസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘കൊറോണ സമയത്താണ് എനിക്ക് അറ്റാക് വന്നത്. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലെ ഐസിയുവിൽ എട്ട് ദിവസത്തോളം കിടന്നു. അന്ന് തന്നെ ഹൃദയത്തിൽ ചെറിയ വേരിയേഷൻ ഉണ്ടെന്നും മൂന്ന് മാസം കൂടുമ്പോൾ പരിശോധന നടത്തണമെന്നും ഡോക്ടർമാർ നിർദേശിച്ചു. ആദ്യത്തെ പരിശോധനകൾക്ക് ശേഷം മരുന്ന് കഴിച്ചിരുന്നെങ്കിലും പിന്നീട് കുഴപ്പമൊന്നുമില്ലെന്ന് കരുതി സ്വയം മരുന്ന് നിർത്തി.

കണ്ണൻ സാഗർ. Photo: Facebook

കുറച്ചുകാലത്തിന് ശേഷം വേദികളിൽ സ്കിറ്റുകൾ ചെയ്യുമ്പോൾ അമിതമായി കിതയ്ക്കാനും ചില സമയങ്ങളിൽ വിറയ്ക്കാനും തുടങ്ങി. ചാനലുകളിൽ കോമഡി സ്കിറ്റുകൾ ചെയ്യുമ്പോഴും ഈ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. തുടർന്ന് മകന്റെ നിർദേശപ്രകാരം വീണ്ടും ഡോക്ടറെ കണ്ടപ്പോൾ ഇ.സി.ജിയിൽ വേരിയേഷൻ കണ്ടെത്തുകയും കൂടുതൽ പരിശോധനകൾക്ക് ശേഷം ശസ്ത്രക്രിയ ആവശ്യമാണെന്ന് അറിയിക്കുകയുമായിരുന്നു,’ കണ്ണൻ പറഞ്ഞു.

ശസ്ത്രക്രിയയ്ക്ക് ഏകദേശം ആറ് ലക്ഷം രൂപ ചെലവ് വരുമെന്ന് അറിഞ്ഞതോടെ വലിയ പ്രതിസന്ധിയിലായെന്ന് കണ്ണൻ സാഗർ പറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന തനിക്ക് ആ തുക കണ്ടെത്തുക എളുപ്പമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് രമേഷ് പിഷാരടിയെ ബന്ധപ്പെട്ട് മമ്മൂട്ടി ഫൗണ്ടേഷന്റെ സഹായത്തെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും കഴിയുമെങ്കിൽ സഹായിക്കണമെന്നും ആവശ്യപ്പെട്ട് സന്ദേശമയച്ചത് എന്നും നടൻ പറഞ്ഞു.

‘ഞാൻ മറുപടി പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ രാത്രി 12 മണിയോടെ പിഷാരടിയുടെ മെസ്സേജ് വന്നു. മമ്മൂക്കയുടെ മാനേജരുടെ നമ്പർ തന്നിട്ട് രാവിലെ വിളിക്കാൻ പറഞ്ഞു. പിന്നീട് മെഡിക്കൽ റിപ്പോർട്ടുകളൊക്കെ അയച്ചുകൊടുത്തു. രാജഗിരി ആശുപത്രിയിൽ അഡ്മിറ്റ് ആകാൻ പറഞ്ഞു. പിന്നെ കാര്യങ്ങളൊക്കെ പെട്ടെന്ന് നടന്നു. മമ്മൂക്കയുടെ ഫൗണ്ടേഷൻ തന്നെയാണ് ഓപ്പറേഷന്റെ ചെലവ് ഏറ്റെടുത്തത്,’ കണ്ണൻ സാഗർ പറഞ്ഞു.

കടം വാങ്ങി ചികിത്സ നടത്താമായിരുന്നെങ്കിലും അതോടെ വലിയ ബാധ്യതയാകുമായിരുന്നു. ഈ സഹായം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലെന്നും മമ്മൂട്ടിയെ നേരിൽ കാണണമെന്നത് തന്റെ വലിയ ആഗ്രഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.

മമ്മൂട്ടി. Photo: facebook

‘ഇത് എന്റെ രണ്ടാം ജന്മമാണ്. മമ്മൂക്കയെ കാണണം, അദ്ദേഹത്തിന്റെ കാൽ ഒന്ന് തൊട്ട് തൊഴണം. അത്രയും പണം തന്നല്ലോ, നമ്മളെ ചേർത്തുനിർത്തിയല്ലോ. അദ്ദേഹവും കുടുംബവും ആരോഗ്യത്തോടെയും സൗഖ്യത്തോടെയും ഇരിക്കണമെന്നാണ് ഞാൻ എപ്പോഴും പ്രാർഥിക്കുന്നത്,’ കണ്ണൻ സാഗർ പറഞ്ഞു.

Content Highlight: Actor Kannan Sagar talks about the support he received from the Mammootty Foundation

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more