| Wednesday, 10th June 2026, 6:12 pm

കുഞ്ഞിക്കൂനനിലെ വാസു അണ്ണന്‍ ചെയ്യാന്‍ പറ്റാത്തതില്‍ സങ്കടമായെന്ന് ഷാജോണ്‍; ദൃശ്യം 3യിലൂടെ വിഷമം മാറിയില്ലേ എന്ന് സോഷ്യല്‍ മീഡിയ

അശ്വിന്‍ രാജേന്ദ്രന്‍

മിമിക്രിയിലൂടെ അഭിനത്തിലേക്ക് കാലെടുത്ത് വെച്ച് ഒരുപാട് വര്‍ഷം ജൂനിയര്‍ ആര്‍ടിസ്റ്റായി മലയാള സിനിമയില്‍ തുടരുകയും പിന്നീട് വില്ലന്‍ വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയും ചെയ്ത അഭിനേതാവാണ് കലാഭവന്‍ ഷാജോണ്‍. ഓര്‍ത്തു ചിരിക്കാന്‍ പറ്റിയ ഒട്ടനവധി കഥാപാത്രങ്ങള്‍ മലയാള സിനിമയ്ക്ക് താരം സമ്മാനിച്ചിട്ടുണ്ടെങ്കിലും 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലെ സഹദേവന്‍ എന്ന പൊലീസ് കഥാപാത്രമായിട്ടായിരിക്കും ഷാജോണിനെ എന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുക.

മലയാള സിനിമ കണ്ട ഏറ്റവും മികച്ച ക്രൈം ത്രില്ലര്‍ ചിത്രമായ ദൃശ്യത്തില്‍ ജോര്‍ജ് കുട്ടിയെയും കുടുംബത്തെയും കുടുക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരനായിട്ടായിരുന്നു സഹദേവന്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ജോര്‍ജ് കുട്ടി എന്ന നാലാം ക്ലാസുകാരന്റെ ബുദ്ധിയ്ക്ക് മുന്നില്‍ പെട്ടുപോയ സഹദേവനെ നാട്ടുകാര്‍ അടിച്ചോടിക്കുകയായിരുന്നു. ചിത്രത്തിന് 2021ല്‍ രണ്ടാം ഭാഗം പുറത്തിറങ്ങിയെങ്കിലും ഷാജോണിന് ചിത്രത്തില്‍ വേഷമുണ്ടായിരുന്നില്ല. എന്നാല്‍ ഏവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ മാസം പുറത്തിറങ്ങിയ ദൃശ്യം 3യില്‍ സഹദേവന്‍ സര്‍പ്രൈസ് എന്‍ട്രി നടത്തിയത്.

സഹദേവന്‍. Photo: X.com

കഥാപാത്രത്തിന്റെ രൂപത്തിന്റെ പേരില്‍ വലിയ ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. സഹദേവന് എന്ന കഥാപാത്രത്തിന് ഭീകരത തോന്നിപ്പിക്കാനായി കണ്ണിന് നല്‍കിയ ചുവപ്പ് നിറത്തിന്റെ പേരിലായിരുന്നു ട്രോളുകള്‍. മലയാളത്തിലെ ശ്രദ്ധേയ വില്ലന്‍ കഥാപാത്രമായ കുഞ്ഞിക്കൂനലിലെ വാസു അണ്ണനുമായി ഉപമിച്ചായിരുന്നു പരിഹാസങ്ങളില്‍ ഭൂരിഭാഗവും.

എന്നാല്‍ കുഞ്ഞിക്കൂനനിലെ വാസു അണ്ണന്‍ എന്ന കഥാപാത്രം താന്‍ ചെയ്യേണ്ടിയിരുന്നതായിരുന്നുവെന്നും അവസാന ഘട്ടത്തില്‍ വേഷം തനിക്ക് കിട്ടാതെ പോകുകയുമായിരുന്നുവെന്ന് പറയുന്ന ഷാജോണിന്റെ പഴയ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ ശ്രദ്ധിക്കപ്പെടുന്നത്. കുഞ്ഞിക്കൂനനില്‍ മേക്കപ്പ് ടെസ്റ്റെല്ലാം കഴിഞ്ഞ് ഹാപ്പിയായി താന്‍ വീട്ടില്‍ പോയതായിരുന്നുവെന്നും മറ്റെന്തോ കാരണം കൊണ്ട് അത് നടക്കാതെ പോകുകയായിരുന്നുവെന്നും ഷാജോണ്‍ പറഞ്ഞു.

വീഡിയോ വീണ്ടും വൈറലായതോടെ അടുത്ത ട്രോളുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഷാജോണിന്റെ ഈ സങ്കടം അറിഞ്ഞ ജീത്തു ജോസഫ് അതുപോലെ ഒരു റോള്‍ തന്നെ തന്റെ ചിത്രത്തില്‍ നല്‍കുകയായിരുന്നുവെന്നാണ് ട്രോളന്മാരുടെ വാദം. സി.ഐ.ഡി മൂസയിലെ തൊരപ്പന്‍ കൊച്ചുണ്ണിയെ പോലെ അതുതന്നെ അടിച്ചുമാറ്റി തരുമെന്ന് ജീത്തു പറഞ്ഞിട്ടുണ്ടാകുമെന്നും കമന്റുകളുണ്ട്.

ദൃശ്യം 3. Photo: X.com

കണ്ണിന് നല്‍കിയ ചുവപ്പ് നിറം അല്പം കൂടിപ്പോയതാണെന്ന് അംഗീകരിച്ചുകൊണ്ട് സംവിധായകന്‍ ജീത്തു ജോസഫ് തന്നെ രംഗത്തെത്തിയിരുന്നു. കഥാപാത്രത്തിന് ഭീകരത തോന്നിപ്പിക്കാന്‍ വേണ്ടി അങ്ങനെ ചെയ്തതാണെന്നും അത് ചില സീനുകളില്‍ കൂടിപ്പോയെന്നുമായിരുന്നു സംവിധായകന്‍ പറഞ്ഞത്.

Content Highlight: Actor Kalabhavan Shajon talks about his missed  chance to act as Vasu in Kunjikoonan Movie in view of Drishaym 3

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more