മിമിക്രിയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടനാണ് കലാഭവൻ ഷാജോൺ. മൈ ഡിയർ കരടി, മൈ ബോസ്, താപ്പാന, രസികൻ, റൺവേ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. എന്നാൽ 2013ൽ ജീത്തു ജോസഫ് സംവിധാനം ചെയ്ത ‘ദൃശ്യം’ എന്ന ചിത്രത്തിലെ സഹദേവൻ എന്ന പൊലീസ് കഥാപാത്രത്തിലൂടെയാണ് ഷാജോൺ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.
ഒരു കാലത്ത് സിനിമയിൽ ഒരാൾ ഒരു മേഖലയിൽ മാത്രം തുടരണമെന്ന ചിന്താഗതി നിലനിന്നിരുന്നുവെന്ന് പറയുകയാണ് ഷാജോൺ. നടൻ സംവിധാനത്തിലേക്കോ എഴുത്തിലേക്കോ പോകുന്നത് തന്റെ അഭിനയ അവസരങ്ങളെ ബാധിക്കുമെന്ന തരത്തിലുള്ള ആശങ്കകൾ അന്ന് ഉണ്ടായിരുന്നെന്നും എന്നാൽ ഇന്ന് സിനിമയിലെ സാഹചര്യങ്ങൾ ഏറെ മാറിയെന്നും ഷാജോൺ പറഞ്ഞു. ക്ലബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
ലാഭവൻ ഷാജോൺ. Photo. Screen Grab/ Youtube
‘മുൻപൊക്കെ ഒരാൾ ഒരു കാര്യം ചെയ്താൽ അതുമാത്രമേ ചെയ്യാൻ പാടുള്ളൂ എന്നൊക്കെയുണ്ടായിരുന്നു. ഒരു നടനാണെങ്കിൽ ഡയറക്ട് ചെയ്യാൻ പാടില്ല, എഴുതാൻ പോകരുത്, ചാൻസ് പോകും എന്നൊക്കെ പറയുമായിരുന്നു. പിന്നീട് ആളുകൾ മാറി, അവരുടെ ചിന്തകളും മാറി. ഇപ്പോൾ അതൊന്നും വലിയ പ്രശ്നമല്ല. ആക്ടേഴ്സ് തന്നെ സംവിധാനം ചെയ്യുന്നുണ്ട്, എഴുതുന്നുണ്ട്. ഡയറക്ടേഴ്സ് അഭിനയിക്കുന്നുണ്ട്. മ്യൂസിക് ഡയറക്ടർ സിനിമ സംവിധാനം ചെയ്യുന്നുണ്ട്. എല്ലാത്തിനും ഇവിടെ ഒരു സ്പേസുണ്ട്. നമ്മൾ ഹാർഡ് വർക്ക് ചെയ്യുക എന്നുള്ളതാണ് പ്രധാനം,’ ഷാജോൺ പറഞ്ഞു.
മാർത്താണ്ഡൻ,കലാഭവൻ ഷാജോൺ. Photo. Screen Grab/ Youtube
2019ൽ താൻ സംവിധാനം ചെയ്യാൻ ഒരുങ്ങിയപ്പോഴും സമാനമായ ഉപദേശങ്ങൾ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ചിരുന്നുവെന്നും ഷാജോൺ ഓർത്തെടുത്തു. ‘നീ ഇപ്പോൾ ഡയറക്ട് ചെയ്യാൻ പോകരുത്, സിനിമകളൊക്കെ ഉള്ള സമയമാണ്. ഇനിയിപ്പോൾ അഭിനയിക്കാൻ തുടങ്ങുമ്പോൾ പണി കിട്ടും എന്നൊക്കെ സുഹൃത്തുക്കൾ പറഞ്ഞു. പക്ഷേ ഞാൻ ഡയറക്ട് ചെയ്തിട്ട് ആദ്യം പോയി അഭിനയിച്ചത് മമ്മൂക്കയുടെ ഷൈലോക്കിലാണ്. ഇപ്പോൾ അങ്ങനെയുള്ള പ്രശ്നങ്ങളൊന്നുമില്ല. നമ്മളെല്ലാവരും അങ്ങോട്ടുമിങ്ങോട്ടും സപ്പോർട്ട് ചെയ്യും,’ ഷാജോൺ കൂട്ടിച്ചേർത്തു.