1995ല്‍ പുറത്തിറങ്ങിയ മഴവില്‍ക്കൂടാരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അഭിനേതാവാണ് ജോജു ജോര്‍ജ്. തെണ്ണൂറുകളിലും രണ്ടായിരങ്ങളിലും എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായ ജോജു ശ്രദ്ധിക്കപ്പെടുന്നത് 2013ല്‍ പുറത്തിറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് മലയാള സിനിമയില്‍ നായകനായും അരങ്ങേറ്റം കുറിച്ച താരം ജോസഫ്, പൊറിഞ്ചു മറിയം ജോസ്, ഇരട്ട തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെയും ഭാഗമായിരുന്നു.
അഭിനയത്തിന് പുറമെ പണി എന്ന ഹിറ്റ് ചിത്രത്തിലൂടെ സംവിധായകനായും ചാര്‍ളി എന്ന ചിത്രത്തിലൂടെ നിര്‍മാതാവായും ജോജു മലയാള സിനിമയില്‍ സ്ഥാനം കണ്ടെത്തിയിരുന്നു. താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ്. ജൂലൈ 16ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തില്‍ ജോജുവിന് പുറമെ അര്‍ജുന്‍ അശോകന്‍, മുരളി ഗോപി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.
വരവ്. Photo: IMDB
ചിത്രവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ സംവിധായകരായ ജോഷിയെ കുറിച്ചും ഷാജി കൈലാസിനെ കുറിച്ചും തന്റെ കരിയറില്‍ വന്ന മാറ്റങ്ങളെ കുറിച്ചും ജോജു പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘എന്നെ ഇടിക്കാന്‍ പഠിപ്പിച്ച ആളാണ് ഇവിടെ ഇരിക്കുന്ന ജോഷി സാര്‍. മുടിയെല്ലാം നരച്ചതാക്കി ജോസഫ് അഭിനയിക്കുന്ന സമയത്ത് എന്നെ വിളിച്ച് പൊറിഞ്ചു ആക്കിയതും അദ്ദേഹമാണ്. അതെനിക്ക് ചെയ്യാന്‍ പറ്റുമോ എന്ന് പോലും അറിയില്ലായിരുന്നു. ആ വേഷം എന്നെ വെച്ച് ചെയ്ത് എനിക്ക് ധൈര്യം തന്നത് ജോഷി സാറാണ്. ജോഷി സാറിന്റെ സിനിമയിലും ഞാന്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്, ഷാജി സാറിന്റെ ബാബ കല്യാണി എന്ന ചിത്രത്തിലും ഞാന്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിച്ചിട്ടുണ്ട്. ലാലേട്ടനെ ആദ്യമായി ക്ലോസ് റേഞ്ചില്‍ കണ്ടത് ആ പടത്തില്‍ വെച്ചാണ്.
പൊറിഞ്ചു മറിയം ജോസ് Photo: The Hindu
അതിന് മുമ്പ് വല്ല്യേട്ടന്‍ എന്ന ചിത്രത്തിന്റെ സെറ്റിന് പുറത്ത് നിന്ന് ഷൂട്ടിങ് കാണാന്‍ അവസരമുണ്ടായി. അവിടെ നിന്നെല്ലാം മാറി ഇപ്പോള്‍ ഇത്രയും വലിയ സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്നത് ദൈവാനുഗ്രഹമാണ്. അതുകൊണ്ട് തന്നെ ഞാന്‍ വളരെയധികം സന്തോഷവാനാണ്,’ ജോജു പറഞ്ഞു.
Content Highlight: Actor Joju George talks about Director Joshiy and Shaji Kailas