| Sunday, 18th January 2026, 10:44 am

നന്‍മ്പന്‍ ഒരു പൊങ്കല്‍ റിലീസായിരുന്നു, 14 വര്‍ഷത്തിനുശേഷം അണ്ണന് വേണ്ടിയുള്ള തമ്പി പൊങ്കല്‍; ജീവ

അശ്വിന്‍ രാജേന്ദ്രന്‍

വലിയ ഒച്ചയും ബഹളവുമായി വലിയ തലവേദനയോടെയാണ് പൊങ്കലിനെ തമിഴ് സിനിമാ പ്രേമികള്‍ വരവേറ്റിരുന്നത്. ചരിത്രത്തിലില്ലാത്ത വിധം ഹൈപ്പിലെത്തിയ ജന നായകന്‍ അവസാന നിമിഷം കളം വിട്ടതോടെ ലോട്ടറിയടിച്ചെന്ന് കരുതിയ ശിവകാര്‍ത്തികേയന് അവസരം മുതലെടുക്കാന്‍ കഴിയാതെ പോയതോടെ അരങ്ങൊഴിഞ്ഞ അവസ്ഥയിലായിരുന്നു തിയേറ്ററുകള്‍.

Photo: IMDB

ഈ അവസരം മുന്നില്‍കണ്ടാണ് കാര്‍ത്തിയുടെ വാ വാത്തിയാരും, ജീവ നായകനായ തലൈവര്‍ തമ്പി തലൈമയിലും റിലീസ് നേരത്തേയാക്കി തിയേറ്ററുകളിലെത്തിയത്. വാ വാത്തിയാര്‍ നിരാശപ്പെടുത്തിയപ്പോള്‍ മറുഭാഗത്ത് വമ്പിച്ച സ്വീകരണമാണ് മലയാളിയായ നിതീഷ് സഹദേവന്‍ സംവിധാനം ചെയ്ത ടി.ടി.ടിക്ക് ലഭിക്കുന്നത്.

നിറഞ്ഞുകവിഞ്ഞ തിയേറ്ററുകളുടെയും ടിക്കറ്റിനായുള്ള നീണ്ട വരികളുടെയും ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. വലിയ ചിത്രങ്ങളുടെ അഭാവത്തില്‍ പൊളിറ്റിക്കള്‍ സറ്റയര്‍ ഴോണറില്‍ കഥ പറയുന്ന ചിത്രം ഇതിനോടകം തന്നെ മുതല്‍മുടക്ക് തിരിച്ചുപിടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കവെ നടന്‍ ജീവ വിജയ്‌യെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ജന നായകന്‍ റിലീസ് മാറ്റിവെച്ചതിനെക്കുറിച്ചും താരവുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് ജീവ സംസാരിച്ചത്.

വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ നന്‍മ്പനിലൂടെ അവസരം ലഭിച്ചിരുന്നുവെന്നും അതൊരു പൊങ്കല്‍ റിലീസായിരുന്നുവെന്നും താരം പറഞ്ഞു. 14 വര്‍ഷങ്ങള്‍ക്ക് ശേഷം അണ്ണനുവേണ്ടി ഈ പൊങ്കലിന് തമ്പിയുടെ റിലീസാണിതെന്നും അദ്ദേഹം പറഞ്ഞു. താനും വിജയ് സാറുമായുള്ള ബോണ്ടിനെക്കുറിച്ച് പറഞ്ഞുതരാന്‍ തനിക്കറിയില്ലെന്നും എപ്പോഴും അദ്ദേഹത്തിന്റെ സപ്പോര്‍ട്ട് തനിക്കുണ്ടെന്നും ജീവ കൂട്ടിച്ചേര്‍ത്തു.

Photo: The HIndu

സുധാ കൊങ്കര സംവിധാനം ചെയ്ത് ശിവകാര്‍ത്തികേയന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ പരാശക്തിയെയും തമിഴ്‌നാട്ടില്‍ വലിയ മാര്‍ക്കറ്റ് വാല്യൂവുള്ള കാര്‍ത്തിയെയും പിന്നിലാക്കിയാണ് ജീവയുടെ തേരോട്ടം. കരിയറില്‍ തുടര്‍ച്ചയായി പരാജയങ്ങള്‍ നേരിട്ട ശേഷമുള്ള ജീവയുടെ മടങ്ങിവരവാണ് ചിത്രം.

സംവിധായകനുള്‍പ്പടെ ഒട്ടേറെ മലയാളികള്‍ അണിയറയില്‍ പ്രവര്‍ത്തിച്ച ടി.ടി.ടി തമിഴ്‌നാട് ബോക്‌സ് ഓഫീസിലേക്കുള്ള ജീവയുടെ ശക്തമായ തിരിച്ചുവരവാണ്. കണ്ണന്‍ രവി നിര്‍മ്മിച്ച ചിത്രത്തില്‍ പ്രാര്‍ത്ഥന നാഥന്‍, തമ്പി രാമയ്യ, മീനാക്ഷി ദിനേശ്, അനുരാജ് ഒ.ബി തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നു.

Content Highlight: Actor Jiiva talks about his relationship with actor Vijay while his New Movie TTT gets good response

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more