2003-ൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊണ്ട് കമൽ സംവിധാനം ചെയ്ത ചിത്രമാണ് സ്വപ്നകൂട്. ഇപ്പോഴിതാ ‘സ്വപ്നക്കൂട്’ സിനിമയിൽ അഭിനയിച്ച കാലത്തെ രസകരമായ ഓർമകൾ പങ്കുവെക്കുകയാണ് നടൻ ജയസൂര്യ.
സിനിമയിൽ ആര് കൂടുതൽ ശ്രദ്ധിക്കപ്പെടുമെന്നോ ആര് മറ്റുള്ളവരെക്കാൾ നന്നായി അഭിനയിക്കുമെന്നോ അന്ന് തങ്ങൾ ചിന്തിച്ചിരുന്നില്ലെന്ന് ജയസൂര്യ പറയുന്നു. പകരം, ഓരോരുത്തർക്കും സിനിമയിലേക്ക് എന്ത് സംഭാവന ചെയ്യാൻ കഴിയുമെന്നതായിരുന്നു പ്രധാനമെന്നും താരം ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘സ്വപ്നക്കൂട് കാണുമ്പോൾ എനിക്ക് ഇപ്പോഴും ഒരുപാട് ഓർമകളാണ്. സിനിമയിൽ ഇവർ സ്കോർ ചെയ്യുമോ, അവർ സ്കോർ ചെയ്യുമോ എന്ന ചിന്ത അന്നും ഉണ്ടായിരുന്നില്ല. അത് സ്വപ്നക്കൂട് ചെയ്യുമ്പോഴായാലും അമർ അക്ബർ അന്തോണി ചെയ്യുമ്പോഴായാലും അങ്ങനെയൊരു ചിന്തയില്ല. ഓരോരുത്തർക്കും എന്തെല്ലാം സംഭാവന ചെയ്യാൻ കഴിയും എന്നതുമാത്രമാണ് ചിന്തിച്ചിരുന്നത്. മറ്റുള്ളവരെ തോൽപ്പിക്കണം എന്നൊന്നും കരുതിയിട്ടില്ല.
അന്ന് ഞങ്ങൾ മൂന്നുപേരും കുറച്ചുകൂടി ചെറുപ്പമായിരുന്നു. സെറ്റിൽ ഭയങ്കര കോമഡി ആയിരുന്നു. അതിൽ ഞാൻ തന്നെയാണ് ബ്രാൻഡ് അംബാസഡർ. കാരണം, രാജുവും ചാക്കോച്ചനും കുറച്ചുകൂടി ഗൗരവമുള്ള പശ്ചാത്തലങ്ങളിൽനിന്നും സിനിമകളിൽനിന്നുമൊക്കെയാണ് വരുന്നത്. ഞാൻ മിമിക്രിയും കാര്യങ്ങളുമൊക്കെയായിട്ടാണ് സിനിമയിലെത്തിയത്. കമൽ സാർ ദേഷ്യപ്പെടുമ്പോൾ പറയും, ‘നീ ഒറ്റ ഒരുത്തൻ കാരണമാണ് ഇവർ രണ്ടുപേരെയും ചീത്തയാക്കുന്നത്’ എന്ന്. അതൊക്കെ ഭയങ്കര രസമുള്ള ഓർമകളാണ്,’ നടൻ പറഞ്ഞു.
‘സ്വപ്നക്കൂട്’ കാലത്തെ കുഞ്ചാക്കോ ബോബന്റെ പ്രണയത്തെക്കുറിച്ചുള്ള ഓർമയും ജയസൂര്യ പങ്കുവെച്ചു. അന്ന് പ്രിയയുടെ ചിത്രം മറ്റുള്ളവരെ കാണിക്കാതെ തനിക്ക് കാണിച്ചുതന്നതും ഇരുവരും വൈകുന്നേരങ്ങളിൽ നടക്കാൻ പോയിരുന്നതുമെല്ലാം ഇന്നും ഓർമയിലുണ്ടെന്ന് താരം പറഞ്ഞു.
‘ചാക്കോച്ചന്റെ പ്രണയത്തിന്റെ സമയമാണ്. ആർക്കും കാണിച്ചുകൊടുക്കാതെ പ്രിയയുടെ ഫോട്ടോ എനിക്ക് കാണിച്ചുതരും. ‘ഇതാണ് ഞാൻ കെട്ടാൻ പോകുന്ന പെണ്ണ്’ എന്ന് പറഞ്ഞാണ് കാണിക്കുന്നത്. ഞങ്ങൾ വൈകുന്നേരങ്ങളിൽ നടക്കാൻ പോകുമായിരുന്നു. ഞങ്ങളുടെ കാഴ്ചപ്പാടിൽ അതൊക്കെ നല്ല ഓർമകളാണ്. പക്ഷേ, പ്രൊഡ്യൂസറുടെ കാഴ്ചപ്പാടിൽ അതൊന്നും അത്ര നല്ല ഓർമകളായിരിക്കില്ല,’ ജയസൂര്യ തമാശയോടെ പറഞ്ഞു.
പൃഥ്വിരാജും കുഞ്ചാക്കോ ബോബനും താനും തമ്മിലുള്ള സൗഹൃദവും ‘സ്വപ്നക്കൂട്’ ചിത്രീകരണകാലത്തെ മറ്റൊരു പ്രത്യേകതയായിരുന്നു. കേരളത്തിന് പുറത്തുപോയി ഷൂട്ട് ചെയ്തതും ഭാവനയും മീര ജാസ്മിനും ലൊക്കേഷനിൽ തമാശകളും ബഹളങ്ങളുമായി നിറഞ്ഞുനിന്നതുമെല്ലാം ആ കാലത്തെ അനുഭവങ്ങൾ കൂടുതൽ മനോഹരമാക്കിയെന്നും ജയസൂര്യ ഓർത്തെടുത്തു.
‘രാജുവും ചാക്കോച്ചനും ഞാനും തമ്മിലുള്ള സൗഹൃദം ഭയങ്കര രസമുള്ളതായിരുന്നു. നമ്മുടെ നാട് വിട്ട് പുറത്തുപോയി ഷൂട്ട് ചെയ്യുക എന്നതൊക്കെ പുതിയൊരു അനുഭവമല്ലേ. ഭാവനയും മീരയും ലൊക്കേഷനിൽ എപ്പോഴും ബഹളവും തമാശയും കളിയും ചിരിയുമൊക്കെയായി ഉണ്ടാകും. കമൽ സാറിന് അവിടെ നിന്ന് ‘സൈലൻസ്’ എന്ന് പറയാനേ നേരമുണ്ടായിരുന്നുള്ളൂ,’ ജയസൂര്യ പറഞ്ഞു.
സ്വപ്നകൂട് ഷൂട്ടിങ് ലൊക്കേഷനിൽ കൂടുതൽ സ്വാതന്ത്രം ഉണ്ടായിരുന്നെന്നും അവിടെ നിന്ന് കുറെ കാര്യങ്ങൾ പഠിക്കാനും സാധിച്ചെന്നും താരം പറഞ്ഞു.
‘കമൽ സാർ ഞങ്ങൾക്ക് ഒരുപാട് സ്വാതന്ത്ര്യം തന്നിരുന്നു. സിനിമയിലേക്ക് പല കാര്യങ്ങളും സംഭാവന ചെയ്യാനുള്ള അവസരവുമുണ്ടായിരുന്നു. അന്ന് ഞങ്ങൾ സ്വന്തം നിലയിൽ ഒരുപാട് കാര്യങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. അതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ വലിയ സന്തോഷമാണ്,’ ജയസൂര്യ പറഞ്ഞു.
സ്വപ്നക്കൂട്. Photo. IMDb
പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ ആണ് ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം. ജയസൂര്യ- വിനായകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒക്ടോബർ 22ന് തിയറ്ററുകളിൽ എത്തും. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും, ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയസൂര്യ, വിനായകൻ എന്നിവർക്കൊപ്പം നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight:Actor Jayasurya shares some amusing memories from the time he acted in the film ‘Swapnakoodu’.