‘ഇമ്മിണി നല്ലൊരാൾ’ എന്ന സിനിമയ്ക്ക് ശേഷം ഒരു വർഷത്തോളം സിനിമകളിൽ നിന്ന് മാറിനിന്നിരുന്നുവെന്ന് തുറന്ന് പറഞ്ഞ് നടൻ ജയസൂര്യ. പിന്നീട് മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ‘ബസ് കണ്ടക്ടർ’ എന്ന ചിത്രത്തിലെ വില്ലൻ ഷേഡുള്ള കഥാപാത്രത്തിലൂടെയാണ് പുതിയ വേഷങ്ങളിലേക്ക് കടന്നതെന്നും വില്ലൻ കഥാപാത്രങ്ങൾ ചെയ്യുമ്പോഴാണ് അഭിനയത്തിൽ ഒരു പ്രത്യേക സന്തോഷം കണ്ടെത്തിയതെന്നും ജയസൂര്യ പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ ടൈറ്റൻസിന്റെ പ്രൊമോഷന്റെ ഭാഗമായി എഫ്.ടി.ക്യൂ വിത്ത് രേഖ മേനോൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘ഇമ്മിണി നല്ലൊരാൾ എന്ന സിനിമയ്ക്ക് ശേഷം ഒരു വർഷം ഞാൻ സിനിമകളൊന്നും ചെയ്തില്ല. എന്താണ് എക്സൈറ്റിങ് എന്ന് അറിയാത്ത ഒരവസ്ഥയായിരുന്നു അന്ന്. എന്ത് ചെയ്താലാണ് ആവേശം തോന്നുകയെന്നും അറിയില്ലായിരുന്നു. കഥകൾ കേൾക്കുമ്പോൾ ഇനി മുമ്പ് ചെയ്തതുപോലെയുള്ള വേഷങ്ങൾ വേണ്ടെന്ന നിലപാടിലായിരുന്നു.
ജയസൂര്യ. Photo: Screen Grab/ Youtube
പിന്നീട് ചെയ്തത് മമ്മൂക്കയുടെ കൂടെയുള്ള ‘ബസ് കണ്ടക്ടർ’ എന്ന സിനിമയാണ്. അതിൽ ചെറിയൊരു വില്ലൻ ഷേഡുള്ള കഥാപാത്രമായിരുന്നു. പിന്നെ കുറച്ച് വില്ലൻ വേഷങ്ങൾ ചെയ്യാമെന്ന് തോന്നി. അങ്ങനെയാണ് ‘ഇയ്യോബിന്റെ പുസ്തകം’ പോലുള്ള സിനിമകളിലേക്ക് എത്തുന്നത്. അങ്ങനെ വേറിട്ട കഥാപാത്രങ്ങൾ ചെയ്തപ്പോഴാണ് അതിൽ ഒരു പ്രത്യേക സന്തോഷമുണ്ടെന്ന് തിരിച്ചറിഞ്ഞത്,’ ജയസൂര്യ പറഞ്ഞു.
വില്ലൻ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ ലഭിക്കുന്ന ആവേശമാണ് തന്റെ ഉള്ളിലുള്ള നടനെ കൂടുതൽ തിരിച്ചറിയാൻ സഹായിച്ചതെന്നും ജയസൂര്യ പറയുന്നു. അതിലൂടെ അഭിനയത്തിന് പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കും നല്ല സിനിമകളുടെ ഭാഗമാകുന്നതിലേക്കും എത്താൻ കഴിഞ്ഞു. എന്നാൽ തന്റെ തീരുമാനങ്ങൾ എക്കാലത്തും ഒരുപോലെയായിരിക്കണമെന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.
‘വില്ലൻ കഥാപാത്രങ്ങൾ ചെയ്യുമ്പോൾ പ്രേതേകിച്ച് ഒരു ഹൈ കിട്ടാറുണ്ട്. അങ്ങനെയാണ് എന്നിലുള്ള നടനെ തിരിച്ചറിയാനും അഭിനയത്തിലൂടെ സന്തോഷം കണ്ടെത്താനും കഴിഞ്ഞതെന്ന് തോന്നുന്നു. അതുകൊണ്ടാണ് ഇപ്പോൾ പെർഫോമൻസിന് പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്കും നല്ല സിനിമകളിലേക്കുമൊക്കെ കടന്നത്. പക്ഷേ, ഈ വർഷം എടുത്ത തീരുമാനമായിരിക്കില്ല അടുത്ത വർഷവും ഉണ്ടാകുക. കാലത്തിനനുസരിച്ച് തീരുമാനങ്ങൾ മാറിക്കൊണ്ടിരിക്കും,’ നടൻ വ്യക്തമാക്കി.
സിനിമകളുടെ വിജയവും പരാജയവും അമിതമായി ചിന്തിച്ച് നടക്കാറില്ലെന്നും സ്വന്തം ജോലി ആത്മാർഥമായി ചെയ്യുക എന്നതാണ് തന്റെ രീതിയെന്നും ജയസൂര്യ പറയുന്നു. ഒരു സിനിമ വിജയിച്ചുകഴിഞ്ഞാൽ അതിനെക്കുറിച്ച് തുടർച്ചയായി ചിന്തിക്കുന്നതിനേക്കാൾ അടുത്ത ജോലിയിലേക്ക് കടക്കാനാണ് താത്പര്യമെന്നും താരം വ്യക്തമാക്കി.
‘ഞാനെപ്പോഴും ഹാപ്പിയാണ്. കാര്യങ്ങളൊന്നും എന്നെ അധികം ബാധിക്കാറില്ല. എന്റെ ജോലി ചെയ്യുക, കർമം ചെയ്യുക, തിരിച്ചുപോവുക അത്രയേ ഉള്ളൂ. ഒരു സിനിമ വരുന്നു, അത് വിജയിക്കുന്നു. അതുകഴിഞ്ഞ് അതിനെക്കുറിച്ച് ഒരുപാട് ചിന്തകളും കൊണ്ടുനടക്കേണ്ട കാര്യമെന്താണ്. അങ്ങനെ അധികം ആലോചിച്ചുകൊണ്ടിരിക്കാറില്ല,’ ജയസൂര്യ പറഞ്ഞു.
ജയസൂര്യ. Photo: Screen Grab/ Youtube
പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ ആണ് ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം. ജയസൂര്യ- വിനായകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒക്ടോബർ 22ന് തിയറ്ററുകളിൽ എത്തും. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും, ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയസൂര്യ, വിനായകൻ എന്നിവർക്കൊപ്പം നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Content Highlight: Actor Jayasurya has revealed that he stayed away from films for about a year following the movie ‘Immini Nalloraal’.