| Wednesday, 21st October 2026, 11:36 am

ക്ലാസ്മേറ്റ്സിന് ശേഷമാണ് കേരളത്തിൽ 'റീയൂണിയനുകൾ' സജീവമായത്, 'കഞ്ഞിക്കുഴി’ എന്ന പേര് നിർദേശിച്ചത് ഞാനാണ്; ജയസൂര്യ

അജ്മല്‍ കെ

ക്യാമ്പസ് പശ്ചാത്തലത്തെ ആസ്പദമാക്കി 2006ൽ ലാൽ ജോസ് സംവിധാനം ചെയ്ത സിനിമയാണ് ക്ലാസ്സ്‌മേറ്റ്സ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കാവ്യ മാധവൻ, നരേൻ, ജയസൂര്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്.

ഇപ്പോഴിതാ ‘ക്ലാസ്മേറ്റ്സ്’ സിനിമയിലെ സതീശൻ കഞ്ഞിക്കുഴി എന്ന കഥാപാത്രത്തിന്റെ പേരിന് പിന്നിലെ കഥയും ചിത്രം കേരളത്തിലെ റീയൂണിയൻ സംസ്കാരത്തിലുണ്ടാക്കിയ സ്വാധീനത്തെ കുറിച്ചതും സംസാരിക്കുകയാണ് നടൻ ജയസൂര്യ. കോട്ടയത്തുള്ള ‘കഞ്ഞിക്കുഴി’ എന്ന സ്ഥലത്തിന്റെ പേര് കേൾക്കുമ്പോഴുള്ള കൗതുകമാണ് കഥാപാത്രത്തിന്റെ പേരിനൊപ്പം കഞ്ഞിക്കുഴി ചേർക്കാൻ പ്രേരിപ്പിച്ചതെന്ന് ജയസൂര്യ പറഞ്ഞു. തന്റെ ഏറ്റവും പുതിയ ചിത്രമായ ടൈറ്റൻസിന്റെ പ്രൊമോഷന്റെ ഭാഗമായി ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

ജയസൂര്യ, . Photo. Screen Grab/ Youtube.com

‘ആദ്യം ഈ കഥാപാത്രത്തിന്റെ പേര് സതീശൻ കഞ്ഞിക്കുഴി എന്നായിരുന്നില്ല. വേറെ എന്തോ പേരായിരുന്നു. പിന്നീട് ഞാൻ സംവിധായകൻ ലാൽ ജോസിനോട് കോട്ടയത്ത് കഞ്ഞിക്കുഴി എന്ന് പറയുന്ന സ്ഥലമുണ്ടെന്നും ആ പേര് കേൾക്കുമ്പോൾ ഒരു ഫൺ ഉണ്ടെന്നും പറഞ്ഞു. പേരിന്റെ വാലായി കഞ്ഞിക്കുഴി ചേർത്താലും കുഴപ്പമില്ലല്ലോ എന്ന് ചോദിച്ചപ്പോൾ, ‘അതിനെന്താ കുഴപ്പം, നമുക്ക് ചെയ്യടാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയാണ് സതീശൻ കഞ്ഞിക്കുഴി എന്ന പേര് വരുന്നത്,’ ജയസൂര്യ പറഞ്ഞു.

കോളേജ് കാലത്തെ അനുഭവങ്ങളും സതീശൻ കഞ്ഞിക്കുഴി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ സഹായിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. കോളേജിൽ പഠിച്ചിരുന്ന സമയത്ത് സീനിയർ വിദ്യാർഥികൾ മുണ്ട് മടക്കിക്കുത്തിയിരുന്ന രീതിയും സീനിയർ ചേട്ടന്മാർ സമരത്തിനിറങ്ങുന്നതുമെല്ലാം അടുത്തറിയാമായിരുന്നു. ഇത്തരം അനുഭവങ്ങൾ സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിൽ ഏറെ സഹായിച്ചെന്നും ജയസൂര്യ ഓർത്തെടുത്തു.

‘ക്ലാസ്മേറ്റ്സ്’ എന്ന സിനിമയുണ്ടാക്കിയ ഏറ്റവും വലിയ സ്വാധീനങ്ങളിലൊന്ന് റീയൂണിയനുകൾക്ക് ലഭിച്ച സ്വീകാര്യതയാണെന്നും ജയസൂര്യ പറഞ്ഞു. പഴയ സഹപാഠികളെ വീണ്ടും കണ്ടുമുട്ടുന്നതിനായി നിരവധി പേർ ഒത്തുചേരലുകൾ സംഘടിപ്പിക്കാൻ തുടങ്ങിയത് സിനിമയുടെ സ്വാധീനം കൊണ്ടാണെന്നും താരം വ്യക്തമാക്കി.

‘എത്ര പേരാണ് റീയൂണിയൻ എന്നുപറഞ്ഞ് പരിപാടികൾ തുടങ്ങിയത്. ഒരു സിനിമയ്ക്ക് ഇതിൽക്കൂടുതൽ എന്ത് ഇംപാക്ടാണ് ഉണ്ടാക്കാൻ കഴിയുക. പഴയ സുഹൃത്തുക്കളെയെല്ലാം വീണ്ടും കാണുന്നതിൽ ഇത്രയും സന്തോഷമുണ്ടെന്ന് ആളുകൾക്ക് മനസിലാക്കിക്കൊടുത്തതിൽ ക്ലാസ്മേറ്റ്സിന് പങ്കുണ്ട്. അത്തരം ഒത്തുചേരലുകൾക്ക് ഈ സിനിമ ഒരു കാരണമായിട്ടുണ്ട്,’ ജയസൂര്യ പറഞ്ഞു.

മികച്ച തിരക്കഥയും മനോഹരമായ ഓർമകളും സമ്മാനിച്ച ചിത്രമാണ് ‘ക്ലാസ്മേറ്റ്സ്’ എന്നും താരം കൂട്ടിച്ചേർത്തു. രാജീവ് രവി ആയിരുന്നു ചിത്രത്തിന്റെ ഛായാഗ്രാഹകൻ. പൃഥ്വിരാജ്, ഇന്ദ്രജിത്ത് എന്നിവരടക്കമുള്ള താരങ്ങൾക്കൊപ്പമുള്ള ചിത്രീകരണ അനുഭവങ്ങളും ഇന്നും മനസിൽ സൂക്ഷിക്കുന്ന മനോഹരമായ ഓർമകളാണെന്നും ജയസൂര്യ പറഞ്ഞു.

ക്ലാസ്സ്‌മേറ്റ്സ്. Photo. IMDb

പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസ്’ ആണ് ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം. ജയസൂര്യ- വിനായകൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒക്ടോബർ 22ന് തിയറ്ററുകളിൽ എത്തും. നേരമ്പോക്ക്, മാനുവൽ മൂവി മേക്കേഴ്‌സ്, അവനിർ ടെക് എന്നീ ബാനറുകളിൽ മിഥുൻ മാനുവൽ തോമസും ഇർഷാദ് എം. ഹസനും, ബാബു ഏട്ടൻ ഫിലിംസിന്റെ ബാനറിൽ പ്രദീപ് സി.എസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജയസൂര്യ, വിനായകൻ എന്നിവർക്കൊപ്പം നിഹാൽ, ബേബി ജീൻ, സണ്ണി വെയ്ൻ, ഇന്ദ്രൻസ്, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Content Highlight:Actor Jayasurya discusses the story behind the name of the character ‘Satheesan Kanjikkuzhi’ from the film Classmates.

അജ്മല്‍ കെ

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more