സിനിമയിലെ കഥാപാത്രങ്ങള്‍ക്കൊപ്പം തന്നെ ചിലപ്പോള്‍ അവരെ ചുറ്റിപ്പറ്റിയുള്ള ട്രോളുകളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. അത്തരത്തില്‍ വര്‍ഷങ്ങള്‍ക്കിപ്പുറവും ട്രോളുകളില്‍ നിറഞ്ഞുനില്ക്കുന്ന കഥാപാത്രങ്ങളിലൊന്നാണ് ജയശങ്കര്‍ കാരിമുട്ടത്തിന്റേത്.
‘ആമേന്‍’, ‘പ്രേമം’, ‘മഹേഷിന്റെ പ്രതികാരം’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതനായ താരത്തിന്റെ ഏറ്റവും പുതിയ വിശേഷം ബെത്ലഹേം കുടുംബ യൂണിറ്റ് തന്നെയാണ്.
ചിത്രത്തിന്റെ ക്ലൈമാക്സില്‍ ജസ്റ്റിനെ കെട്ടിപ്പിടിക്കാന്‍ പോകുന്ന ആഷ്ലിയെ തടയാന്‍ ശ്രമിക്കുന്ന അമ്മയോട് അത് വേണ്ടെന്ന് പറയുന്ന അച്ഛനെ കാണാം. ഈ രംഗത്തെ ‘പ്രേമ’ത്തിലെ ജോര്‍ജ് എന്ന നിവിന്‍ പോളിയുടെ കഥാപാത്രവുമായി ബന്ധിപ്പിച്ചുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു.
‘പ്രേമ’ത്തില്‍ നിവിന്റെ കഥാപാത്രത്തോട് അടി കിട്ടിയതിന്റെ പേടി ഇപ്പോഴും ഉണ്ടാകുമെന്നും അതുകൊണ്ടാണ് പുള്ളി ഒരു ഫൈറ്റിന് പോകാത്തത് എന്ന തരത്തിലായിരുന്നു ചില ട്രോളുകള്‍. താന്‍ ഇത്തരം ട്രോളുകളെല്ലാം കാണാറുണ്ടെന്നും അവ ആസ്വദിക്കാറുണ്ടെന്നും പറയുകയാണ് ജയശങ്കര്‍.
‘എല്ലാ ട്രോളും ഞാന്‍ കണ്ടിരുന്നു. ‘പ്രേമത്തിലെ ജോര്‍ജിനോട് അടി കിട്ടിയതിന്റെ പേടി കാണുമല്ലോ’ എന്ന തരത്തിലുള്ള ട്രോളുകളൊക്കെ വന്നിരുന്നു. അതൊക്കെ ഞാന്‍ കണ്ടിരുന്നു. അത്തരം ട്രോളുകളെല്ലാം ഞാന്‍ ആസ്വദിക്കാറുണ്ട്,’ ജയശങ്കര്‍ പറയുന്നു.
‘ആമേന്‍’ മുതല്‍ തന്റെ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി ട്രോളുകള്‍ വന്നുതുടങ്ങിയിട്ടുണ്ടെന്നും അന്ന് സോഷ്യല്‍ മീഡിയ ഇത്രത്തോളം സജീവമല്ലാതിരുന്നതിനാല്‍ അവയ്ക്ക് ഇപ്പോഴുള്ളതുപോലെയുള്ള പ്രചാരം ലഭിച്ചിരുന്നില്ലെന്നും താരം പറയുന്നു.
‘മഹേഷിന്റെ പ്രതികാരം’ സിനിമയിലെ കഥാപാത്രവും അതിലെ രംഗങ്ങളും ഇന്നും ട്രോളുകളില്‍ ഇടംപിടിക്കുന്നുണ്ടെന്നാണ് ജയശങ്കര്‍ പറയുന്നത്.
‘ഏറ്റവും കൂടുതല്‍, 104 ട്രോളുകളെങ്ങാനും വന്നത് മഹേഷിന്റെ പ്രതികാരത്തിലാണ്. പിന്നെ വാട്സ്ആപ്പിലൊക്കെ സ്റ്റിക്കറുകള്‍ വരാന്‍ തുടങ്ങി. ഇപ്പോഴും ഉണ്ട്,’ അദ്ദേഹം പറയുന്നു.
പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ‘ജന ഗണ മന’ വെച്ചതോടെ അടി നിന്നു എന്ന തരത്തില്‍ ‘മഹേഷിന്റെ പ്രതികാര’ത്തിലെ രംഗം ഉപയോഗിച്ചുള്ള ട്രോളുകള്‍ വന്നിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ആ രംഗം സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുന്നുണ്ടെന്നും ജയശങ്കര്‍ പറയുന്നു.
‘ബെത്ലഹേം കുടുംബ യൂണിറ്റ്’ പുറത്തിറങ്ങിയതോടെ ചിത്രത്തിലെ കഥാപാത്രത്തെ മുന്‍നിര്‍ത്തിയുള്ള ട്രോളുകളും സജീവമായിട്ടുണ്ട്. ജയശങ്കറിന്റെ കഥാപാത്രത്തിന്റെ മക്കളായി അഭിനയിക്കുന്നവര്‍ക്ക് ഉറപ്പായും വിദേശത്തേക്ക് പോകേണ്ടി വരുമെന്നായിരുന്നു ഒരു ട്രോള്‍.
‘എന്നെ മക്കളായി അഭിനയിച്ചാല്‍ വിദേശത്തേക്ക് പോകാം എന്നൊരു ട്രോളുണ്ട്. ഞാന്‍ പ്രകാശനിലെ സലോമിയും ബെത്ലഹേമിലെ ആഷ്ലിയും പോയതിനെ കാണിച്ച് ‘ലക്കി ഫാദര്‍’ എന്ന രീതിയിലുള്ള ട്രോളും കണ്ടിരുന്നു. ഇതൊക്കെ ഞാനും എന്ജോയ് ചെയ്യാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ അത്ര സജീവമല്ല,’ ജയശങ്കര്‍ പറയുന്നു.
സിനിമയുടെ ചിത്രീകരണ സമയത്തെ അനുഭവങ്ങളും ജയശങ്കര്‍ പങ്കുവെച്ചു. ചിത്രത്തിന്റെ ലൊക്കേഷന്‍ ഒരു കുടുംബം പോലെയായിരുന്നുവെന്നും നൂറ് ദിവസത്തോളം നീണ്ട ഷൂട്ടിങ്ങിന് ശേഷം എല്ലാവരും പരസ്പരം പിരിയുമ്പോള്‍ വൈകാരികമായ നിമിഷങ്ങളുണ്ടായെന്നും അദ്ദേഹം പറയുന്നു.
‘ബെത്ലഹേമിന്റെ ലൊക്കേഷന്‍ ശരിക്കും ഒരു കുടുംബ യൂണിറ്റ് തന്നെയാണ്. മമിത ഗംഭീര ആര്‍ട്ടിസ്റ്റാണ്. ഡൗണ്‍ ടു എര്‍ത്താണ്. നൂറ് ദിവസത്തോളം ഷൂട്ടുണ്ടായിരുന്നു. അത് കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ പലരും കരയുകയൊക്കെയായിരുന്നു,’ ജയശങ്കര്‍ പറഞ്ഞു.
ചിത്രത്തില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രംഗത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞു. കഥാപാത്രങ്ങള്‍ തങ്ങളുടെ പ്രണയം തുറന്നുപറയുന്ന രംഗമാണ് ഏറ്റവും ഇഷ്ടമായതെന്നാണ് ജയശങ്കര്‍ പറഞ്ഞത്. ആ സീന്‍ ഭയങ്കര രസമുള്ള സീനാണ്. ആ സീനാണ് ഇഷ്ടം,’ അദ്ദേഹം പറയുന്നു.
നിവിന്‍ പോളിക്കൊപ്പം അഭിനയിച്ച ചിത്രങ്ങളെക്കുറിച്ചും ജയശങ്കര്‍ സംസാരിച്ചു. ‘പ്രേമം’, ’83’ എന്നിവയ്ക്ക് പിന്നാലെ ‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചെത്തിയിരിക്കുകയാണ്.
‘നിവിനുമായി ചെയ്ത സിനിമകളെല്ലാം ഹിറ്റാണ്. ”പ്രേമ”ത്തിലും ഞങ്ങള്‍ ഒരുമിച്ചാണ്. ’83”യിലും ചെയ്തു. ഇപ്പോള്‍ ”ബെത്ലഹേം” വന്നു,’ അതുപോലെ ഫഹദ് ഫാസിലിനൊപ്പം പ്രവര്‍ത്തിച്ച ചിത്രങ്ങളും ഹിറ്റുകളായിരുന്നു. ‘മഹേഷിന്റെ പ്രതികാരം’, ‘ആമേന്‍’, ഞാന്‍ പ്രകാശന്’ ഇപ്പോള്‍ ഫഹദ് നിര്‍മിച്ച ബെത്ലഹേമും ഹിറ്റടിച്ചു, ജയശങ്കര്‍ പറഞ്ഞു.
Content Highlight: Actor Jayashankar Karimuttam about Trolls