മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരജോഡികളാണ് ജയറാമും ഉർവശിയും. മഴവിൽക്കാവടി, കടിഞ്ഞൂൽ കല്യാണം, മാളൂട്ടി, വർത്തമാനകാലം, മധുചന്ദ്രലേഖ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ഇരുവരും സൃഷ്ടിച്ച കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷക മനസിൽ പുതുമ കൈവിടാതെ നിലനിൽക്കുന്നവയാണ്. തമാശയിലും പ്രണയത്തിലും ഒരുപോലെ തിളങ്ങിയ ഈ കൂട്ടുകെട്ടിന്റെ കെമിസ്ട്രി ഇന്നും അതേ തീവ്രതയോടെ തുടരുകയാണ്.
ഇപ്പോളിതാ താൻ എന്ത് സൈൻ ലാംഗ്വേജിൽ പറഞ്ഞാലും ഉർവശിക്കത് മനസിലാകുമെന്നും അതെന്താണെന്ന് അറിയില്ലെന്നും പറയുകയാണ് ജയറാം. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഉർവശിയുമായുള്ള അനുഭവങ്ങൾ പങ്കുവെച്ചത്.
ജയറാം, ഉർവശി,Photo; IMDb
‘ഞങ്ങൾ ഒരുമിച്ച് അഭിനയിക്കുമ്പോൾ ഞാൻ ഒരു സൈൻ ലാംഗ്വേജിൽ പറഞ്ഞാൽ പോലും ഉർവശിക്ക് മനസിലാകും. ഇപ്പോൾ ഒരുമിച്ച് ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിലും അതങ്ങനെത്തന്നെയാണ്. ടേക്കിന് മുൻപ് ഡയറക്ടറോട് പോലും പറയാതെ സൈൻ ലാംഗ്വേജിൽ എന്ത് ചെയ്യണമെന്ന് തമ്മിൽ തീരുമാനിക്കും.
ഷോട്ട് കഴിഞ്ഞാൽ ഡയറക്ടർ ‘കലക്കി’ എന്ന് പറയും. എന്റെ സൈൻ ലാംഗ്വേജ് കൃത്യമായി ഉർവശിക്ക് മനസിലാകും,’ ജയറാം ചിരിയോടെ പറഞ്ഞു. അത് എന്തുകൊണ്ടാണ് ഇങ്ങനെ പരസ്പരം മനസിലാകുന്നത് എന്ന് ചോദിച്ചാൽ അതിന് കൃത്യമായ ഉത്തരമില്ല. അതെങ്ങനെയെന്ന് അറിയില്ല എന്നും താരം കൂട്ടിച്ചേർത്തു.
ആശകൾ ആയിരം, Photo: IMDb
അതേസമയം ജയറാമും മകൻ കാളിദാസ് ജയറാമും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ‘ആശകൾ ആയിരം’ തിയേറ്ററുകളിൽ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്.
23 വർഷങ്ങൾക്ക് ശേഷമാണ് അച്ഛൻ-മകൻ കൂട്ടുകെട്ട് വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നത്. കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റെയും എന്നീ ചിത്രങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ചെത്തിയ ഈ കൂട്ടുകെട്ട് പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ്.
ജി. പ്രജിത്ത് സംവിധാനം ചെയ്ത ചിത്രത്തിൽ ആശാ ശരത്, ഇഷാനി കൃഷ്ണൻ, ഷറഫുദീൻ, രമേശ് പിഷാരടി എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
അരവിന്ദ് രാജേന്ദ്രനും ജൂഡ് ആൻ്റണി ജോസഫും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.
Content Highlight: Actor Jayaram talk about Urvashi